അഹമ്മദബാദ്: കോണ്‍ഗ്രസുകാര്‍ അഴിമതിയിലൂടെ സമ്പാദിച്ച 12 ലക്ഷം കോടി ഒറ്റരാത്രികൊണ്ട് വെറും കടലാസായി മാറിയെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിലൂടെ സമ്പത്ത് നഷ് ടമായതിന്റെ അസന്തുഷ് ടിയാണ് കോണ്‍ഗ്രസ് പ്രകടിപ്പിക്കുന്നത്.
എന്നാല്‍ നവംബര്‍ എട്ടിന് നോട്ട് അസാധുവാക്കിയതിലൂടെ മോദി അതെല്ലാം ഒറ്റയടിക്ക് പാഴ്ക്കടലാസാക്കി. ഗുജറാത്തിലെ ബറൂച്ചില്‍ പാര്‍ട്ടിക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. എല്ലാം തുടച്ചുനീക്കിയ വെള്ളപ്പൊക്കം പോലെയായി കാര്യങ്ങള്‍. ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളും കെജ് രിവാളും മമതയും മുലായവും എല്ലാവരും ഈ വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷപെടാന്‍ കൈകോര്‍ത്തിരിക്കുകയാണ്.
ഇവിടെ സന്നിഹിതരായിരിക്കുന്നവര്‍ ആര്‍ക്കും ഭയപ്പെടേണ്ട കാര്യമില്ല. കാരണം നമ്മള്‍ക്ക് കള്ളപ്പണമില്ല. കള്ളപ്പണമുള്ളവര്‍ മാത്രം ഭയപ്പെട്ടാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
ബാങ്കിലെത്തി നോട്ടുമാറാന്‍ ക്യൂ നിന്ന രാഹുല്‍ഗാന്ധിയുടെ നടപടിയെ ഷാ പരിഹസിച്ചു. നാല് കോടി രൂപയുടെ കാറില്‍ ബാങ്കിലെത്തിയാണ് 4000 രൂപ മാറാന്‍ രാഹുല്‍ വരി നിന്നതെന്ന് അദ്ദേഹം പരിഹസിച്ചു.
10 വര്‍ഷത്തെ സോണിയ-മന്‍മോഹന്‍ ഭരണകാലത്ത് സര്‍ക്കാര്‍ ഓരോ മാസവും ഓരോ കുംഭകോണം വീതമാണ് നടത്തിയത്. 2ജി, സി.ഡബ്യു.ജി, കല്‍ക്കരി, ആദര്‍ശ് ഭൂമി, പോര്‍വിമാനം വാങ്ങിയത് തുടങ്ങി കുംഭകോണങ്ങളുടെ ഒരു പരമ്പരയാണ് നടത്തിയത്. ഇതിലൂടെ കോണ്‍ഗ്രസ് നേതാക്കള്‍ 12 ലക്ഷം കോടിയാണുണ്ടാക്കിയത്. ഇത് ഏകദേശം മൂന്നു ബജറ്റിന്റെ അത്രയും വരും. ഇത്രയും വലിയ തുക അവര്‍ സുരക്ഷിതമെന്ന് കരുതി അവരുടെ വീടുകളിലും ഗോഡൗണുകളിലും സുഹൃത്തുക്കളുടെ ഇടങ്ങളിലുമായാണ് സൂക്ഷിച്ചിരുന്നത്.