
സ്വന്തം ലേഖകൻ
കോഴിക്കോട്: കോൺഗ്രസ് പാർട്ടിയിൽ രഹസ്യങ്ങൾ ചോർത്തുന്നതിനു ഗ്രൂപ്പ് മാനേജർമാർ ഭാര്യമാരെ ഉപയോഗിക്കുന്നതായി കോൺഗ്രസ് നേതാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. കേരളത്തിൽ ഇടതു-വലതുമുന്നണികൾ ഒത്തുകളി രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണം ഉന്നയിച്ച കെ.കെ രാമചന്ദ്രൻ മാസ്റ്ററുടെ പുസ്തകത്തിലാണ് ഇതു സംബന്ധിച്ചുള്ള വെളിപ്പെടുത്തലുകളുള്ളത്. ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, നിങ്ങളെന്നെ ബിജെപിയാക്കി’ യെന്ന പുസ്തകത്തിലാണ് വിവാദ വെളിപ്പെടുത്തൽ.
1996 – 2001 ലെ നായനാർ ഗവൺമെന്റിന്റെ കാലത്താണ് ആദ്യമായി കേരളത്തിൽ ഒത്തുകളി ഉയർന്നുവന്നതെന്ന് രാമചന്ദ്രൻ മാസ്റ്റർ പുസ്തകത്തിന്റെ ആമുഖത്തിൽ പറയുന്നു. ‘അതിന് ചുക്കാൻ പിടിച്ചത് നായനാരുടെ പേഴ്സണൽ സ്റ്റാഫിൽ പെട്ട, സിപിഎമ്മിൽ ഉന്നത സ്ഥാനം വഹിച്ചിരുന്ന ഒരു കണ്ണൂർകാരനാണെന്നും അക്കാലത്ത് പ്രതിപക്ഷത്തിരിക്കുന്ന യുഡിഎഫിലെ ഒരു ഘടകകക്ഷി നേതാവിന്റെ പേരിലുള്ള ഒരു വളരെ മോശം കേസ് ഒതുക്കികൊടുത്തത് ഇദ്ദേഹമായിരുന്നു എന്ന ആരോപണത്തെക്കുറിച്ചും അദ്ദേഹം പുസ്തകത്തിൽ വിവരിക്കുന്നു.
സോളാർ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം ഒരു പാർട്ടിയിൽ സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യാത്ത ഒരു ഗ്രൂപ്പ് മാനേജരുണ്ടെന്നും അദ്ദേഹവും എതിർചേരിയിൽ പെട്ട ഒരു ഭരണകക്ഷി നേതാവും ആത്മബന്ധം പുലർത്തുന്നവരാണെന്നും ആത്മകഥയിൽ പറയുന്നു. തന്റെ പാർട്ടിയിൽ ഉള്ളവർക്ക് പാര വെക്കാൻ എതിർചേരിയിലുള്ള നേതാവുമായി ബന്ധം ത
ടരുന്ന ഇവർ ഭാര്യമാർ വഴിയാണ് സന്ദേശങ്ങൾ കൈമാറുന്നതെന്ന് വിവരിക്കുന്നു.
അന്ന് തുടങ്ങിയ ഒത്തുകളി കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തും തുടർന്നുവെന്നും ഈ ഒത്തുകളി കാരണം ഇരുവിഭാഗത്തെയും നേതാക്കളുൾപ്പെട്ട ക്രിമിനൽ, വിജിലൻസ് കേസുകൾ തേച്ചുമായ്ക്കപ്പെട്ടുവെന്നും രാമചന്ദ്രൻ മാസ്റ്റർ പറയുന്നു.
കോൺഗ്രസ്സിൽ ഇപ്പോൾ ഗ്രൂപ്പ് മാനേജർമാരാണ് ഉള്ളത്. അഴിമതി നടത്താനാണ് ഗ്രൂപ്പുകൾ നിലനിൽക്കുന്നത്. കോഴിക്കോട്ട് ആർഇസി കാന്റീനിൽ സപ്ലയറായിരുന്ന ഇപ്പോഴത്തെ ഒരു സംസ്ഥാന ഭാരവാഹി വയനാട്ടിലെ പാർട്ടി തർക്കം തീർക്കാൻ ആവശ്യപ്പെട്ടത് ഒരു ഭാഗത്തിന് മൂന്നര ലക്ഷം രൂപ നൽകണമെന്നായിരുന്നു. ഈ നേതാവിന് കോടികളുടെ ആസ്തിയുണ്ടെന്നും രാമചന്ദ്രൻ മാസ്റ്റർ തുടരുന്നു. 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തനിക്കെതിരെ മാതൃഭൂമി പത്രത്തിന്റെ എംഡിയായ എം.പി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിൽ മാധ്യമ ഗൂഢാലോചന നടത്തിയെന്നും എം.വി. ശ്രേയാസ് കുമാറിനെ ജയിപ്പിക്കാൻ വേണ്ടിയായിരുന്നു ഇതെന്നും ആദ്ദേഹം ആരോപിക്കുന്നു. പാർട്ടിയുടെ എല്ലാതലത്തിലും കമ്മീഷൻ ഏജന്റുമാരുടെ അഴിഞ്ഞാട്ടമാണെന്നും അഴിമതിയെ എതിർക്കുന്നവർ രണ്ടു ഗ്രൂപ്പുകളുടെയും ശത്രുക്കളായി മാറുകയാണെന്നും പുസ്തകത്തിൽ വിവരിക്കുന്നു.
വീരേന്ദ്രകുമാറിന്റെ ഈർക്കിൽ പാർട്ടി യുഡിഎഫിന്റെ ഘടകക്ഷിയായി വന്നതിനെ എതിർത്തത് താൻ മാത്രമാണെന്നും ഈ പാർട്ടി മുന്നണിയിൽ ചേർന്നതോടെ വയനാട്ടിലെ ആകെയുള്ള ഒരു ജനറൽസീറ്റിൽ കോൺഗ്രസ് പ്രവർത്തകർക്ക് മത്സരിക്കാനുള്ള അവസരം നഷ്ടപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. മലയാള മനോരമ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രചാരമുള്ള മാതൃഭൂമി പത്രത്തേയും തങ്ങളുടെ കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു ഉമ്മൻചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ഉദ്ദേശ്യമെന്നും തന്നെ ഒതുക്കുന്നതിന് വേണ്ടികൂടിയാണ് വീരേന്ദ്രകുമാറിന്റെ പാർട്ടിയെ യുഡിഎഫിലേക്ക് എടുത്തതെന്നും പുസ്തകത്തിൽ ആരോപിക്കുന്നു. പാർട്ടിയിലെ ഗ്രൂപ്പ് ആശയപരമല്ല, ആമാശയപരമാണെന്നും പുസ്തകം വിവരിക്കുന്നു.
ആറ് തവണ എംഎൽഎയും, രണ്ട് തവണ എംപിയും എഐസിസി അംഗവുമായിരുന്ന രാമചന്ദ്രൻ മാസ്റ്ററെ കഴിഞ്ഞ പുനസംഘടനയിലാണ് പാർട്ടി ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കിയത്. പൂർണ്ണ പബ്ലിക്കേഷൻസ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.