ന്യൂഡൽഹി: ദളിതർക്കും മുസ്‌ലിങ്ങൾക്കും എതിരായ ആക്രമണം നടത്തുന്നവർക്ക് കേന്ദ്രസർക്കാർ പരോക്ഷ പിന്തുണ നൽകുന്നു എന്ന കോൺഗ്രസ് ആരോപിച്ചു .ദളിതരും മുസ്‌ലിങ്ങളും മരിക്കുന്നത് ഗവർണർമാർ കാണുന്നില്ലേയെന്ന് കോൺഗ്രസ് ചോദിച്ചു .ലോക്സഭയിൽ കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയാണ് ആരോപണം ഉന്നയിച്ചത്. കേരളത്തിൽ ആർഎസ്എസ് നേതാവ് കൊല്ലപ്പെട്ടപ്പോൾ ഗവർണർ മുഖ്യമന്ത്രിയേയും പോലീസ് മേധാവിയേയും വിളിച്ചുവരുത്തി. എന്നാൽ ദളിതരും മുസ്‌ലിങ്ങളും കൊല്ലപ്പെടുമ്പോൾ ഇതുണ്ടാവുന്നില്ല. എന്തുകൊണ്ടാണ് ഇത്തരമൊരു വിവേചനമെന്നും അദ്ദേഹം ചോദിച്ചു.
വിഎച്ച്പി, ബജ്റംഗ് ദൾ, പശു സുരക്ഷാ പ്രവർത്തകർ തുടങ്ങിയവർ നടത്തുന്ന അക്രമങ്ങൾക്ക് കേന്ദ്രം മൗനസമ്മതം നൽകുകയാണ്. ജാർഖണ്ഡും മധ്യപ്രദേശും ആൾക്കൂട്ട അക്രമണങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുന്നതായും അദ്ദേഹം പറഞ്ഞു. ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ എന്തുനടപടിയാണ് പ്രധാനമന്ത്രി സ്വീകരിക്കാൻപോകുന്നത്.ഇത്തരം ആക്രമണങ്ങളുമായി ബന്ധപ്പെട്ട് എത്രപേരെ ജയിലിലടച്ചു. പശു സംരക്ഷണ പ്രവർത്തകരുടെ ആക്രമണങ്ങളിൽ എന്തു നടപടിയാണ് എടുത്തതെന്ന് സർക്കാർ വിശദീകരിക്കണമെന്നും മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു.