രാഷ്ട്രീയ ലേഖകൻ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ പിന്നാക്കം പോകുമെന്ന റിപ്പോർട്ടുകളെ തുടർന്നു പ്രചാരണം ശക്തമാക്കാൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നേരിട്ടു ജില്ലകളിലേയ്‌ക്കെത്തുന്നു. തുടർ ഭരണം എന്ന ലക്ഷ്യമിട്ടു തിരഞ്ഞെടുപ്പിൽ ആത്മാർഥമായി കെപിസിസി പ്രസിഡന്റ് വി.എം സുധീരൻ രംഗത്തിറങ്ങില്ലെന്നു വ്യക്തമായതോടെയാണ് പാർട്ടിയുടെ പൂർണ നിയന്ത്രണവും തന്റെ വരുതിയിലാക്കാൻ മുഖ്യമന്ത്രി നീക്കം ആരംഭിച്ചത്.
തിരഞ്ഞെടുപ്പിനു മുന്നോടിയായി വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ കോൺഗ്രസ് പാർട്ടി നടത്തിയ സർവേയിലാണ് സംസ്ഥാനത്ത് കോൺഗ്രസ് പൂർണമായും പിന്നിലായി പോകുമെന്ന റിപ്പോർട്ടുകളുള്ളത്. മലബാർ മേഖലയിൽ കോൺഗ്രസിനു ഒരു സീറ്റുപോലും ലഭിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. കണ്ണൂർ കാസർകോട് ജില്ലകളിൽ കോൺഗ്രസ് സമ്പൂർണ പരാജയമാകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സർക്കാരിനെതിരായ ആഴിമതി ആരോപണങ്ങളും കോൺഗ്രസിലെ ഗ്രൂപ്പ് യുദ്ധവുമാകും കോൺഗ്രസ് പാർട്ടിയെ തിരഞ്ഞെടുപ്പിൽ തകർത്തു കളയുന്നതെന്നാണ് റിപ്പോർട്ടുകൾ.
കോൺഗ്രസ് പാനലിൽ മത്സര രംഗത്തിറങ്ങിയ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുള്ളവർ പരാജയ ഭീഷണിയുടെ നിഴലിലാണെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. മുഖ്യമന്ത്രിയുടെ ജില്ലയിൽ പോലും കോൺഗ്രസിനു കാലിടറുമെന്നാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രിയുമായുള്ള ശീത സമരം മൂലം പല മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പു പ്രചാരണത്തിനു ഇറങ്ങാൻ സാധിക്കില്ലെന്നു തന്നെ വി.എം സൂധീരൻ വ്യക്താക്കികഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പിന്റെ പ്രചാരണം നേരിട്ട് ഏറ്റെടുക്കാൻ മുഖ്യമന്ത്രി തന്നെ രംഗത്തിറങ്ങുന്നത്.
ഭരണ തുടർച്ചയുണ്ടാകരുതെന്ന ലക്ഷ്യത്തോടെ വി.എം സൂധീരനും ഐഗ്രൂപ്പും പ്രവർത്തിക്കുമ്പോൾ തിരിച്ചു ഭരണം പിടിക്കാനാവുമോ എന്നാണ് ഉമ്മൻചാണ്ടിയും സംഘവും പരീക്ഷിക്കുന്നത്.