ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാനപാര്‍ട്ടികളായ കോണ്‍ഗ്രസും ബി.ജെ.പി.യും വിദേശസംഭാവനാ നിയന്ത്രണനിയമങ്ങള്‍ ലംഘിച്ച് ബഹുരാഷ്ട്രകമ്പനിയില്‍നിന്ന് സംഭാവന കൈപ്പറ്റിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തി. ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് തിര. കമ്മീഷന്‍ ആഭ്യന്തരമന്ത്രിയോടാവശ്യപ്പെട്ടു. വേദാന്താ ഗ്രൂപ്പും അനുബന്ധകമ്പനികളുമാണ് ഇരുപാര്‍ട്ടികള്‍ക്കും സംഭാവന നല്‍കിയത്. ആദായനികുതി വകുപ്പിന്റെ സഹായത്തോടെയാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍ ഇതേക്കുറിച്ച് അന്വേഷണം നടത്തിയത്.
വേദാന്ത ഗ്രൂപ്പിന്റെ ഉപകമ്പനികളായ സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ്, സേസാ ഗോവ ഗ്രൂപ്പും രണ്ടു പാര്‍ട്ടികള്‍ക്കും അഞ്ചുകോടി രൂപവീതം നല്‍കിയെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. ബ്രിട്ടന്‍ ആസ്ഥാനമായുള്ള കമ്പനിയുടെ ഉപകമ്പനികളില്‍നിന്ന് കൈപ്പറ്റിയ സംഭാവന എഫ്.സി.ആര്‍.എ. നിയമത്തിന്റെ ലംഘനമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തുറമുഖമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി.
ജനപ്രാതിനിധ്യനിയമത്തിലെ 29 ബി വകുപ്പിന്റെ ലംഘനംകൂടിയാണിത്. വേദാന്ത റിസോഴ്‌സസ് എന്ന കമ്പനിയുടെ 2011-12 ലെ വാര്‍ഷികറിപ്പോര്‍ട്ട് പ്രകാരം 28 കോടി രൂപ കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവനയായി നല്‍കിയിട്ടുണ്ട്.