കോണ്‍ഗ്രസ്സ് നേതാവ് ബെന്നി ബഹനാനെ കാസര്‍ഗോഡ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഒരു കേസ്സുമായി ബന്ധപ്പെട്ട് നിരവധി സമന്‍സ് അയച്ചിട്ടും കോടതിയില്‍ ഹാജരാകാത്തതിനാണ് ഇപ്പോഴത്തെ നടപടി.
കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം ദിനപത്രത്തില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത വന്നെന്നു കാട്ടി തൃക്കരിപ്പൂര്‍ സ്വദേശി മുണ്ട്യയില്‍ ഗോപാലന്‍ നല്‍കിയ പരാതിയിലാണ് എതിര്‍കക്ഷിയായ പത്രത്തിന്റെ മാനേജിങ് ഡയറക്ടറായ ബെന്നി ബഹന്നാന് കോടതി സമന്‍സ് അയച്ചത്.
പ്രദേശത്തെ കാവില്‍ നിന്നും ഭണ്ഡാരം തകര്‍ത്ത മുണ്ട്യയില്‍ ഗോപാലനെ നാട്ടുകാര്‍ പിടികൂടി ബന്ധനസ്ഥനാക്കി എന്ന രീതിയില്‍ വീക്ഷണം വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ തന്നെ ആരും ഇത്തരത്തില്‍ പിടിച്ചുകെട്ടിയിട്ടില്ലെന്നും മാനഹാനിയുണ്ടാക്കുന്ന തരത്തില്‍ വാര്‍ത്ത നല്‍കിയ പത്രസ്ഥാപനത്തില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കിത്തരണമെന്നും കാട്ടിയാണ് ബെന്നി ബെഹന്നാനെ എതിര്‍കക്ഷിയാക്കി ഗോപാലന്‍ കോടതിയെ സമീപിച്ചത്.
2013 മുതല്‍ കോടതി അയച്ച സമന്‍സുകളില്‍ ഹാജരാവുകയോ ഏതെങ്കിലും തരത്തില്‍ വിശദീകരണം നല്‍കാന്‍ തയ്യാറാവുകയോ ചെയ്യാതിരുന്നതിനെത്തുടര്‍ന്നാണ് കോടതി ബെന്നി ബെഹന്നാനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുന്നത്.