കോണ്‍ഗ്രസിലെ ഗ്രൂപ്പ് യുദ്ധത്തിനു സോളാര്‍ വളമാകുന്നു: മുഖ്യമന്ത്രിയെ പ്രതിരോധിക്കാതെ പ്രതിരോധിച്ചു സുധീരന്‍; മൗനം വെടിയാതെ രമേശ്

തിരുവനന്തപുരം: ഇടയ്‌ക്കൊന്ന് ഒതുങ്ങി നിന്ന കോണ്‍ഗ്രസിലെ ഗ്രൂപ്പ് യുദ്ധത്തിനു പുതിയ വളം വച്ച് സോളാറിലെ വിവാദ നായിക സരിതയുടെ വെളിപ്പെടുത്തല്‍. സോണിയാ ഗാന്ധിയുടെ സന്ദര്‍ശനത്തോടെ പരസ്പരം ഏറ്റുമുട്ടല്‍ അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച കോണ്‍ഗ്രസിലെ മൂന്നു നേതാക്കളാണ് ഇപ്പോള്‍ വീണ്ടും, രഹസ്യമായി നേര്‍ക്കുനേര്‍ എത്തിയിരിക്കുന്നത്.
സോളാര്‍ കേസില്‍ മുഖ്യമന്ത്രിയെ 14 മണി്ക്കൂര്‍ സോളാര്‍ കമ്മിഷന്‍ ചോദ്യം ചെയ്തതിനു പിന്നാലെ സരിത എസ്.നായരുടെ വെളിപ്പെടുത്തല്‍ എത്തിയത്. ഇത് യഥാര്‍ഥത്തില്‍ കോണ്‍ഗ്രസിലെ ഉമ്മന്‍ചാണ്ടി വിരുദ്ധരെ സന്തോഷിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇന്നലെ കോട്ടയത്തു നടന്ന ജനരക്ഷായാത്രയുടെ സ്വീകരണ വേദിയില്‍ പ്രധാനമായും ഉമ്മന്‍ചാണ്ടി ലക്ഷ്യമിട്ടത് സോളാര്‍ കേസിന്റെ ഇപ്പോഴുണ്ടായ പുതിയ സംഭവവ വികാസങ്ങളില്‍ തന്റെ ഭാഗം ന്യായീകരിക്കുന്നതിനാണ്. പാമ്പാടിയിലും കോട്ടയത്തും പ്രസംഗിച്ച മുഖ്യമന്ത്രി സോളാര്‍ കേസ് പ്രതിപക്ഷത്തിന്റെ ഗൂഡാലോചനയാണെന്നു സ്ഥാപിക്കുന്തനിനാണ് ശ്രമിച്ചത്.
എന്നാല്‍, മുഖ്യമന്ത്രിയെ പ്രത്യക്ഷത്തില്‍ ന്യായീകരിച്ച സുധീരന്‍ പക്ഷേ, ഒരിടത്തു പോലും സോളാറെന്നോ സരിതയെന്നോ പറയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഒരിടത്തും മുഖ്യമന്ത്രിയെ സോളാര്‍ കേസിന്റെ പേരില്‍ ന്യായീകരിക്കുന്നതിനും അദ്ദേഹം തയ്യാറായില്ല. മദ്യനയത്തില്‍ ഊന്നിയുള്ള പ്രസംഗമായിരുന്നു എല്ലാ വേദികളിലും സുധീരന്‍ നടത്തിയത്. മദ്യനയമാണ് ഇപ്പോള്‍ സര്‍ക്കാരിനെതിരെ തിരിയാന്‍ പലരെയും പ്രേരിപ്പിക്കുന്നതെന്നു പറഞ്ഞ സുധീരന്‍ ഏതു നിമിഷവും മുഖ്യമന്ത്രിക്കെതിരെ സോളാര്‍ കേസിന്റെ പേരില്‍ തിരിയുന്നതിനുള്ള തന്ത്രവും ഒരുക്കിയിട്ടിരുന്നു.

Top