![](https://dailyindianherald.com/wp-content/uploads/2018/02/rahul1-1.png)
കൊച്ചി:സാധാരണ കോൺഗ്രസിൽ സംഭവിക്കാത്ത രീതിയിലാണ് സംഘടനാഭാരവാഹികളെ ഉടൻ മാറ്റില്ലെന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വാർത്താക്കുറിപ്പ് പുറത്തു വന്നത്.”മറിച്ചൊരു തീരുമാനം ഉണ്ടാവും വരെ സംസ്ഥാന,ജില്ലാ പാർട്ടി അധ്യക്ഷന്മാർക്ക് മാറ്റമുണ്ടാകില്ല.”ഇതായിരുന്നു കോൺഗ്രസ് ആസ്ഥാനത്ത് നിന്ന് ഇറങ്ങിയ വാർത്താക്കുറിപ്പിലുണ്ടായിരുന്നത്.
രാഹുലിന്‍റെ വരവോടെ സംഘടന അടിമുടി അഴിച്ചു പണിയുമെന്നായിരുന്നു കരുതിയിരുന്നത്.ഇതുണ്ടാക്കിയ ആശയക്കുഴപ്പം നിലനിൽക്കവെയാണ് രാഹുൽ പുതിയ വാർത്താക്കുറിപ്പിറക്കിയത്.സോണിയ ഗാന്ധി സ്വീകരിച്ച അതേ മാർഗം തന്നെയാണ് രാഹുലും സ്വീകരിക്കുന്നത് എന്നാണ് സൂചന.പഴയ നേതാക്കളെയും പഴയ സംഘടനാ സംവിധാനവും അപ്പാടെ മാറ്റുമെന്ന ഭീതി ഒഴിവാക്കുകയാണ് രാഹുൽ ചെയ്തതെന്ന് കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
“പുന:സംഘടനയുണ്ടാകുമെന്ന സൂചനയിൽ പ്രവർത്തനം മന്ദഗതിയിലായ സംസ്ഥാന കമ്മിറ്റികളെ ചലനാത്മകമാക്കാൻ ഈ തീരുമാനം കൊണ്ട് കഴിഞ്ഞു.”കോൺഗ്രസിന്‍റെ ഒരു മുതിർന്ന നേതാവ് വ്യക്തമാക്കി.
“ഇത് നല്ല തീരുമാനമാണ്.പല സംസ്ഥാനങ്ങളിലും സംഘടനാ തെരഞ്ഞെടുപ്പ് പൂർത്തിയായിട്ടില്ല.അത് പൂർത്തിയായിക്കഴിഞ്ഞേ മാറ്റം വരുത്തുന്നതിൽ അർത്ഥമുളളൂ.എന്നാൽ മാറ്റമുണ്ടാവില്ല എന്നല്ല ഇതിനർത്ഥം.” പാർട്ടിയുടെ ഷെഡ്യൂൾഡ് ട്രൈബ് വകുപ്പ് മേധാവി കിഷോർ ചന്ദ്ര ഡിയോ വ്യക്തമാക്കി.