തിരുവനന്തപുരം: കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിന് ആക്കം കൂട്ടി എ, ഐ ഗ്രൂപ്പുകള്‍ സുധീരനെതിരെ രംഗത്ത്. ബിജു രമേശിന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എതിരെ പരസ്യ പ്രസ്താവന നടത്തിയതിനെനതിരെ നേതാക്കള്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കി.
പരസ്യപ്രസ്താവന പാടില്ലെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശം സുധീരന്‍ ലംഘിച്ചുവെന്നാണ് പരാതി. മുകുള്‍ വാസ്‌നിക്കിനാണ് എ,ഐ ഗ്രൂപ്പുകള്‍ പരാതി നല്‍കിയത്. രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കാനും ഗ്രൂപ്പുകള്‍ തീരുമാനിച്ചു. ഉമ്മന്‍ചാണ്ടിക്കും, ചെന്നിത്തലയ്ക്കും എതിരായ വിമര്‍ശനം പരസ്യപ്രസ്താവന പാടില്ലെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശത്തിന് എതിരാണെന്ന് നേതാക്കള്‍ പരാതിയില്‍ ആരോപിച്ചു.
ഹൈക്കമാന്‍ഡ് നിര്‍ദേശം ലംഘിച്ച സുധീരനെതിരെ അദ്ദേഹം നടത്തിയ പ്രസ്താവനയുടെ വീഡിയോ ഹാജരാക്കാനും ഗ്രൂപ്പുകള്‍ തീരുമാനിച്ചിട്ടുണ്ട്. ബിജു രമേശിന്റെ മകളുടെ വിവാഹനിശ്ചയം എന്നതിലുപരി സഹപ്രവര്‍ത്തകനായ അടൂര്‍ പ്രകാശിന്റെ മകന്റെ വിവാഹനിശ്ചയ ചടങ്ങ് കൂടിയായിരുന്നു ഇതെന്നും സുധീരന്‍ കൂടി ഉള്‍പ്പെട്ട പരിപാടിയില്‍ നിന്നുമാണ് നേതാക്കളും പ്രവര്‍ത്തകരും ചടങ്ങിനായി തിരിച്ചതെന്നും എ,ഐ ഗ്രൂപ്പ് നേതൃത്വം വ്യക്തമാക്കുന്നു.
ഒരുമിച്ചിരുന്ന പരിപാടിയില്‍ നിന്നും തങ്ങള്‍ വിവാഹനിശ്ചയ ചടങ്ങിന് പോകുന്നത് അറിഞ്ഞിട്ടും അപ്പോള്‍ പ്രതികരിക്കുകയും, എതിര്‍ക്കുകയും ചെയ്യാതിരുന്ന സുധീരന്‍ പിന്നീട് ഇതുന്നയിച്ചത് തികഞ്ഞ അച്ചടക്കലംഘനമാണെന്നാണ് ഗ്രൂപ്പ് നേതാക്കള്‍ പറയുന്നത്. തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ നേതൃമാറ്റമെന്ന ആവശ്യം ഉന്നയിച്ച് കലഹം ആരംഭിച്ച കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറിക്ക് സാധ്യത തുറന്നിടുകയാണ് പുതിയ വിവാദങ്ങള്‍.
നേരത്തെ ബാറുടമ ബിജു രമേശിന്‍െറ മകളുടെ വിവാഹനിശ്ചയ ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമുള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തതില്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ അതൃപ്തി പ്രകടിപ്പിച്ചു. കെ.പി.സി.സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് സുധീരന്‍ നിലപാട് വ്യക്തമാക്കിയത്. ബിജു രമേശിന്‍െറ മകളും മുന്‍മന്ത്രി അടൂര്‍ പ്രകാശിന്‍െറ മകനും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞദിവസമാണ് നടന്നത്.
വിവാഹവും വിവാഹനിശ്ചയവും സ്വകാര്യചടങ്ങുകളാണെങ്കിലും ചിലതിലെങ്കിലും ചിലരീതികള്‍ ഉണ്ടാകേണ്ടതുണ്ട്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിനെ ആക്ഷേപിക്കാന്‍ മുന്‍കൈയെടുത്ത ഒരാളുടെ ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തത് തെറ്റായസന്ദേശം നല്‍കുന്നതാണ്. അതിനാല്‍ പാര്‍ട്ടി നേതാക്കള്‍ ചടങ്ങ് ഒഴിവാക്കേണ്ടതായിരുന്നു -സുധീരന്‍ പറഞ്ഞു.