കോൺഗ്രസിൽ വെടി നിർത്തൽ: ചാണ്ടി ഉമ്മൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റാവും; മധ്യസ്ഥനായത് വേണുഗോപാലും മുരളിയും

രാഷ്ട്രീയ ലേഖകൻ

തിരുവനന്തപുരം: ജില്ലാ കോൺഗ്രസ് കമ്മിറ്റികൾ വീതം വയ്ക്കുന്നതിനെച്ചൊല്ലി കോൺഗ്രസിൽ തുടക്കമിട്ട ഗ്രൂപ്പ് പോരിനു പര്യവസാനമാകുന്നതായി റിപ്പോർട്ട്. രാജ്യത്ത് ഏറ്റവും ശക്തമായ സംഘടനാ സംവിധാനമുള്ള സംസ്ഥാനങ്ങളിൽ ഒന്നായ കേരളത്തിലെ പാർട്ടിയ്ക്കുള്ളിലെ രമ്യമായി പരിഹരിക്കുന്നതിനു എഐസിസി വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധി തന്നെ നേരിട്ട് ഇടപെട്ടു. ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റാക്കാമെന്നും, ഉമ്മൻചാണ്ടിയുടെ നോമിനികളായവർക്കു കെഎസ് യുവിലും യൂത്ത് കോൺഗ്രസിലും പാർട്ടിയിലും അർഹമായ പരിഗണന നൽകുമെന്നുമാണ് ധാരണയിൽ എത്തിച്ചേർന്നിരിക്കുന്നത്. ഗ്രൂപ്പ് സമവാക്യങ്ങളിൽ പോലും പൊളിച്ചെഴുത്തിനു കാരണമാകുകയും ചെയ്ത ജില്ലാ കോൺഗ്രസ് കമ്മിറ്റി പുനസംഘടന ഉമ്മൻചാണ്ടിയ്ക്കു നേട്ടം നൽകി അവസാനിക്കുമെന്ന സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്.
സംസ്ഥാനത്തെ പതിനാല് ഡിസിസികളുടെ പുനസംഘടനയാണ് ഒരിടവേളയ്ക്കു ശേഷം സംസ്ഥാന കോൺഗ്രസിൽ ഗ്രൂപ്പ് യുദ്ധം വീണ്ടും സജീവമാക്കിയത്. ഉമ്മൻചാണ്ടി നയിക്കുന്ന എ ഗ്രൂപ്പിനു അർഹമായ പ്രാതിനിധ്യം ജില്ലാ കോൺഗ്രസ് കമ്മിറ്റികൾ പങ്കുവച്ചപ്പോൾ ലഭിച്ചില്ലെന്നതായിരുന്നു പ്രധാന ആരോപണം. ഇതേച്ചൊല്ലി ഉമ്മൻചാണ്ടി തുടങ്ങിവച്ച വിവാദം സകല സീമകളും ലംഘിക്കുകയായിരുന്നു. തന്റെ സ്വന്തം ജില്ലയായ കോട്ടയത്തു പോലും ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിൽ നിന്നു വിട്ടു നിന്ന ഉമ്മൻചാണ്ടി തന്റെ പ്രതിഷേധം ശക്തമായി രേഖപ്പെടുത്തുകയും ചെയ്തു. ഇതേ തുടർന്നു എ ഐ ഗ്രൂപ്പുകൾ പരസ്യമായി രംഗത്ത് വരികയും, സുധീരനെതിരെ പ്രത്യഘവും പരോക്ഷവുമായ ആക്രമണം നടത്തുകയുമായിരുന്നു. പരസ്യവിമർശനം രൂക്ഷമാകുകയും, കെ.മുരളീധരനും രാജ്‌മോഹൻ ഉണ്ണിത്താനും പരസ്യമായി ഏറ്റുമുട്ടുകയും ചെയ്തതോടെയാണ് ഹൈക്കമാൻഡ് പ്രശ്‌നത്തിൽ ഇടപെട്ടത്.
കെ.മുരളീധരനും കെ.സി വേണുഗോപാലും ഹൈക്കമാൻഡുമായും, പ്രത്യേകിച്ചു രാഹുൽഗാന്ധിയുമായും ചർച്ച നടത്തി പ്രശ്‌നത്തിൽ രമ്യമായ പരിഹാരം വേണമെന്നു നിർദേശിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെ ഹൈക്കമാൻഡ് യൂത്ത് കോൺഗ്രസ് അധ്യക്ഷനാക്കാൻ ധാരണയിൽ എത്തിച്ചേർന്നിരിക്കുന്നത്. വെള്ളിയാഴ്ച ഡൽഹിയിൽ രമേശ് ചെന്നിത്തലയും, ഉമ്മൻചാണ്ടിയും സുധീരനുമായി ചേർന്ന് നടത്തുന്ന ചർച്ചയ്ക്കു ശേഷം ഇതു സംബന്ധിച്ചു തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top