![](https://dailyindianherald.com/wp-content/uploads/2016/10/CONGRESS-DCC.png)
തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിന് പുതുജീവന്‍ നല്‍കുന്നതിന് തീരുമാനിച്ചിരിക്കുന്ന ഡി.സി.സി പുനസംഘടന അട്ടിമറിക്കപ്പെടുന്നു.ഗ്രൂപ്പ് നോക്കാതെ പ്രവര്‍ത്തനമികവും കഴിവും അഴിമതി രഹിത മുഖച്ചായയും ഉള്ളവരെ നേതൃത്വത്തിലേക്ക് കൊണ്ടുവരണം എന്ന കോണ്‍ഗ്രസ് ഹൈക്കമാണ്ടിന്റെ തീരുമാനം പൂര്‍ണ്ണമായി കേരളത്തില്‍ അട്ടിമറിച്ചതായി സൂചന.പരസ്പരം വാദമുഖം ഉന്നയിക്കാതെ പ്രമുഖ ഗ്രൂപ്പുകള്‍ ഡി.സി.സി.കള്‍ വീതം വെപ്പ് പൂര്‍ത്തിയാക്കി .എ’ഗ്രൂപ്പിനും ഐ ഗ്രൂപ്പിനും വീതം വെക്കേണ്ട ജില്ലകള്‍ ധാരണയിലെത്തി .ഒന്നോ രണ്ടൊ ജില്ലകള്‍ സുധീരനും വിട്ടുകൊടുക്കുമ്പോള്‍ കച്ചവടം പൂര്‍ത്തിയാക്കി ഹൈക്കമാണ്ടിനെ കബളിപ്പിക്കുക എന്ന തന്ത്രം തന്നെയാണ് ഗ്രൂപ്പ് മനേജര്‍മാര്‍ നടപ്പില്‍ വരുത്തിയിരിക്കുന്ന പുതിയ തന്ത്രം .അതിനിടെ പുന:സംഘടനയുടെ അവസാനവട്ട ചര്‍ച്ചകള്‍ക്കായി ഹൈകമാന്‍ഡ് പ്രതിനിധികള്‍ ഈയാഴ്ച മധ്യത്തോടെ എത്തും. കേരളത്തിന്‍െറ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്, സെക്രട്ടറി ദീപക് ബാബ്റിയ എന്നിവരാണ് എത്തുന്നത്. ഡി.സി.സി അധ്യക്ഷന്മാരുടെ കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വി.എം. സുധീരനും ഉള്‍പ്പെടെ രാഷ്ട്രീയകാര്യസമിതി അംഗങ്ങളില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിനൊപ്പം വിവിധതലങ്ങളിലെ മറ്റ്നേതാക്കളുമായും അവര്‍ ആശയവിനിമയം നടത്തും.
ഡി.സി.സി അധ്യക്ഷന്മാരുടെ കാര്യത്തില്‍ ഏകദേശ ധാരണയുണ്ടാക്കിയായിരിക്കും ഹൈകമാന്‍ഡ് പ്രതിനിധികള്‍ മടങ്ങുക. അവസാനവട്ട മിനുക്കുപണികള്‍ക്കുശേഷം നവംബര്‍15ഓടെ പ്രഖ്യാപനം നടത്താനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനനേതാക്കളുമായുള്ള ചര്‍ച്ചകള്‍ക്ക് അടുത്തമാസം രണ്ട്, മൂന്ന് തീയതികളില്‍ ഹൈകമാന്‍ഡ്പ്രതിനിധികള്‍ കേരളത്തിലുണ്ടാകും. രണ്ടിന് വൈകീട്ട് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതിയോഗത്തിലും അവര്‍ പങ്കെടുക്കും. നിലവിലെ മുഴുവന്‍ ഡി.സി.സി പ്രസിഡന്‍റുമാരെയും തല്‍സ്ഥാനത്തുനിന്ന് മാറ്റാനാണ് തീരുമാനം. ഒഴിവാക്കപ്പെടുന്നവരെല്ലാം കുറച്ചുനാളത്തേക്ക് ചുമതലകളില്ലാതെ മാറിനില്‍ക്കേണ്ടിവരുമെങ്കിലും അവരില്‍ മികവ് തെളിയിച്ചവരെ പിന്നീട് കെ.പി.സി.സി ഭാരവാഹിത്വത്തിലേക്ക് കൊണ്ടുവരും.
ഗ്രൂപ് വീതംവെപ്പിനുപകരം പ്രവര്‍ത്തനമികവ് അടിസ്ഥാനമാക്കി ഡി.സി.സി പ്രസിഡന്‍റുമാരെ കണ്ടത്തൊനാണ് ഹൈകമാന്‍ഡ് നീക്കം. ഇതിലെ വിയോജിപ്പ് ഗ്രൂപ്നേതൃത്വങ്ങള്‍ അറിയിച്ചെങ്കിലും വഴങ്ങാന്‍ ഹൈകമാന്‍ഡ് തയാറല്ല. ഏത് ഗ്രൂപ്പുകാരനാണെങ്കിലും കഴിഞ്ഞകാലത്തെ പ്രവര്‍ത്തനമികവ് വിലയിരുത്തി മാത്രം ജില്ലാ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിച്ചാല്‍ മതിയെന്നാണ് ഹൈകമാന്‍ഡിന്‍െറ കാഴ്ചപ്പാട്. ഗ്രൂപ്പുകള്‍ പരമ്പരാഗതമായി ജില്ലകള്‍ കൈവശംവെക്കുന്ന രീതിക്കും ഇത്തവണ മാറ്റം വരാം.
ജില്ലാനേതൃത്വത്തിലേക്ക് കഴിയുന്നത്ര യുവാക്കളെ കൊണ്ടുവരണമെന്നാണ് പൊതുധാരണ. വനിതകളുടെയും പട്ടികവിഭാഗക്കാരുടെയും കൂട്ടത്തില്‍ നിന്ന് കുറഞ്ഞത് ഒരാള്‍ വീതം ഡി.സി.സി അധ്യക്ഷസ്ഥാനത്ത് വരും. വനിതകളുടെ കൂട്ടത്തില്‍ നിന്ന് ഷാനിമോള്‍ ഉസ്മാന്‍, ലതികാസുഭാഷ്, പത്മജാവേണുഗോപാല്‍, ബിന്ദു കൃഷ്ണ എന്നിവരെയാണ് സജീവമായി പരിഗണിക്കുന്നത്.
സിറ്റിങ് എം.എല്‍.എ മാരില്‍ നിന്ന് ഡി.സി.സി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ഏകപേരുകാരനായ ഐ.സി. ബാലകൃഷ്ണന്‍ തന്നെയാണ് പട്ടികവിഭാഗത്തിലും മുന്‍ഗണനാ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്