ക്രൈം ഡെസ്‌ക്
കണ്ണൂർ തലശേരി കുട്ടിമാക്കൂലിൽ ദളിത് കുടുംബത്തിനുനേരെയുണ്ടായ അതിക്രമം സംബന്ധിച്ച കേസിൽ സാക്ഷി പറയാൻ കോൺഗ്രസുകാർ പോലും തയാറാവുന്നില്ലെന്ന് റിപ്പോർട്ട്. തലേശരി ബ്ലോക്ക് ജനറൽ സെക്രട്ടറിയും ഐഎൻടിയുസി നേതാവുമായ കുട്ടിമാക്കൂലിലെ കുനിയിൽ രാജന്റെ കുടുംബത്തെ സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന കേസിലാണ് സാക്ഷി പറയാൻ ആളെകിട്ടാത്തത്.
സിപിഎം പ്രവർത്തകർ ജാതിപ്പേര് വിളിച്ച് അപമാനിച്ചതിനെതിരേ രാജന്റെ മക്കളായ അഞ്ജുനയും അഖിലയും പാർട്ടി ഓഫീസിൽ കയറിച്ചെന്ന് ചോദ്യം ചെയ്തിരുന്നു. തുടർന്ന് ഒരു സംഘം രാജനെയും മക്കളെയും ആക്രമിച്ചിരുന്നു. തുടർന്ന് ഇവർ ഇക്കാര്യം പരാതിപ്പെടുകയും ചെയ്തിരുന്നു. ഈ കേസിലാണ് സാക്ഷി പറയാൻ ആളില്ലാത്തത്. അതേസമയം രാജ്യശ്രദ്ധ നേടിയ സംഭവത്തിൽ രാജന്റെ കുടുംബത്തിനു സഹായമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ ആവശ്യമായ നിയമസഹായം നല്കാമെന്നാണ് ബിജെപി നേതൃത്വത്തിന്റെ വാഗ്ദാനം.
സിപിഎമ്മിനെ ഭയന്നാണ് പ്രവർത്തകരാരും സാക്ഷി പറയാൻ തയാറാകത്തതെന്നാണ് കോൺഗ്രസ്് നേതൃത്വം പറയുന്നത്. ദേശീയ പട്ടികജാതി കമ്മീഷന് മുന്നിൽ ഹാജരാകാൻ ദൽഹിയിലേക്കുള്ള വിമാന ടിക്കറ്റും താമസസൗകര്യവും നൽകാൻ തയ്യാറാണെന്ന് ബിജെപി അറിയിച്ചിട്ടുണ്ട്. പ്രശ്‌നത്തിൽ ദളിത് സംഘടനകളുമായി യോജിച്ച് പ്രക്ഷോഭം സംഘടിപ്പിക്കാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ദളിത് പീഡനങ്ങളിൽ പാർട്ടിയുടെ സത്‌പേര് ഇടിയുന്നത് തടയാൻ ഇതുമൂലം സാധിക്കുമെന്ന് ബിജെപി നേതൃത്വം കരുതുന്നു.
അതേസമയം, ബിജെപിയുടെ അപ്രതീക്ഷിത നീക്കം സിപിഎമ്മിനെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവസമയത്ത് കെപിസിസിയുടെ നേതൃത്വത്തിൽ തലശേരിയിൽ വലിയ പ്രതിഷേധം അരങ്ങേറിയിരുന്നു. പിന്നീട് വിവാദം കെട്ടടങ്ങുകയും ചെയ്തിരുന്നു. ഇപ്പോൾ ബിജെപി വിഷയം കുത്തിപ്പൊക്കുന്നത് സിപിഎം ഗൗരവമായിട്ടാണ് കാണുന്നത്.