ആലപ്പുഴ: കായംകുളം വെള്ളാപള്ളി കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ വിദ്യാര്‍ത്ഥി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. അപകടാവസ്ഥ തരണം ചെയ്ത വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ കോളേജിലേക്ക് മാര്‍ച്ച് നടത്തിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ കോളേജ് ഓഫിസ് അടിച്ചു തകര്‍ത്തു. അതേ സമയം വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ ശ്രമം കോളേജിനെതിരായ പരാതിയാകാതിരിക്കാനുള്ള ഗൂഢാലോചനയാണ് പോലീസ് നടത്തുന്നത്. ഇത് സംബന്ധിച്ച യാതൊരു വിവരങ്ങളും പുറത്ത് വിടാതെ കോളെജിനെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്.
മാനേജുമെന്റിന്റെ കടുത്ത പീഡനമാണ് തിരുവനന്തപുരം സ്വദേശിയായ ആര്‍ഷ് എന്ന വിദ്യാര്‍ത്ഥിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് സൂചന. ഹോസ്റ്റല്‍ മുറിക്കുള്ളില്‍ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുമുമ്പെ വിദ്യാര്‍ത്ഥിയെഴുതിയ കുറിപ്പില്‍ ഞാന്‍ വിടവാങ്ങുന്നുവെന്ന സൂചനകള്‍ മാനേജുമെന്റിന്റെ കടുത്ത പീഡനത്തെ സൂചിപ്പിക്കുന്നതാണ്. സഹപാഠികളിലൊരാള്‍ അര്‍ദ്ധരാത്രി ബാത്തുറൂമില്‍ പോകാന്‍ എഴുന്നേറ്റപ്പോള്‍ ഫാനില്‍ കുരുക്കൊരുക്കി മരണത്തിലേക്ക് പോകാന്‍ ഒരുങ്ങുന്ന കൂട്ടുക്കാരനെയാണ് കണ്ടത്. ഹോസ്റ്റലിന്റെ ഒഴിഞ്ഞു കിടക്കുന്ന മുറിയില്‍ മരിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ആര്‍ഷിനെ കണ്ട സുഹൃത്ത് ബഹളം വെച്ചതോടെ മറ്റ് സുഹൃത്തുക്കളും ഓടിയെത്തി. പിന്നീട് ഇയാളെ മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
നേരത്തെ കോളജിലെ മാനേജുമെന്റിന്റെ പ്രവര്‍ത്തനങ്ങളെയും വിദ്യാര്‍ത്ഥികളോടുള്ള സമീപനത്തിനുമെതിരെ വിദ്യാര്‍ത്ഥികള്‍ കനത്ത സമരം നടത്തി വരികയായിരുന്നു. എസ് എഫ് ഐയുടെ നേതൃത്വത്തില്‍ നടന്ന സമരത്തിലെ മുന്‍നിരയില്‍ ആര്‍ഷും ഉണ്ടായിരുന്നു. ഇതാണ് മനേജുമെന്റിനെ പ്രകോപിപ്പിച്ചത്. തെരഞ്ഞുപിടിച്ച് വിദ്യാര്‍ത്ഥികളെ പുറത്താക്കാനുള്ള ശ്രമം നടത്തിയതും ഇതുതന്നെയാണ് കാരണവും. വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ കോളജ് ചെയര്‍മാന്‍ സുഭാഷ് വാസുവിനെതിരെ നേരത്തെ പൊലീസ് കേസ് എടുത്തിരുന്നു. മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് വെള്ളിയാഴ്ചകളില്‍ പള്ളിയില്‍ പോകാന്‍ അവസരം നല്‍കാത്തതിനെ തുടര്‍ന്ന് കോളജിനു മുന്നില്‍ പ്രാര്‍ത്ഥന നടത്തി വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തിയത് വന്‍ വിവാദമായിരുന്നു.
അതേസമയം കോളജ് കാമ്പസിനുള്ളില്‍ മാനേജുമെന്റിന്റെ വക ഗുണ്ടകള്‍ തന്നെ പ്രവര്‍ത്തിക്കുന്നതായണ് അറിയുന്നത്. മാനേജുമെന്റിനു പ്രശ്‌നക്കാരെന്നു തോന്നുന്നവരെ ഒതുക്കാന്‍ വേണ്ടിയാണിത്. സംസ്ഥാനത്തെ കലുഷിതമായ കോളജുകാമ്പസുകളില്‍ ഒന്നാണ് വെള്ളാപള്ളി കോളജ് ഓഫ് എന്‍ജിനീയറിങ്.