![](https://dailyindianherald.com/wp-content/uploads/2016/05/CHANDI-1.png)
തിരുവനന്തപുരം: കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും കേരള രാഷ്ട്രീയത്തിലും ഇനി ഉമ്മന്‍ ചാണ്ടി എന്നത് വെറും പേരുമാത്രമായി ചുരുങ്ങുമോ..? തനിക്കൊപ്പം നിന്ന വിശ്വസ്തരും കനത്ത പരാജയവുമേറ്റുവാങ്ങിയ ഉമ്മന്‍ ചാണ്ടി രാഷ്ട്രീയ വിശ്രമത്തിലേയ്ക്ക് ഒതുക്കപ്പെടുമോ…തിരഞ്ഞെടുപ്പിന് മുമ്പേ ഹൈക്കമാന്റിന്റെ കണ്ണിലെ കരടായ ഉമ്മന്‍ ചാണ്ടിയെ പ്രതിപക്ഷനേതാവാക്കാനും ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറാകില്ല ഇതോടെ അന്ത്യമാകുന്നത് ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ യുഗത്തിനാണ്.
ഇതോടെ കോണ്‍ഗ്രസിലെ എ ഗ്രൂപ്പും ഇനി അപ്രസക്തമാകും. പകരക്കാരനില്ലാത്തതിനാല്‍ പ്രതിപക്ഷ നേതൃസ്ഥാനം രമേശ് ചെന്നിത്തലയ്ക്ക് തന്നെ ലഭിക്കുമെന്നാണ് സൂചന. അതിനിടെ കെ മുരളീധരനെ നേതൃസ്ഥനത്ത് എത്തിക്കാനും നീക്കം സജീവമാണ്.
യു.ഡി.എഫിന്റെ പരാജയത്തിന്റെ കൂടുതല്‍ ഉത്തരവാദിത്വം തനിക്കാണെന്ന് തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ താന്‍ പ്രതിപക്ഷ നേതൃസ്ഥാനത്തേക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യു.ഡി.എഫ് വിജയിച്ച 47 സീറ്റില്‍ 21 സീറ്റുകളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. കോണ്‍ഗ്രസ് എംഎ!ല്‍എമാരില്‍ ഭൂരിപക്ഷവും ഐ ഗ്രൂപ്പില്‍ നിന്നാണ്. ഈ പശ്ചാത്തലത്തിലാണ് ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനത്തേക്കില്ലെന്ന് വ്യക്തമാക്കിയത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അദ്ദേഹം ഇക്കാര്യം അറിയിച്ചു കഴിഞ്ഞു. ഉമ്മന്‍ ചാണ്ടി പിന്മാറിയ സാഹചര്യത്തില്‍ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായേക്കുമെന്നാണ് സൂചന. എ ഗ്രൂപ്പിന് പഴയ കരുത്തില്ലാത്തതാണ് ഇതിന് കാരണം.
എ ഗ്രൂപ്പിലെ പ്രമുഖരും വിശ്വസ്തരുമായ കെ. ബാബു, ടി. സിദ്ദിഖ്, പി.സി വിഷ്ണുനാഥ്, ഡൊമനിക് പ്രസന്റേഷന്, സ്പീക്കര്‍ എന്‍. ശക്തന് എന്നിവരുടെ പരാജയം മുഖ്യമന്ത്രിക്ക് തിരിച്ചടിയായി. ജോസഫ് വാഴയ്ക്കനാണ് ഐ ഗ്രൂപ്പില്‍ നിന്ന് പരാജയപ്പെട്ട പ്രമുഖന്. 21 എംഎല്‍എമാരില്‍ ബഹു ഭൂരിപക്ഷവും ഐ ഗ്രൂപ്പുകാരാണ്. അതുകൊണ്ട് തന്നെ നിയമസഭാ കക്ഷിയില്‍ ഐ ഗ്രൂപ്പിന് വ്യക്തമായ മുന്‍തൂക്കവുമായി. അതിനിടെ കോണ്‍ഗ്രസ് ഗ്രൂപ്പ് സമവാക്യത്തിലും മാറ്റങ്ങള്‍ ഉണ്ടാകും. ഉമ്മന്‍ ചാണ്ടി നേതൃത്വത്തില്‍ നിന്ന് മാറുന്നതിനാല്‍ എ ഗ്രൂപ്പ് തന്നെ ശിഥിലമാകും. കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്റെ നേതൃത്വത്തിലെ ഗ്രൂപ്പ് ശക്തമാകാനും സാധ്യതയുണ്ട്. സുധീരന് എംഎല്‍എ ആകാത്തതു കൊണ്ട് മാത്രമാണ് ചെന്നിത്തലയ്ക്ക് നിയമസഭാ കക്ഷി നേതൃസ്ഥാനം കിട്ടുകയെന്ന വിലയിരുത്തലും സജീവമാണ്.
സുധീരനെ മുന്‍നിര്‍ത്തി വേണം കോണ്‍ഗ്രസ് തിരിച്ചുവരവിന് ശ്രമിക്കാനെന്ന വാദവും ഉയരുന്നുണ്ട്. കോണ്‍ഗ്രസ് ഹൈക്കമാണ്ടുമായി സുധീരന് നല്ല ബന്ധത്തിലാണ്. എ കെ ആന്റണിയുടെ പിന്തുണയുമുണ്ട്. എന്നാല്‍ സംഘടനാ തലത്തില്‍ ഐ ഗ്രൂപ്പിനുള്ള ശക്തി സുധീരപക്ഷത്തിനില്ല. അതിനാല്‍ സുധീരനെ മുന്നിര്ത്തികളിക്കുന്നത് ദോഷം ചെയ്യുമെന്നാണ് ഐ ഗ്രൂപ്പിന്റെ മുന്നറിയിപ്പ്. ചെന്നിത്തലയെ വെട്ടാനുള്ള ശ്രമങ്ങള്‍ അംഗീകരിക്കില്ലെന്നും പറയുന്നു. ഈ സാഹചര്യത്തിലാണ് ഐ ഗ്രൂപ്പില്‍ പിളര്‍പ്പുണ്ടാക്കാന്‍ പുതിയ ശ്രമങ്ങള്‍. വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്റേത് തിളക്കമാര്‍ന്ന വിജയമാണ്. മുരളിയെ പോലൊരു നേതാവാണ് കോണ്‍ഗ്രസിന് ആവശ്യം. സംഘടനയേയും അണികളേയും ഒരുമിച്ച് കൊണ്ട് പോകാന്‍ മുരളിക്ക് കഴിയുമെന്നാണ് വിലയിരുത്തല്‍. എ ഗ്രൂപ്പിലെ ചിലരാണ് ഈ ഫോര്‍മുല അവതരിപ്പിക്കുന്നത്. ചെന്നിത്തലയേയും മുരളിയേയും തെറ്റിച്ച് നേട്ടമുണ്ടാക്കാനാണ് ശ്രമം.
തോല്‍വിക്കു പിന്നില്‍ കെപിസിസി പ്രസിഡന്റ് വി എം.സുധീരന്റെ നിലപാടുകളും ഉണ്ടാകാമെന്ന കെ. ബാബുവിന്റെ പ്രസ്താവന ഇതിന്റെ തുടക്കം മാത്രം. വരും ദിനങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിനെതിരെ രംഗത്തുവരുമെന്നാണ് പല പ്രതികരണങ്ങളും വ്യക്തമാക്കുന്നത്. സുധീരന്റെ നിലപാടുകള്‍ ശരിവയ്ക്കുന്നതാണ് തെരഞ്ഞെടുപ്പ് പരാജയം. ബാര്സോളര് കോഴ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ മുന്നറിയിപ്പു നല്‍കിയിരുന്നെന്ന് സുധീരന് അവകാശപ്പെടാം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ആരോപണവിധേയരെ ഒഴിവാക്കണമെന്ന് സുധീരന് ആവശ്യപ്പെട്ടപ്പോള്‍ തോറ്റാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കാം എന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മറുപടി നല്‍കിയത്. കെ.ബാബുവിന്റെ പരാജയം സുധീരന് പാര്‍ട്ടി വിലയിരുത്തലില്‍ ആയുധമാക്കാന്‍ സാധ്യതയുണ്ട്.
അഴിമതി ആരോപണങ്ങള്‍ വലിയ തിരിച്ചടിയായെന്ന റിപ്പോര്‍ട്ടാണ് കെപിസിസി ഹൈക്കമാന്‍ഡിന് നല്‍കിയിരിക്കുന്നത്. തുടര്‍ഭരണമെന്ന സാധ്യത ആരോപണങ്ങള്‍ ഇല്ലാതാക്കിയെന്നും ഹൈക്കമാന്‍ഡിന് നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. തുടര്‍നടപടികള്‍ ഹൈക്കമാന്‍ഡില്‍നിന്നും വരുന്നത് കാത്തിരിക്കുകയാണ് കോണ്‍ഗ്രസില്‍ വലിയൊരു വിഭാഗം. നിലവിലെ സാഹചര്യത്തില്‍ അടിയന്തര നടപടിയെടുക്കാതെ കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തിനും ഒഴിഞ്ഞുമാറാനാകില്ല. തെറ്റുകള്‍ തിരുത്തി മുന്നോട്ടുപോകുമെന്ന സുധീരന്റെ വാക്കുകളില്‍ ഒളിഞ്ഞിരിക്കുന്ന സൂചനയും അതാണ്. എന്നാല്‍, നടപടികള്‍ ഗ്രൂപ്പ് യുദ്ധത്തിനും വഴിതുറന്നേക്കും. എല്ലാത്തിനും ഉപരി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അടക്കമുള്ള കാര്യങ്ങളില്‍ കോണ്‍ഗ്രസ് ഹൈക്കമാണ്ടിനെ ഉമ്മന്‍ ചാണ്ടി തള്ളിപ്പറഞ്ഞതാണ് ഇതില്‍ പ്രധാനം.