ഡി.സി.സി.പുനഃസംഘടനയ്ക്ക് കളമൊരുങ്ങി,കണ്ണൂര്‍ എന്താകും ?

തിരുവനന്തപുരം: കോണ്‍ഗ്രസ് ഡി.സി.സി.കള്‍ പുനഃസംഘടിപ്പിക്കുന്നു.വയനാട്, കാസര്‍കോട് ഡി.സി.സി.കള്‍ തിരഞ്ഞെടുപ്പിന് മുമ്പ് പുനഃസംഘടിപ്പിച്ചിരുന്നു. മറ്റുജില്ലകളിലെ ഡി.സി.സി. ഭാരവാഹികളുടെ പട്ടിക 14നകം നല്‍കാന്‍ ജില്ലാ നേതൃത്വത്തോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയ കോണ്‍ഗ്രസ് നേതൃത്വം ഓരോ ജില്ലയിലെയും സംഘടനാതല വീഴ്ച പരിശോധിച്ചിരുന്നു. തിരിച്ചടിയുടെ കാരണം കണ്ടെത്താന്‍ കെ.പി.സി.സി. ഭാരവാഹികളെ എല്ലാ ജില്ലകളിലേക്കും അയച്ചു. ഇതിനുപുറമെ ജില്ലാ നേതാക്കളെ കെ.പി.സി.സി. യിലേക്ക് വിളിച്ച് ഉമ്മന്‍ ചാണ്ടി, വി.എം. സുധീരന്‍, രമേശ് ചെന്നിത്തല എന്നിവരും ചര്‍ച്ച നടത്തിയിരുന്നു.
കഴിഞ്ഞദിവസം മൂന്നുനേതാക്കളും വീണ്ടുമിരുന്ന് ജില്ലകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വീണ്ടും വിലയിരുത്തി. തുടര്‍ന്നാണ് ഡി.സി.സി. ഭാരവാഹികളുടെ പുനഃസംഘടന നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ ഡി.സി.സി. പ്രസിഡന്റുമാരെ മാറ്റുന്ന കാര്യത്തില്‍ തീരുമാനമായില്ല. ഫലം തീരെ മോശമായ ജില്ലകളില്‍ പ്രസിഡന്റുമാരെ മാറ്റണമെന്ന ആവശ്യമുയര്‍ന്നിരുന്നു. എല്ലാവരെയും മാറ്റി പുതിയ ഡി.സി.സി. പ്രസിഡന്റുമാര്‍ വരട്ടെയെന്ന നിര്‍ദേശവും വന്നു.
എന്നാല്‍ എല്ലാ പ്രസിഡന്റുമാരെയും മാറ്റുകയെന്നത് പ്രായോഗികമല്ല. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അത് വേണ്ടെന്നാണ് ധാരണ. എന്നാല്‍ പ്രവര്‍ത്തനം തീരെ മോശമായ ജില്ലകളില്‍ അധ്യക്ഷന്മാര്‍ക്ക് ചിലപ്പോള്‍ മാറ്റം വരാം. ഇക്കാര്യം സുധീരനും ഉമ്മന്‍ ചാണ്ടിയും രമേശും കൂടി തീരുമാനിക്കും.
പത്തുവര്‍ഷമായവരെയും പ്രവര്‍ത്തനം മോശമായവരെയും ജില്ലാ ഭാരവാഹിപ്പട്ടികയില്‍ നിന്നൊഴിവാക്കും. നേരത്തെ ഡി.സി.സി. പുനഃസംഘടനയ്ക്ക് ഏതാണ്ടെല്ലാ ജില്ലകളിലും പട്ടികയായതാണ്. എന്നാല്‍ എ, ഐ ഗ്രൂപ്പുകള്‍ ഈ സ്ഥാനങ്ങള്‍ പങ്കിട്ടെടുക്കുകയാണെന്ന വിമര്‍ശം വന്നു. സുധീരന്‍ മുന്‍കൈയെടുത്ത് ആദ്യം പട്ടികയായ വയനാട്, കാസര്‍കോട് ജില്ലകളില്‍ ഗ്രൂപ്പുകള്‍ നല്‍കിയ പട്ടികയില്‍ ചിലരെക്കൂടി ഉള്‍പ്പെടുത്തി. ഇതിനെതിരെ ഗ്രൂപ്പുകള്‍ ഒന്നിച്ച് ബാക്കിയുള്ള ജില്ലകളിലെ പട്ടിക നല്‍കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. പുനഃസംഘടന മുടങ്ങാന്‍ ഇതാണ് കാരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top