പൊളിറ്റിക്കൽ ഡെസ്‌ക്
തിരുവനന്തപുരം: മുൻ കെ.പി.സി.സി പ്രസിഡന്റ് അടക്കം അഞ്ചു മുതിർന്ന നേതാക്കളെ ബിജെപിയിൽ എത്തിക്കാൻ തന്ത്രം ഒരുക്കി ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ. 2021 ൽ കേരളത്തിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി മുൻ കോൺഗ്രസ് നേതാവിനെ തന്നെ രംഗത്ത് ഇറക്കുന്നതിനാണ് ബിജെപി തന്ത്രം. കെപിസിസി പ്രസിഡന്റ് കൂടിയായ നേതാവിനെ ബിജെപി – എൻഡിഎ പാളയത്തിൽ എത്തിക്കുന്നതിനാണ് ഇപ്പോൾ അമിത് ഷാ തന്ത്രം ഒരുക്കിയിരിക്കുന്നത്. ഇതിനായി പത്തു കോൺഗ്രസ് നേതാക്കളുമായി ബിജെപി നേതൃത്വം ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.
കോൺഗ്രസിലെ ജനകീയരായ പത്തു നേതാക്കളുടെ പട്ടികയാണ് അമിത് ഷാ സംസ്ഥാന നേതൃത്വത്തിൽ നിന്നും ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയാക്കിയാൽ ബിജെപിയിലേയ്ക്കു പോരാൻ തയ്യാറായി നിൽക്കുന്ന നേതാക്കളെ കണ്ടെത്താനാണ് നിർദേശം നൽകിയിരിക്കുന്നത്. കോൺഗ്രസിൽ വർഷങ്ങളോളം പ്രവർത്തിച്ചിട്ടും മുഖ്യമന്ത്രിയാകാനുള്ള സാധ്യതകൾ നഷ്ടമായ നേതാക്കളെയാണ് ചാക്കിട്ടു പിടിക്കാൻ ബിജെപി രംഗത്ത് ഇറങ്ങുന്നത്. കേരളത്തിൽ നിന്നു മുൻ കെപിസിസി പ്രസിഡന്റുമാരായ മൂന്നു പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇതോടൊപ്പം ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട നേതാക്കളുടെ പട്ടികയും തയ്യാറാക്കിയിട്ടുണ്ട്.
ബിജെപിയുടെ പാനലിൽ ഇവർ മത്സരിക്കാൻ തയ്യാറായില്ലെങ്കിൽ ഇവർക്കു വേണ്ടി ബിജെപി തന്നെ മുൻകൈ എടുത്ത് പാർട്ടി രൂപീകരിക്കും. തുടർന്നു തിരഞ്ഞെടുപ്പിൽ ബിജെപി പിൻതുണയോടെ മത്സരിപ്പിക്കുന്നതിനും, വിജയിച്ചു കഴിഞ്ഞാൽ എൻഡിഎയുടെ ഭാഗമാക്കി മുഖ്യമന്ത്രിയാക്കാനുമാണ് നീക്കം നടക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ വിജയിച്ച ഇതേ രീതി തന്നെയാണ് കേരളത്തിലും അമിത് ഷായും കൂട്ടരും പയറ്റുന്നത്.