ന്യൂഡല്‍ഹി: ഖനി മുതലാളി ഗലി ജനാര്‍ദന റെഡ്ഡിയുടെ മകളുടെ ആഡംബര വിവാഹത്തിനെതിരെ പരാതി. കര്‍ണാടകയിലെ സാമൂഹ്യ പ്രവര്‍ത്തകനായ ടി നരസിംഹ മൂര്‍ത്തി വിവാഹ ചെലവിന്റെ അടിസ്ഥാന സ്രോതസും ചെലവ് കണക്കുകളും പരിശോധിക്കണം എന്ന് ആവശ്യപ്പെട്ട് ഇന്‍കംടാക്‌സ് ഡയറക്ടര്‍ ജനറലിന് പരാതി നല്‍കി.
2011ലെ മൈനിങ്ങ് വിവാദത്തെ തുടന്നുണ്ടായ അന്വേഷണത്തില്‍ ജനാര്‍ദന റെഡ്ഡിയുടെ സ്വത്തുക്കള്‍ ഇന്‍കംടാക്‌സ് കണ്ടുകെട്ടിയിരുന്നു. പിന്നീട് സുപ്രീം കോടതി ഇദ്ദേഹത്തിന് തടവ് ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സ്വത്തുക്കള്‍ കണ്ടുകെട്ടിയതിന് ശേഷവും ഇത്രയും ആഡംബര വിവാഹം നടത്താന്‍ റെഡ്ഡിക്ക് എങ്ങനെ പണം ലഭിച്ചു എന്നതില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് നരസിംഹ മൂര്‍ത്തി പരാതി നല്‍കിയിരിക്കുന്നത്.
എന്നാല്‍ ഇന്‍കംടാക്‌സ് അധികൃതര്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.ബി ജെ പി നേതാക്കള്‍ വിവാഹത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടി അത്തരത്തില്‍ തീരുമാനങ്ങള്‍ ഒന്നും എടുത്തിട്ടില്ലെന്ന് ബി ജെ പി നാഷണല്‍ ജനറല്‍ സെക്രട്ടറി പി മുരളീധര റാവു പറഞ്ഞു. വിവാഹം തികച്ചും വ്യക്തിപരമായ വിഷയമാണ്, ഇത്തരം കാര്യങ്ങളില്‍ പാര്‍ട്ടി ഇടപെടുന്നത് എന്തിന്നെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പ്രധാനമന്ത്രിയുടെ നോട്ട് നിരോധനം ജനങ്ങളെ മുഴുവന്‍ ദുരിതത്തിലാക്കിയിരിക്കുമ്പോള്‍ ഒരു മുന്‍ മന്ത്രി 500 കോടി ചെലവില്‍ മകളുടെ ആഡംബര വിവാഹം നടത്തുന്നത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.