
തിരുവനന്തപുരം: കേരള കോൺഗ്രസ് എമ്മിൽ നുഴഞ്ഞു കയറിയ പി.സി ജോർജിന്റെ മുൻ വിശ്വസ്തൻ പാർട്ടിയിൽ കുഴപ്പങ്ങൾക്ക് തുടക്കമിടുന്നു. കേരള കോൺഗ്രസ് എമ്മിൽ പാർട്ടി ചെയർമാൻ തീരുമാനിച്ച ആളുകളെ പോലും മാറ്റാൻ ഈ നേതാവ് ഇടപെട്ടതാണ് ഇപ്പോൾ വിവാദമായി മാറിയിരിക്കുന്നത്. സർക്കാർ ചീഫ് വിപ്പ് എൻ.ജയരാജിന്റെ സ്റ്റാഫിൽ നിയമിച്ച ആളെ നീക്കം ചെയ്യാനും, ത്ന്നെ ആ സ്ഥാനത്ത് അവരോധിക്കാനും ഇദ്ദേഹം നടത്തിയ നീക്കമാണ് ഇപ്പോൾ വിവാദമായി മാറിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ കടുത്ത എതിർപ്പുമായി എൻ.ജയരാജ് എംഎൽഎ തന്നെ രംഗത്ത് എത്തിയിട്ടുണ്ട്.
മുൻപ് പി.സി ജോർജിന്റെ വിശ്വസ്തനായ നേതാവ് ഇപ്പോൾ ജോസ് കെ.മാണിയ്ക്കൊപ്പമാണ്. ജോസ് കെ.മാണിയ്ക്കെതിരെ ഇദ്ദേഹം മുൻപ് എഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റുകളെല്ലാം നിലനിൽക്കെയാണ് ഈ നേതാവ് മറുകണ്ടം ചാടി ജോസ് കെമാണി പക്ഷത്ത് എത്തിയത്. ഇതാണ് കേരള കോൺഗ്രസിൽ പുതിയ പൊട്ടിത്തെറിയ്ക്ക് ഇടയാക്കിയിരിക്കുന്നത്. പാർട്ടിയിൽ സ്ഥാനം നിലനിർത്താൻ അധികാര കേന്ദ്രത്തിൽ എത്താനാണ് ഇദ്ദേഹം ഇപ്പോൾ നീക്കം നടത്തുന്നത്.
ഇതിന്റെ ഭാഗമായി ജേക്കബ് തോമസ് അരികുപുറത്തിന്റെ മകനും ജയരാജിന്റെ പഴ്സണൽ സ്റ്റാഫ് അംഗവും പാർട്ടി ഓഫിസിലെ ജീവനക്കാരനുമായ ആളെ നീക്കി ഈ സ്ഥാനത്ത് തന്നെ അവരോധിക്കാനാണ് ഇയാൾ നീക്കം നടത്തിയത്. ഇതിനെതിരെ എൻ.ജയരാജ് എംഎൽഎ തന്നെ രംഗത്ത് എത്തി. താൻ വച്ച സ്റ്റാഫിനെ മാറ്റാൻ അനുവദിക്കില്ലെന്നും , വേണമെങ്കിൽ ഈ നേതാവിനോട് തന്റെ സ്റ്റാഫിൽ പാർട്ടി ചെയർമാൻ ജോസ് കെ.മാണി നിയമിച്ച ആളെ മാറ്റിയ്ക്കൊള്ളാനും ജയരാജ് നിലപാട് എടുത്തു. ഇതോടെ ഈ നേതാവ് അസ്വസ്ഥനാകുകകയും ജോസ് കെ.മാണിയെ സമീപിക്കുകയും ചെയ്തതായാണ് ആരോപണം.
നേരത്തെ പി.സി ജോർജിനൊപ്പം നിന്ന് ജോസ് കെ.മാണിയെ അസഭ്യം പറഞ്ഞ ഈ നേതാവ് ഇപ്പോൾ പാർട്ടിയിൽ നടത്തുന്ന ഇടപെടലുകളിൽ കേരള കോൺഗ്രസിനുള്ളിൽ കടുത്ത എതിർപ്പ് ഉടലെടുത്തിട്ടുണ്ട്. മുതിർന്ന കേരള കോൺഗ്രസ് നേതാക്കളിൽ പലരും പരസ്യമായി തന്നെ തങ്ങളുടെ നിലപാട് വെളിപ്പെടുത്തി രംഗത്ത് എത്തിയിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ കേരള കോൺഗ്രസ് പാർട്ടിയ്ക്കുള്ളിൽ ഈ നേതാവ് എത്തിയത് മറ്റൊരു പൊട്ടിത്തെറിയ്ക്ക് ഇടയാക്കുമെന്നാണ് സൂചന.