
തിരുവനന്തപുരം: കെ.പി.സി.സി അദ്ധ്യക്ഷ പദവിയില്‍ നിന്നും വിഎം സുധീരന്‍ രാജി വച്ചത് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ക്ക് ഉണ്ടാക്കുമെന്ന് സൂചന. സുധീരന്‍ രാജി വച്ചത് ശാരീരികമായ അസ്വസ്ഥ്യങ്ങള്‍ മൂലമാണെന്നാണ് അറിയുന്നതെങ്കിലും പിന്നില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നാണ് വിലയിരുത്തല്‍. യുഡിഎഫ് സര്‍ക്കാരിന്റെ പരാജയത്തിനുത്തരവാദിത്വമേറ്റെടുത്ത് ഉമ്മന്‍ചാണ്ടി പദവികള്‍ ഒഴിഞ്ഞതിനു പിന്നാലെ ഇപ്പോള്‍ വി എം സുധീരന്‍ കൂടി രാജിവച്ചതോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ രാജി ആവശ്യവും കോണ്‍ഗ്രസില്‍ സജീവമായി. ഘടകകക്ഷികള്‍ക്കിടയിലും ചെന്നിത്തല പദവി ഒഴിയണമെന്ന വികാരം ശക്തമായി വരുന്നതായാണ് സൂചന.
പുതിയ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടി കെപിസിസി അദ്ധ്യക്ഷ പദം ഏറ്റെടുക്കില്ലെന്ന നിലപാടില്‍ ഉറച്ചു നിന്നാല്‍ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ചെന്നിത്തലയ്ക്ക് മാത്രമായി ഒഴിഞ്ഞു നില്‍ക്കുക സാധ്യമല്ല. മാത്രമല്ല പൊതു സ്വീകാര്യതയില്ലാത്ത നേതാവെന്ന നിലയില്‍ ചെന്നിത്തലയുടെ നേതൃത്വത്തില്‍ യുഡിഎഫിന്റെ സാധ്യതകള്‍ പരിമിതമാണെന്ന വികാരമാണ് ഘടകകക്ഷികള്‍ക്കും.
അങ്ങനെയെങ്കില്‍ ഉമ്മന്‍ചാണ്ടിയും സുധീരനും മാറിയതിനു പിന്നാലെ ചെന്നിത്തലയും പദവി ഒഴിയണമെന്ന അഭിപ്രായമാണ് ഉയരുന്നത്. പുതിയ പദവികള്‍ ഏറ്റെടുക്കില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയും സുധീരന്റെ രാജിയില്‍ ലീഗിന്റെ മൌനവുമൊക്കെ ചെന്നിത്തലയ്ക്കുള്ള പരോക്ഷ സൂചനകളാണെന്ന് വിലയിരുത്തപ്പെടുന്നു.
യുഡിഎഫിന് ശക്തമായ പുതുനേതൃത്വമാണ് കോണ്‍ഗ്രസും ഘടകകക്ഷികളും ആഗ്രഹിക്കുന്നത്. ഉമ്മന്‍ചാണ്ടി പദവികള്‍ ഏറ്റെടുക്കാതെ മാറി നിന്ന മാതൃക രമേശ് ചെന്നിത്തലയും പിന്തുടരണമെന്നതാണ് അവരുടെ നിലപാട് . മാത്രമല്ല ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ച അട്ടിമറിച്ചതില്‍ രമേശ് ചെന്നിത്തലയ്ക്കും അദ്ദേഹം ചുമതല വഹിച്ച ആഭ്യന്തര വകുപ്പിനും മുഖ്യ റോള്‍ ഉണ്ടെന്നു വിശ്വസിക്കുന്നവരാണ് ഏറെയും.
യുഡിഎഫിലെ പ്രധാന ഘടകകക്ഷികളിലൊന്നായ കേരളാ കോണ്‍ഗ്രസ് മുന്നണി വിടാനുള്ള പ്രധാന കാരണക്കാരനും ചെന്നിത്തലയാണെന്ന വിമര്‍ശനമം ശക്തമാണ്. ഈ സാഹചര്യത്തില്‍ തോല്‍വിയുടെ ഉത്തരവാദിത്വത്തില്‍ നിന്നും ചെന്നിത്തല മാത്രമായി മാറി നില്‍ക്കുന്നത് ശരിയല്ലെന്ന വിമര്‍ശനം കോണ്‍ഗ്രസ്സില്‍ ഉയര്‍ന്ന് കഴിഞ്ഞു.