തിരുവനന്തപുരം: മുരളിയെ രംഗത്തിറക്കിയും ഐ ഗ്രൂപ്പ് പിളര്‍ത്തിയും കോണ്‍ഗ്രസ് പിടിച്ചെടുക്കാനുള്ള ഉമ്മന്‍ ചാണ്ടിയുടെ നീക്കം ശക്തമായതോടെ കോണ്‍ഗ്രസില്‍ എവിടെയും കലാപന്തരീക്ഷം.
ഒന്നുകില്‍ സംഘടനാ തെരഞ്ഞെടുപ്പ് അല്ലെങ്കില്‍ അടുത്ത ഘട്ട പുന:സംഘടനയില്‍ മേല്‍ക്കൈ എന്നതാണ് എ വിഭാഗത്തിന്റെ ലക്ഷ്യം. സംഘടനാ തെരഞ്ഞെടുപ്പിനായി വിട്ടുവീഴ്ചയില്ലാതെ പൊരുതാനാണ് ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശം. ഇതുവഴി വിഎം സുധീരനെയാണ് ഉമ്മന്‍ചാണ്ടി ഉന്നമിടുന്നത്. സുധീരനെ ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെ പുറത്താക്കാമെന്നാണ് അദ്ദേഹത്തിന്റെ ഉള്ളിലിരിപ്പ്. ഇതിന് ഹൈക്കമാണ്ട് വഴങ്ങിയില്ലെങ്കില്‍ അടുത്തഘട്ട പുന:സംഘടനയിലൂടെ ആധിപത്യം നേടുകയാണ് മറ്റൊരു തന്ത്രം. കെ മുരളീധരനെയും കെ സുധാകരനെയും മുന്നില്‍ നിര്‍ത്തിയുള്ള നീക്കങ്ങളാണ് എ വിഭാഗം ശക്തമാക്കുന്നത്.
എകെ ആന്റണിയുടെ ശക്തമായ താങ്ങാണ് വി എം സുധിരന്റെ കരുത്ത്. ആന്റണി വഴി ഹൈക്കമാണ്ടിന്റെ പിന്തുണയും അദ്ദേഹത്തിനുണ്ട്. സുധീരനെ മാറ്റാമെന്നത് ഉമ്മന്‍ചാണ്ടിയുടെ വ്യാമോഹം മാത്രമാണെന്നാണ് എതിര്‍ചേരിയുടെ പക്ഷം. ഉമ്മന്‍ചാണ്ടിയെ അവഗണിച്ചാണ് നിലവില്‍ ഹൈക്കമാണ്ട് മുന്നോട്ടുപോകുന്നത്. ഇതിന് തിരിച്ചടി നല്‍കാന്‍ അവസരം കാത്തിരിക്കുകയാണ് ഉമ്മന്‍ചാണ്ടി. ഇതിനിടെ ഉമ്മന്‍ചാണ്ടിയെ ഡല്‍ഹിക്ക് വിളിപ്പിച്ച് അനുനയിപ്പിക്കാനുള്ള വഴികള്‍ പുന:സംഘടനയിലൂടെ സ്ഥാനം മോഹിക്കുന്ന ചിലര്‍ ആരംഭിച്ചിട്ടുണ്ട്.
കെപിസിസി ഭാരവാഹികളുടെ പുന:സംഘടന സമയത്ത് സംഘടനാ തെരഞ്ഞെടുപ്പ് കൂടി പരിഗണിക്കണമെന്ന ആവശ്യത്തില്‍ ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം ഉമ്മന്‍ചാണ്ടി കോഴിക്കോട്ട് ആവര്‍ത്തിച്ചത്. എന്നാല്‍ കേരളത്തില്‍ മാത്രമായി സംഘടനാ തെരഞ്ഞെടുപ്പ് നടത്തുന്നത് അസാധ്യമാണെന്ന് ഹൈക്കമാണ്ട് അറിയിച്ചിട്ടുണ്ടെന്ന് കെപിസിസി വൈസ് പ്രസിഡണ്ട് വി ഡി സതീശന്‍ വെളിപ്പെടുത്തിയിരുന്നു. ഉമ്മന്‍ ചാണ്ടിയ്ക്കുവേണ്ടി മുരളിയെ രംഗത്തിറക്കിയതിനൊപ്പം ഐ ഗ്രൂപ്പ് പിള്‍പ്പ് പൂര്‍ണ്ണമാക്കാനും ഉമ്മന്‍ ചാണ്ടിയുടെ തന്ത്രങ്ങള്‍ക്ക് കഴിഞ്ഞു. ‘ഐ’ ഗ്രൂപ്പ് നേതാക്കളായ കെ. മുരളീധരന്‍, വി.എസ്. ശിവകുമാര്‍, അടൂര്‍ പ്രകാശ് എന്നിവര്‍ ഉമ്മന്‍ചാണ്ടിയുടെ കൂടാരത്തിലെത്തിയത്.
, കാസര്‍കോട്, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, മലപ്പുറം ഡിസിസികള്‍ ഉമ്മന്‍ചാണ്ടി ഗ്രൂപ്പിനു കിട്ടി. മുരളീധരന്‍ ഉമ്മന്‍ചാണ്ടിക്കൊപ്പം ചേര്‍ന്നതോടെ, മുരളിക്കൊപ്പമുള്ള പാലക്കാട്, ഇടുക്കി ഡിസിസികളും ഉമ്മന്‍ചാണ്ടിയുടെ കീശയിലായി- ഹൈക്കമാന്‍ഡിനെ അഥവാ എ.കെ. ആന്റണിയെ വെല്ലുവിളിക്കാനുള്ള കോപ്പ് കൈയിലുണ്ട്. ഏതറ്റം വരെയും പോകുമെന്നാണ് ഉമ്മന്‍ചാണ്ടി അണികളോട് പറഞ്ഞിരിക്കുന്നത്.
‘ഐ’ ഗ്രൂപ്പിന്റെ കൈയിലുള്ളത്, വയനാട്, എറണാകുളം, ആലപ്പുഴ, കൊല്ലം ഡിസിസികളാണ്. ഇതില്‍തന്നെ, ചെന്നിത്തലയ്ക്ക് അദ്ദേഹത്തിന്റേതായി അവകാശപ്പെടാവുന്നത് ആലപ്പുഴയും (എം. ലിജു) കൊല്ലവും (ബിന്ദു കൃഷ്ണ) മാത്രമാണ്. പ്രതിപക്ഷനേതാവ് എന്ന നിലയില്‍ അദ്ദേഹം ശക്തനല്ല, ഉമ്മന്‍ചാണ്ടിക്കു വെല്ലുവിളിക്കാന്‍ കഴിയും എന്നര്‍ത്ഥം.
തിരുവനന്തപുരവും (നെയ്യാറ്റിന്‍കര സനല്‍) തൃശൂരും (ടി.എന്‍. പ്രതാപന്‍) വി.എം. സുധീരന്റെ കീശയിലാണ്; കണ്ണൂര്‍ (സതീശന്‍ പാച്ചേനി) കെ. സുധാകരന്റെ പക്കലും. സുധാകരന്‍ ഉമ്മന്‍ചാണ്ടിക്കൊപ്പം ചേരുന്നതോടെ, ഭൂരിപക്ഷം ഉമ്മന്‍ചാണ്ടിക്കാകും ഇതോടെ ഡിസിസിയിലെ ഒതുക്കല്‍ അട്ടിമറിയിലൂടെ മറികടക്കും. പിന്നാലെ വരുന്ന പോഷക സംഘടനാ തിരഞ്ഞെടുപ്പുകള്‍ മുഴുവന്‍ എ ഗ്രൂപ്പിന് എളുപ്പത്തില്‍ വിജയം നേടാന്‍ കഴിയുമെന്ന് ആത്മവിശ്വാസവുമുണ്ട്. ഇതോടെ ഹൈക്കമാന്റ് അവഗണനമാറ്റി പരിഗനണന നല്‍കേണ്ടിവരുമെന്നാണ് ചാണ്ടിയുടെ കണക്കുകൂട്ടല്‍.