ന്യൂഡല്‍ഹി:ഗ്രൂപ്പ് പോര് രൂക്ഷമായ കോണ്‍ഗ്രസില്‍ പ്രശ്‌നപരിഹാരത്തിനായി ഹൈക്കമാന്‍ഡ് ഇടപെടുന്നു. കേരളത്തിലെ പാര്‍ട്ടി നേതാക്കള്‍ പരസ്യ പ്രസ്താവന നടത്തുന്നത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിലക്കി. ഹൈക്കമാന്‍ഡിന്‍റെ നിര്‍ദേശം കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് ആണ് മാധ്യമങ്ങളെ അറിയിച്ചത്.
പാര്‍ട്ടിയില്‍ ഇപ്പോള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന പരസ്യപ്രസ്താവനകള്‍ വിലക്കിയതായി കേരളത്തിന്റെ ചുമതലയുള്ള ഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്ക് വ്യക്തമാക്കി.
പരസ്യപ്രസ്താവനകളെ ഹൈക്കമാന്‍ഡ് ഗൗരവമായി കാണുന്നുണ്ട്. പറയേണ്ട കാര്യങ്ങള്‍ അതാത് വേദികളില്‍ മാത്രമേ പറയാന്‍ പാടുള്ളു. നേതാക്കള്‍ തമ്മിലുണ്ടായ വാഗ്വാദം പാര്‍ട്ടിക്ക് വലിയ ക്ഷീണമാണുണ്ടാക്കിയിരിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പാര്‍ട്ടിയുടെ ജന്മദിനത്തില്‍ സംസ്ഥാനത്തെ ഗ്രൂപ്പ് പോര് തെരുവുയുദ്ധത്തില്‍ എത്തിയ പശ്ചാത്തലത്തിലാണ് ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് അടിയന്തരമായി ഇടപ്പെട്ടത്. അതേസമയം, നേതാക്കള്‍ തമ്മിലുള്ള വാക്പോരില്‍ തന്റെ അതൃപ്തി പരസ്യമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയും രംഗത്തെത്തിയിരുന്നു.