കണ്ടക്ടർ കമന്റടിച്ചു; പെൺകുട്ടി ബസിന്റെ താക്കോലുമായി കടന്നു

സ്വന്തം ലേഖകൻ
ബന്തടുക്ക: പെൺകുട്ടികളെ കമന്റ് അടിക്കുന്ന ബസ് കണ്ടക്ടർമാർക്കു ഈ പെൺകുട്ടി ഒരു ഭീഷണി തന്നെയാണ്. സ്ഥിരമായി കണ്ടക്ടറുടെ കമന്റടിക്ക് വിധേയായ വിദ്യാർഥിനിയാണ് ബസിന്റെ താക്കോലുമായി കടന്നത്. ഒടുവിൽ നാട്ടുകാരും പോലീസുമെത്തി വിദ്യാർഥിനിയെ അനുനയിപ്പിച്ച് പ്രശ്‌നം ഒതുക്കി. കണ്ടക്ടറെ താക്കീത് ചെയ്തു വിട്ടയച്ചു.  കാസർഗോഡ് മുണ്ട്യത്തഡുക്ക റൂട്ടിലോടുന്ന സ്വകാര്യ ബസിലാണ് സംഭവം.  ബസിൽ സ്ഥിരമായി യാത്ര ചെയ്യാറുള്ള വിദ്യാനഗറിലെ ഒരു സ്വകാര്യ കോളജ് വിദ്യാർഥിനി കോളജ് വിട്ട് വീട്ടിലേക്ക് മടങ്ങുമ്പോൾ കണ്ടക്ടർ ഒരു സിനിമ നടിയുടെ പേര് പറഞ്ഞ് കമന്റടിച്ചുവത്രെ.  ഇതിനെ ചോദ്യം ചെയ്തപ്പോൾ കണ്ടക്ടർ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറി.
ഇതേത്തുടർന്ന് വാക്കു തർക്കം തുടരുന്നതിനിടെ വിദ്യാർഥിനി ബസിന്റെ താക്കോൽ കൈവശപ്പെടുത്തി സ്ഥലം വിടുകയായിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും സംഘടിച്ചതോടെ കണ്ടക്ടറെ  പോലീസ് സ്‌റ്റേഷനിലെത്തിച്ച് മാപ്പ് പറയിച്ച്  വിട്ടയച്ചു. കാസർഗോഡ്മുണ്ട്യത്തഡുക്ക റൂട്ടിൽ സർവീസ് നടത്തുന്ന ചില ബസിലെ കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കും ലൈസൻസില്ലെന്നും ഇതേക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Top