കാസര്‍കോഡ്: മതവിദ്വേഷ പ്രസംഗം നടത്തിയതിന് ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി.വിദ്വേഷ പ്രസംഗം നടത്തി സാമുദായിക ഐക്യം തകര്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ജില്ലാ ഗവണ്‍മെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ സി. ഷുക്കൂറാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.
യൂടൂബില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ശശികലയുടെ മൂന്ന് പ്രസംഗങ്ങളുടെ സിഡിയും പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. മറ്റ് മതവിഭാഗങ്ങളെ അടച്ചാക്ഷേപിക്കുന്ന പ്രസംഗങ്ങള്‍ മതവിശ്വാസികള്‍ക്കിടയില്‍ വിദ്വേഷവും വെറുപ്പും ശത്രുതാ മനോഭാവവും വളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും പരാതിയില്‍ പറയുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി പ്രഭാഷണം നടത്തുന്ന ശശികലയുടെ പ്രസംഗങ്ങളുടെ വീഡിയോയും ധാരളമായി പ്രചരിക്കുന്നുണ്ട്.
വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ നേരത്തെ സലഫി പണ്ഡിതന്‍ ഷംസുദ്ദീന്‍ പാലത്തിനെതിരെ ഷുക്കൂര്‍ നല്‍കിയ പരാതിയില്‍ ജില്ലാ പോലീസ് കേസെടുത്തിരുന്നു. സാധാരണക്കാരായ ഹൈന്ദവ വിശ്വാസികളെ പ്രകോപിപ്പിക്കുകയും ശത്രുതാ മനോഭാവം വളര്‍ത്തി പരസ്പരം അകറ്റുകയെന്ന ഉദ്ദേശമാണ് ശശികലയുടെ പ്രസംഗത്തിന്റെ ലക്ഷ്യം. ഇത്തരം പ്രസംഗങ്ങള്‍ ആവര്‍ത്തിക്കുന്നത് മതേതര ജനാധിപത്യ സമൂഹത്തിന് ഗുണകരമല്ല. നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന ഇവരുടെ പ്രസംഗത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണം.
കാഞ്ഞങ്ങാട് വച്ചാണ് ശശികലയുടെ പ്രസംഗം കേട്ടതും ഡൗണ്‍ലോഡ് ചെയ്തതെന്നും നിയമനടപടികള്‍ സ്വീകരിച്ച് ഭാവിയില്‍ ഇത്തരം പ്രസംഗങ്ങള്‍ ആവര്‍ത്തിക്കാനുള്ള സാഹചര്യം തടയണമെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
ശശികല ആറ്റിങ്ങല്‍ കടലിനെ സംബന്ധിച്ച് നടത്തിയ പ്രസംഗവും ഓണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശവുമെല്ലാം വ്യാപകമായ പ്രതിഷേധമാണ് ക്ഷണിച്ചുവരുത്തിയത്. സമൂഹത്തില്‍ വര്‍ഗ്ഗീയ വിഷം വിതയ്ക്കുന്ന ഇത്തരം തിന്മകളെ ചെറുത്ത് തോല്‍പ്പിക്കേണ്ടതുണ്ടെന്നതിനാലാണ് താന്‍ പരാതിയുമായി മുന്നോട്ട് പോകുന്നതെന്ന് അഡ്വ. സി ഷുക്കൂര്‍ പ്രതികരിച്ചു.