തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനായി പ്രാഥമീക സ്ഥാനാര്‍ത്ഥിപട്ടിക തയ്യാറായെങ്കിലും സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിനെ ചൊല്ലിയുള്ള മാനദണ്ഡങ്ങളുടെ കാര്യത്തില്‍ ഇപ്പോഴും കോണ്‍ഗ്രസില്‍ അവ്യക്തത. സീനിയര്‍ നേതാക്കള്‍ മാറിനിന്ന് യുവാക്കള്‍ക്കായി സീറ്റുകള്‍ ഒഴിഞ്ഞുകൊടുക്കണമെന്നാവശ്യവുമായി യൂത്ത് കോണ്‍ഗ്രസ് നിലയുറപ്പിക്കുമ്പോള്‍ ആരെക്കെ മാറും എന്ന കണ്‍ഫ്യൂഷനിലാണ് കോണ്‍ഗ്രസ് നേതൃത്വം. എന്നാല്‍ നിലവിലെ കോണ്‍ഗ്രസ് എംഎല്‍എ മാര്‍ മുഴുവനും മത്സരിക്കണമെന്ന അഭിപ്രായം മുന്നോട്ട് വച്ചിരിക്കുകയാണ് കോണ്‍ഗ്രസ് ദേശിയ നേതൃത്വം. ഹൈക്കമാന്റ് നിരീക്ഷകന് ഗുലാംനബി ആസാദാണ് ഇത്തരമൊരു തീരുമാനം നടപ്പാക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്.
നിലവിലെ എംഎല്‍എമാരില്‍ സ്വയം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത് നിലമ്പൂര്‍ എംഎല്‍എ ആര്യാടന് മുഹമ്മദ് മാത്രമാണ്. താനൊഴിയുന്ന സീറ്റില്‍ മകന് മത്സരിക്കാന്‍ അവസരം നല്‍കണമെന്നാണ് ആര്യടാന്റെ ആവശ്യം. ഇതെന്തായാലും കോണ്‍ഗ്രസ് അംഗീകരിച്ച മട്ടില്ല. അത്തരമൊരു സംസ്ക്കാരം പ്രോത്സാഹിപ്പിക്കേണ്ടെന്നാണ് കോണ്‍ഗ്രസിലെ പല നേതാക്കളുടെയും അഭിപ്രായം. അത് കൊണ്ട് നിലമ്പൂരില്‍ ആര്യാടന് തന്നെ മത്സരിച്ചാല്‍ മതിയെന്നാണ് കോണ്‍ഗ്രസ് ദേശിയ നേതൃത്വത്തിന്റെ നിലപാട്. ആര്യാടന് പകരം മകന് സീറ്റ് അനുവദിച്ചാല്‍ മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളും ഇത്തരമൊരു ഫോര്‍മുല മുന്നോട്ട് വയ്ക്കും. അത്തരം മക്കള്‍ രാഷ്ട്രീയം പ്രവര്‍ത്തകര്‍ക്കിടയില്‍ തെറ്റായ സന്ദേശം പ്രചരിപ്പിക്കുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍.
മറ്റൊരു മുതിര്‍ന്ന നേതാവും ഇരിക്കൂറിലെ എംഎല്‍എയുമായ കെ സിജോസ്ഫ് മണ്ഡലം മാറിയാലും മത്സരിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു കഴിഞ്ഞു. അങ്ങിനെ തന്നെയാണ് നിലവിലെ മുഴുവന്‍ എംഎല്‍എമാരുടെയും സ്ഥിതി.ഈ സാഹചര്യത്തില്‍ നിലവിലെ മുഴുവന്‍ എംഎല്‍എമാര്‍ക്കും സീറ്റ് നല്‍കുക എന്ന പോംവഴിയാണ് ഇപ്പോള്‍ പൊതുവേ അംഗീകരിച്ചിരിക്കുന്നത്. ബാക്കിയുള്ള മണ്ഡലങ്ങളില്‍ യുവാക്കള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കാനുമാണ് ഹൈക്കമാന്റിന്റെ പദ്ധതി.
എന്നാല്‍ നിലവിലെ പല എംഎല്‍എമാരും വീണ്ടും തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ സിറ്റിങ് മണ്ഡലങ്ങള്‍ നഷ്ടമാകുമെന്ന ആശങ്കയുമുണ്ട്. അതിനൊരുദാഹരണമായി ചൂണ്ടികാട്ടുന്നത് ഇരിക്കൂര്‍ മണ്ഡലമാണ്. ഏട്ട് തവണ എംഎല്‍എയായ കെസി ജോസഫിനെതിരെ പാര്‍ട്ടിയിലും ജനങ്ങള്‍ക്കിടയിലും ശക്തമായ പ്രതിഷേധമാണ് നിലവിലുള്ളത്. കെസി വീണ്ടും മത്സരിച്ചില് വിമത സ്ഥാനാര്‍ത്ഥികളുടെ ഭീഷണിയും പരാജയത്തിന് കാരണമാകും. നിലവിലെ എംഎല്‍എ മാരില്‍ കെസി വിഷ്ണുനാഥ്, ബെനി ബഹനാന്,മന്ത്രിമാരായ അടൂര്‍ പ്രകാശ്, കെ ബാബു, ആര്യാടന് മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, തുടങ്ങിയ പതിനഞ്ചോളം എംഎല്‍എമാര്‍ പരാജയമേറ്റുവാങ്ങുമെന്നാണ് നിലവിലെ മണ്ഡലത്തിലെ സാഹചര്യങ്ങള്‍ ചൂണ്ടികാട്ടി രാഷ്ട്രീയ നിരീക്ഷകര്‍ വിലിയിരുത്തുന്നത്.