തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസ് ഗ്രൂപ്പുപോര് അതിശക്തമാകുന്നതീന്റെ സൂചനകള്‍ പുറത്തുവരുന്നു .അടുത്ത ആറുമാസത്തിനുള്ളില്‍ നടക്കേണ്ട നിയമസഭാ-തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളുടെ മുറുകിയതോടെ സംസ്ഥാന കോണ്‍ഗ്രസില്‍ ഗ്രൂപ്പ് വൈരങ്ങള്‍ കത്തികള്‍ മുറുകുന്ന കാഴ്ച്ചകളാണ് കാണുന്നത്.കെപിസിസി അധ്യക്ഷന്‍ വി എം സുധീരനെതിരേ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും കൈകോര്‍ത്ത് പുതിയൊരു പോരാട്ടഗ്രൂപ്പുണ്ടാക്കുന്നതായും റിപ്പോര്‍ട്ടുകള്‍.എന്നാല്‍ എ, ഐ അച്ചുതണ്ടിന് അല്‍പായുസെന്ന് ഗ്രൂപ്പില്ലായെന്നു പറയപ്പെടുന്ന സുധീരനെ പിന്തുണക്കുന്ന ‘സുധീരഗ്രൂപ്പും പറയുന്നു.വിഷയം രൂക്ഷമാകുന്നതിനനുസരിച്ച്
ഹൈക്കമാന്‍ഡ് ഇടപെടും എന്നും വാര്‍ത്തകള്‍ .ഗ്രൂപ്പില്ലാ വേഷം ഉള്ള കെ.പി.സി.സി.പ്രസിഡന്റ് സുധീരനും ഗ്രൂപ്പ് കളിക്കുന്നുവെന്ന് ഉമ്മന്‍ചാണ്ടി-രമേശ് ചെന്നിത്തല ക്യാമ്പുകള്‍ ആരോപണം ഉന്നയിച്ചുകഴിഞ്ഞു. അതേസമയം താഴേതട്ടില്‍ എ,ഐ ഗ്രൂപ്പുകള്‍ക്കുപുറമേ വാര്‍ഡുതലത്തില്‍പോലും ഇവയിലൊന്നുംപെടാത്ത ഗ്രൂപ്പുമാനേജര്‍മാരും രംഗത്തിറങ്ങി. ഒരു വാര്‍ഡില്‍ത്തന്നെ തദ്ദേശസ്വയംഭരണ തെരഞ്ഞടുപ്പിലെ സീറ്റിനുവേണ്ടിയുളള പോരില്‍ പത്തുവരെ ഗ്രൂപ്പുകള്‍ പടയ്ക്കിറങ്ങി. കോണ്‍ഗ്രസില്‍ സമീപകാലത്തെങ്ങും ദൃശ്യമാകാത്ത വിധത്തില്‍ കലാപക്കൊടികളുടെ പൊടിപൂരം.
ചൊവ്വാഴ്ച ചേര്‍ന്ന കെപിസിസി എക്സിക്യൂട്ടീവ് യോഗം തന്നെ ഭിന്നതകള്‍ മറനീക്കിയെത്തിയ രംഗവേദിയായപ്പോള്‍ തമ്മില്‍ത്തല്ലിന്റെ തീവ്രതയെക്കുറിച്ച് സുധീരനുതന്നെ പറയേണ്ടി വന്നത് യാദൃച്ഛികമല്ലെന്ന് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു. ഗ്രൂപ്പുകള്‍ക്കെതിരേ ശബ്ദമുയര്‍ത്തുന്ന കെപിസിസി പ്രസിഡന്റ് തന്നെ സ്വന്തം ഗ്രൂപ്പുണ്ടാക്കി പാര്‍ട്ടിയില്‍ പിടിമുറുക്കുന്ന തീവ്രയജ്ഞത്തില്‍ വ്യാപൃതനാണെന്നായിരുന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോടടുത്ത വൃത്തങ്ങളുടെ ആരോപണം. വയനാട്ടിലെ കോണ്‍ഗ്രസ് ഡി സി സി പുനഃസംഘടന സുധീരന്റെ ഗ്രൂപ്പുകളിയുടെ പ്രത്യക്ഷോദാഹരണമാണെന്നും ഈ കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു മുമ്പുതന്നെ ഡിസിസി പുനഃസംഘടന പൂര്‍ത്തിയാക്കണമെന്ന സുധീരന്റെ അഭിപ്രായത്തിനു നിര്‍വാഹക സമിതി യോഗത്തില്‍ മുന്‍തൂക്കം ലഭിച്ചത് എ, ഐ ഗ്രൂപ്പു പടത്തലവന്മാരായ ഉമ്മന്‍ചാണ്ടിയേയും രമേശിനെയും ഞെട്ടിച്ചുവെന്നാണ് കെപിസിസി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഡിസിസികള്‍ പുനഃസംഘടിപ്പിച്ച പട്ടികകള്‍ നിശ്ചിത സമയത്തിനുള്ളില്‍ നല്‍കിയില്ലെങ്കില്‍ ജില്ലാ കമ്മിറ്റികള്‍ പിരിച്ചുവിടുമെന്ന് സുധീരന്‍ നല്‍കിയ മൂന്നാര്റിയിപ്പ് എ, ഐ ഗ്രൂപ്പുകളുടെ പുതിയൊരു അച്ചുതണ്ടിനാണ് വഴിമരുന്നിട്ടത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞു മതി ഡിസിസി പുനഃസംഘടനയെന്ന് ഉമ്മന്‍ചാണ്ടിയും രമേശും സുധീരനെ നേരില്‍ കണ്ട് ആവശ്യപ്പെട്ടത് സുധീരന്‍ വിരുദ്ധ യുദ്ധതന്ത്രങ്ങള്‍ക്കു പുതിയ മാനം നല്‍കിയിരിക്കുന്നു.
പുനഃസംഘടന പൂര്‍ത്തീകരണത്തിന്റെ അവസാന മിനുക്കുപണികളിലേര്‍പ്പെട്ടിരിക്കേ അതിനു മോറട്ടോറിയം പ്രഖ്യാപിക്കുന്നത് ശരിയല്ലെന്നുപറഞ്ഞ കെപിസിസി പ്രസിഡന്റ് മുഖ്യമന്ത്രിയുടേയും ആഭ്യന്തര മന്ത്രിയുടേയും ആവശ്യത്തിനു വഴങ്ങാത്തത് എ, ഐ ഗ്രൂപ്പുകളെ വല്ലാതെ പ്രകോപിപ്പിച്ചിട്ടുണ്ട്. കാസര്‍കോടും വയനാട്ടിലും പുനഃസംഘടന പൂര്‍ത്തിയായി. അവശേഷിക്കുന്ന പത്തു ഡിസിസികള്‍ എ,ഐ ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലാണുതാനും. പുനഃസംഘടനയുടെ ശേഷിക്കുന്ന പട്ടിക ഡിസിസികള്‍ നല്‍കില്ലെന്ന പ്രഖ്യാപനം ഇരു ഗ്രൂപ്പുകളില്‍ നിന്നും ഇന്നലെ ഉണ്ടായതോടെ സുധീരനുമായുള്ള ഒരു തുറന്ന പോരിനു കളമൊരുങ്ങിക്കഴിഞ്ഞു. സുധീരന്റെ ഏകാധിപത്യ വാഴ്ചയെക്കുറിച്ച് ഇരു ഗ്രൂപ്പുകളും എ കെ ആന്റണിയോടു പരാതിപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ മാത്രമേ പുനഃസംഘടന മാറ്റിവയ്ക്കൂ എന്ന് സുധീരനോട് അടുത്ത ഒരു ഉന്നതന്‍ ഇന്നലെ വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് എത്തി നില്‍ക്കുമ്പോള്‍ സുധീരന്‍ ഏകപക്ഷീയമായി പുനഃസംഘടനയ്ക്കുവേണ്ടി ശാഠ്യം പിടിക്കുന്നതിന്റെ പൊരുള്‍ രാഷ്ട്രീയ കേന്ദ്രങ്ങള്‍ കാണാതിരിക്കുന്നില്ല. പുനഃസംഘടന നടന്നാല്‍ പന്ത്രണ്ടു ജില്ലകളിലും എ, ഐ ഗ്രൂപ്പു പോര് ഇപ്പോഴത്തെ അച്ചുതണ്ട് മറന്ന് മറനീക്കി വരും. ഈ പടയ്ക്കിടയില്‍ ഇരു ഗ്രൂപ്പിലും പെടാത്ത പുതിയ തിരുത്തല്‍ ശക്തികള്‍ ഡിസിസി നേതൃത്വങ്ങള്‍ പിടിച്ചടക്കുമെന്നാണ് സുധീരന്റെ കണക്കുകൂട്ടല്‍. അങ്ങനെ സംഭവിച്ചാല്‍ കെപിസിസി പ്രസിഡന്റ് അതിശക്തനാകും. അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ എസ് ശബരീനാഥന്റെ വിജയത്തിന്റെ പിതൃത്വം അവകാശപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആര്‍ജിച്ച അപ്രമാദിത്വം ഇതോടെ അപ്രസക്തമാകുമെന്ന അങ്കഗണിതവും സുധീരന്‍ ക്യാമ്പിലുണ്ട്.
പുനഃസംഘടനയെന്നാല്‍ കുടത്തിലെ ഭൂതത്തെ തുറന്നുവിടുന്നതിനു തുല്യമാണെന്ന് എ, ഐ ഗ്രൂപ്പുകള്‍ ഭയക്കുന്നതുകൊണ്ടാണ് ആ പണി ഇപ്പോള്‍ വേണ്ടെന്ന കടുത്ത നിലപാടിലേക്ക് ഉമ്മന്‍ചാണ്ടിയെയും രമേശിനെയും കൊണ്ടുചെന്നെത്തിച്ചിരിക്കുന്നതെന്ന നിഗമനത്തിലും പതിരില്ല. മാത്രമല്ല തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ പരമാവധി സ്ഥാനാര്‍ഥികളെ രംഗത്തിറക്കാന്‍ ഇരു ഗ്രൂപ്പുകളും ശ്രമിക്കും . ഇപ്പോള്‍ ഐ ഗ്രൂപ്പിനോടൊത്തു നില്‍ക്കുന്ന വയലാര്‍ രവി-സുധാകരന്‍ ഗ്രൂപ്പുകളും വമ്പന്‍ അവകാശവാദങ്ങളുമായി അവതരിക്കുമ്പോള്‍ ഗ്രൂപ്പ് സമവാക്യങ്ങള്‍ ആകെ തകിടം മറിയും. തെരഞ്ഞെടുപ്പിന്റെ കാഹളത്തെക്കാള്‍ ഉച്ചത്തില്‍ ജനത്തിനു കേള്‍ക്കേണ്ടിവരിക ഗ്രൂപ്പുകലാപത്തിന്റെ പോര്‍വിളികളായിരിക്കും. ഗ്രൂപ്പ് രഹിതനായ തനിക്കു മൂക്കുകയറിടാനാണ് ഗ്രൂപ്പുകളുടെ മാനേജര്‍മാര്‍ ശ്രമിക്കുന്നതെന്ന സുധീരന്റെ മുറവിളി ഗ്രൂപ്പുകളില്‍പ്പെടാത്തവരുടെ സഹതാപം പിടിച്ചുപറ്റാനും സഹായിക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
പക്ഷേ ഇതെല്ലാം കോണ്‍ഗ്രസില്‍ ഉരുണ്ടുകൂടിയ കലാപത്തിലെ ഒരു മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്ന സംഘടനാ വിശകലനവുമുണ്ട്. കാരണം പ്രഖ്യാപിത ഗ്രൂപ്പുകളുടെ പല മടങ്ങ് ഗ്രൂപ്പുകള്‍ ബൂത്ത്, വാര്‍ഡ്, മണ്ഡലം തലങ്ങളില്‍ പിറവിയെടുത്തുകഴിഞ്ഞു. പലേടത്തും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ സീറ്റുകളെച്ചൊല്ലിയുള്ള അവകാശവാദം കയ്യാങ്കളിയിലും തെരുവ്‌യുദ്ധത്തിലും വരെ എത്തിനില്‍ക്കുന്നു. ഇക്കണക്കിനു പോയാല്‍ പേരിട്ട ഗ്രൂപ്പുകളും പേരിടാത്ത ഗ്രൂപ്പുകളും സ്വകാര്യ ഗ്രൂപ്പുകളും തമ്മിലുള്ള പോരാട്ടം ക്രമസമാധാന പ്രശ്നങ്ങള്‍വരെ സൃഷ്ടിക്കുമെന്ന ആശങ്കയും വളര്‍ന്നുവരുന്നു.
ഭരണം ‘അതിവേഗം ബഹുദൂരം’ മുന്നോട്ടുകൊണ്ടുപോകാന്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ ആഴ്ചയില്‍ നാലുദിവസം തലസ്ഥാനത്തുണ്ടാകണമെന്ന തന്റെ നിര്‍ദേശത്തിനു പിന്തുണനേടാന്‍ സുധീരനും ശ്രമിക്കുന്നു. എല്ലാ മന്ത്രിമാരും ഗ്രൂപ്പുകളുടെ മാനേജര്‍മാരായതിനാല്‍ ഭരണത്തിന് അവധി നല്‍കി ഗ്രൂപ്പുകളിക്കാന്‍ മന്ത്രിമാര്‍ ശ്രമിക്കുന്നു.