ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചനിലയില്‍; മരിച്ചത് കോണ്‍ഗ്രസ് നേതാവും ഭാര്യയും മകനും, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍

മട്ടന്നൂര്‍: മട്ടന്നൂര്‍ ചാവശേരിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചനിലയില്‍. കോണ്‍ഗ്രസ് ഇരിട്ടി മണ്ഡലം സെക്രട്ടറിയും ഇരിട്ടി പയഞ്ചേരിമുക്കിലെ എന്‍ആര്‍ഐ വെല്‍ഫെയര്‍ സൊസൈറ്റി ജീവനക്കാരനുമായ ചാവശേരി ഹയര്‍സെക്കന്‍ഡറി സ്കൂളിനു സമീപത്തെ കോട്ടപ്പുറംവീട്ടില്‍ എം. രാജീവന്‍ (45), ഭാര്യയും ചാവശേരി സര്‍വീസ് സഹകരണ ബാങ്കിലെ സ്വീപ്പറുമായ കെ.പി. ചിത്രലേഖ (34), ചാവശേരി ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എട്ടാംതരം വിദ്യാര്‍ഥിയായ കെ.പി. അമല്‍രാജ് (13) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലായ മകള്‍ കെ.പി. അമിതാരാജ് (12) കണ്ണൂര്‍ എകെജി ആശുപത്രിയിലെ തീവ്രപരിചണ വിഭാഗത്തിലാണുള്ളത്. ഇന്നു പുലര്‍ച്ചെ അഞ്ചോടെ വീടിനു പുറകുവശത്തുള്ള കശുമാവിന്‍തോട്ടത്തിലാണ് ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. രാജീവിന്റെ മൃതദേഹം കശുമാവിന്‍കൊമ്പില്‍ തൂങ്ങിയ നിലയിലായിരുന്നു.

രാജീവന്റെ തറവാട്ടുവീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. പുലര്‍ച്ചെ 4.30ഓടെ ഇരിക്കൂറിലുള്ള മാമാനത്ത് അമ്പലത്തിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ഇവര്‍ വീട്ടില്‍നിന്നിറങ്ങിയത്. കുറച്ച്‌സമയം കഴിഞ്ഞ് ഇളയമകള്‍ അമിതാരാജ് വീട്ടിലേക്ക് ഓടിയെത്തുകയും അച്ഛനും അമ്മയും ഞങ്ങള്‍ക്ക് വിഷം തന്നു എന്ന് വീട്ടുകാരോട് പറയുകയുമായിരുന്നു. തുടര്‍ന്ന് വീട്ടുകാരും അയല്‍വാസികളും കശുമാവിന്‍തോട്ടത്തില്‍ ഓടിയെത്തുകയും രാജീവനെ കശുമാവിന്‍കൊമ്പില്‍ തൂങ്ങിമരിച്ച നിലയിലും ചിത്രലേഖയേയും അമല്‍രാജിനെയും ഗുരുതരമായ അവസ്ഥയിലും കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതുവഴി അമല്‍രാജും ചിത്രലേഖയും മരണപ്പെടുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഐസ്ക്രീമില്‍ കീടനാശിനി കലര്‍ത്തി കഴിച്ചാണ് ഇവര്‍ മരിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സമീപത്തുനിന്നും ഐസ്ക്രീമിന്റെ കപ്പുകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. രാജീവന്‍ എഴുതിയതെന്നു കരുതുന്ന കത്ത് വീട്ടില്‍നിന്ന് പോലീസ് കണ്ടെടുത്തു. കത്തില്‍ കടബാധ്യതയുണ്ടെന്ന് എഴുതിയിട്ടുണ്ട്. പണം കൊടുക്കാനുള്ളവരുടെയും തരാനുള്ളവരുടെയും ഒരു ലിസ്റ്റും കത്തിലുണ്ട്. രാജീവന്‍ തറവാടുവീടിനു സമീപം പുതിയവീട് നിര്‍മിച്ചിരുന്നെങ്കിലും മൂന്നുവര്‍ഷം മുമ്പ് വില്‍പന നടത്തിയശേഷം തറവാടുവീട്ടിലേക്കു താമസം മാറുകയായിരുന്നു. മട്ടന്നൂര്‍ സിഐ ടി. ഉത്തംദാസ്, എസ്‌ഐ കെ.വി. സ്മിതേഷ് എന്നിവര്‍ സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൂന്നുപേരുടെയും മൃതദേഹങ്ങള്‍ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കയാണ്.

പരേതനായ കോട്ടപ്പുറം ബാലന്‍-എം. ദേവി ദമ്പതികളുടെ മകനാണ് രാജീവന്‍. രാജേഷ്, രഞ്ജിത്ത് എന്നിവര്‍ സഹോദരങ്ങളാണ്. തില്ലങ്കേരി ചാളപ്പറമ്പിലെ കൂഞ്ഞാറക്കുന്നില്‍ കുഞ്ഞിരാമന്‍-സരസ്വതി ദമ്പതികളുടെ മകളാണ് ചിത്രലേഖ. സഹോദരങ്ങള്‍: മനോജ്, രാജേഷ്, വിജേഷ്.

Top