മാണിയുടെ രാജി ആവശ്യപ്പെടാന്‍ കോണ്‍ഗ്രസ്; മാണി രാജി വച്ചാല്‍ മുന്നണി വിടുമെന്നു കേരള കോണ്‍ഗ്രസ് ഭീഷണി; മാണിയെ രഹസ്വമായി സ്വാഗതം ചെയ്ത് ബിജെപി കേന്ദ്ര നേതൃത്വം

കോട്ടയം: തദ്ദേശ സ്വയംഭരണസ്ഥാപന തിരഞ്ഞെടുപ്പില്‍ യുഡിഎഫിനു വന്‍ തിരിച്ചടി നേരിട്ടതിനു പിന്നാലെ യുഡിഎഫില്‍ പൊട്ടിത്തെറി. ബാര്‍ കോഴ ആരോപണമാണ് പരാജയത്തിന്റെ പ്രധാന കാരണമെന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്ത് എത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ കെ.എം മാണി രാജിവയ്ക്കണമെന്ന ആവശ്യമാണ് ഇവര്‍ ഉന്നയിക്കുന്നത്. അല്ലെങ്കില്‍ മന്ത്രി കെ.എം മാണിയെ പുറത്താക്കണമെന്നും കോണ്‍ഗ്രസിലെ പ്രബല വിഭാഗം ആവശ്യപ്പെടുന്നു. എന്നാല്‍, മാണി രാജിവയ്‌ക്കേണ്ടി വരികയോ, പുറത്താക്കുകയോ ചെയ്താല്‍ മുന്നണി വിടുമെന്ന ഭീഷണി ഉയര്‍ത്തിയാണ് ഇപ്പോള്‍ കേരള കോണ്‍ഗ്രസ് രംഗത്ത് എത്തിയിരിക്കുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനു തിരിച്ചടി നേരിട്ടതിന്റെ കാര്യം കേരള കോണ്‍ഗ്രസ് നേരിടുന്ന ബാര്‍ കോഴ ആരോപണമാണെന്നാരോപിച്ചു കോണ്‍ഗ്രസ് നേതാവ് ടി.എന്‍ പ്രതാപന്‍ തന്നെ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ബാര്‍ കോഴ വിവാദത്തില്‍ വന്ന കോടതി വിധിയോടു വി.എം സുധീരനും, എ.കെ ആന്റണിയും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കരുതലോടെയാണ് പ്രതികരിച്ചത്. ജനവിധിക്കു ശേഷം പ്രതികരിക്കാം എന്ന രീതിയിലുള്ള പ്രതികരണമാണ് രണ്ടു പേരുടെയും ഭാഗത്തു നിന്നും ഉണ്ടായത്. അടുത്ത ദിവസം ചേരുന്ന കെപിസിസി എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ വിഷയം ചര്‍ച്ച ചെയ്യാനുള്ള സാധ്യതയും ഏറെയാണ്.
നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ടേയ്ക്കും. കെപിസിസി എക്‌സിക്യൂട്ടിവ് കമ്മിറ്റിയുടെ വികാരം ഇതേ രീതിയിലാണെന്ന സൂചനകളാണ് ലഭിക്കുന്നത്. എന്നാല്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാണിയുടെയും തന്റെയും രാജി എന്ന ആവശ്യം തള്ളിക്കളഞ്ഞിരിക്കുകയാണ്. തിരഞ്ഞെടുപ്പു ഫലം സംബന്ധിച്ചു അന്വേഷണം ആവശ്യമാണെന്ന രീതിയില്‍ മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചതും മാണിയുടെ രാജി എന്ന രീതിയിലേയ്ക്കാണ് കാര്യങ്ങള്‍ മുന്നേറുന്നത്.
എന്നാല്‍, വെള്ളാപ്പള്ളിയുടെ മധ്യസ്ഥതയില്‍ ബിജെപി കേന്ദ്ര നേതൃത്വവുമായി അടുക്കാനും കെഎം മാണി ഇതിനിടയിലും ശ്രമം നടത്തിയിട്ടുണ്ട്. എസ്എന്‍ഡിപി സഖ്യത്തിനു കേരളത്തില്‍ തിരിച്ചടിയുണ്ടായ സാഹചര്യത്തില്‍ എസ്എന്‍ഡിപിയുടെ സഹായത്തോടെ കേരള കോണ്‍ഗ്രസിനെ മുന്നണിയില്‍ എത്തിക്കാനാണ് ഇപ്പോള്‍ ബിജെപി ശ്രമിക്കുന്നത്.

Top