കണ്ണൂര്‍: കേന്ദ്രമന്ത്രിക്ക് മുന്നില്‍ ഹീറോയായ യതീഷ് ചന്ദ്രയ്ക്ക് പണി കിട്ടുമെന്ന് റിപ്പോര്‍ട്ട്. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനുമായി വാഗ്വാദത്തിലേര്‍പ്പെടുകയും മന്ത്രിയെ അവഹേളിക്കുന്ന തരത്തിലുള്ള ശരീരഭാഷ പുറത്തെടുക്കുകയും ചെയ്തതിന് യതീഷ് ചന്ദ്രക്കെതിരെ ബിജെപി അണികളില്‍ രോഷം ശക്തമാണ്.
തനിക്ക് നേരിട്ട അപമാനം വിവരിച്ച് ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന് മന്ത്രി പരാതി നല്‍കിയിട്ടുണ്ട്. പ്രിവിലേജ് കമ്മിറ്റി നടപടിയെടുക്കണമെന്നാണ് ആവശ്യം. ബി.ജെ.പി ദേശീയവക്താവ് മീനാക്ഷിലേഖിയാണ് കമ്മിറ്റി അദ്ധ്യക്ഷ. ശിക്ഷ കിട്ടാനിടയില്ലെങ്കിലും യതീഷിന് പല തവണ പാര്‍ലമെന്റില്‍ കയറിയിറങ്ങി കമ്മിറ്റി മുമ്പാകെ മൊഴി നല്‍കേണ്ടിവരും.
മുതിര്‍ന്ന 15 എം.പിമാരടങ്ങിയതാണ് പ്രിവിലേജ് കമ്മിറ്റി. താക്കീത് മുതല്‍ ജയിലില്‍ അയയ്ക്കാന്‍ വരെ കമ്മിറ്റിക്ക് അധികാരമുണ്ടെന്ന് ആറു വര്‍ഷം കമ്മിറ്റി ചെയര്‍മാനായിരുന്ന രാജ്യസഭാ മുന്‍ ഉപാദ്ധ്യക്ഷന്‍ പി.ജെ. കുര്യന്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ ക്ഷമാപണം നടത്തുന്നതോടെ നടപടികള്‍ അവസാനിപ്പിക്കാറാണ്. പതിവ്. താന്‍ ചെയര്‍മാനായിരിക്കെ, ഡല്‍ഹി പൊലീസ് കമ്മിഷണര്‍ക്കെതിരെ അവകാശലംഘന നടപടി തുടങ്ങിയെങ്കിലും ക്ഷമ പറഞ്ഞതോടെ അവസാനിപ്പിച്ചെന്ന് കുര്യന്‍ പറഞ്ഞു.
ലോക് സഭാ സെക്രട്ടറിക്ക് കേന്ദ്രമന്ത്രി പരാതി നല്‍കിയാല്‍ അത് കാബിനറ്റ് സെക്രട്ടറിക്ക് കൈമാറും. കാബിനറ്റ് സെക്രട്ടേറിയറ്റ് പരാതി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കൈമാറിയാല്‍ അന്വേഷിച്ചേ പറ്റൂ. കേന്ദ്രമന്ത്രിയോട് സംസാരിക്കേണ്ട രീതിയിലല്ല യതീഷ് സംസാരിച്ചത്. പ്രോട്ടോക്കോളില്‍ എല്ലാ ഉദ്യോഗസ്ഥര്‍ക്കും മുകളിലാണ് മന്ത്രി. താങ്കള്‍ എന്നു വിളിച്ചുള്ള തര്‍ക്കം ഗൗരവമുള്ളതാണ്- പി.ജെ. കുര്യന്‍ വ്യക്തമാക്കി.
ക്രമസമാധാന പാലനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമോയെന്ന എസ്.പിയുടെ ചോദ്യം അവകാശലംഘനമാവുമെന്നും മന്ത്രിയെ അപഹസിക്കുകയാണ് എസ്.പി ചെയ്തതെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു.