മഹേഷേ അതു വേണ്ടിയിരുന്നില്ല…
ന്യുഡല്‍ഹി :ഉമ്മന്‍ ചാണ്ടിയെ വിമര്‍ശിച്ച പോസ്റ്റ് പിന്‍വലിച്ച സി. ആര്‍. മഹേഷിനെ തിരുത്തി യുവ കോണ്ഗ്രസ് നേതാവ് ഡോ.മാത്യു കുഴല്‍നാടന്‍ രംഗത്ത് .അന്ധമായ വിധേയത്വവും പണയം വച്ച മന:സാക്ഷിയുമല്ല ഒരു കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്റെ പാര്‍ട്ടികൂറിന്റെ മാനദണ്ഡം എന്നും മാത്യു ആവര്‍ത്തിച്ചു.സി.ആര്‍ മഹേഷ തന്റെ നിലപാട് പറഞ്ഞതില്‍ ഉമ്മന്‍ ചാണ്ടിയുടെ ഫാന്‍സുകളുടേയും പാര്‍ട്ടിയിലെ ചിലരുടെ എതിര്‍പ്പിന്റേയും കാരണത്താല്‍ പോസ്റ്റ് പിന്‍വലിച്ചിരുന്നു.ഉമ്മന്‍ ചാണ്ടിയുടെ പാര്‍ട്ടിക്ക് എതിരായുള്ള നിക്ഷേധാദ്മക നീക്കത്തെ വിമര്‍ശിച്ചും പാര്‍ട്ടി ഉന്നതാധികാര സമതിയില്‍ പങ്കെടുക്കണം എന്നും അഭ്യര്‍ദ്ധിച്ചുകൊണ്ടുള്ള മഹേഷിന്റെ പോസ്റ്റാണ് വിമര്‍ശനത്തെ ഭയന്ന് പിന്‍വലിച്ചത് . വിശാല ജനാധിപത്യം അനുവദിക്കുന്ന കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ മഹേഷിനു ശരി എന്ന് തോന്നുന്ന ഒരു നിലപാട് പറഞ്ഞതിന്, അതിനെ അനുകൂലിക്കാത്തവരുടെ എതിര്‍പ്പ് കൊണ്ട് പിന്‍വലിക്കേണ്ടി വരുന്നത് തീര്‍ച്ചയായും കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഒരു ഒരു ദു:സൂചനയാണ് എന്നും കോണ്‍സിലെ തലമുറമാറ്റ വാദികളില്‍ ഒരാളായ യുവ നേതാവ് തന്റെ ഫെയ്സ് ബുക്കിലൂടെ കുറിച്ചു.ആലപ്പുഴ ഡി.സി.സി പ്രസിഡണ്ട് എം .ലിജുവിനേയും .യുവ എം എല്‍ എ വി.ടി ബല്‍റാമിനേയും മലബാറില്‍ നിന്നുള്ള യൂത്ത് നേതാവ് റിജില്‍ മാക്കുറ്റിയേയും ടാഗ് ചെയ്ത പോസ്റ്റിലൂടെ ഇവരും സമാന ‘തലമുറ മാറ്റ ചിന്താഗതിക്കാര്‍ എന്നും വിലയിരുത്തപ്പെടുന്നു.പാര്‍ട്ടിക്ക് ആരും മുകളില്‍ അല്ല എന്ന മുന്നറിയിപ്പോടെ ഉമ്മന്‍ ചാണ്ടിയുടെ അടുത്ത ആള്‍ കൊടിക്കുന്നില്‍ സുരേഷും ഇന്നലെ ഉമ്മന്‍ ചാണ്ടിക്ക് എതിരെ പ്രതികരിച്ചിരുന്നു.പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനത്തില്‍ സസ്പെന്‍ഷനിലായ മണ്ഡലം പ്രസിഡണ്ടിനെ സന്ദര്‍ശിച്ച ഉമ്മന്‍ ചാണ്ടിയുടെ നീക്കം പാര്‍ട്ടി വിരുദ്ധത ആണ് എന്നും ആരോപണം ഉയര്‍ന്നിരുന്നു.ഉമ്മന്‍ ചാണ്ടിക്ക് എതിരെ ഒരുപാട് പേര്‍ പരസ്യമായി രംഗത്തുവരുന്നതും പാര്‍ട്ടിയില്‍ ഉമ്മന്‍ ചാണ്ടിയുടെ നില പരുങ്ങലിലേക്ക് എന്നും കൂട്ടി വായിക്കാം ഇതിലൂടെ .
മാത്യു കുഴല്‍നാടന്റെ പോസ്റ്റ് :
മഹേഷേ അതു വേണ്ടിയിരുന്നില്ല…
പ്രീയ സുഹൃത്ത് സി ആറിന്,
താങ്കളുടെ ഒരു സഹപ്രവര്‍ത്തകനും സുഹൃത്തും എന്ന നിലയില്‍ ഈ തുറന്ന കത്ത് എഴുതേണ്ടി വന്നതില്‍ എനിക്ക് വിഷമമുണ്ട്. കാരണം താങ്കളെ ഒറ്റപ്പെടുത്തി വിമര്‍ശിക്കാന്‍ ഒരു കൂട്ടം ആളുകള്‍ വന്നപ്പോള്‍ താങ്കളുടെ സുഹൃത്ത് എന്ന നിലയില്‍ എന്റെ കടമ നിര്‍വഹിക്കുന്നതില്‍ ഞാന്‍ പരാജയപ്പെട്ടു എന്ന കുറ്റബോധം ഈ കത്ത് എഴുതുമ്പോള്‍ എനിക്ക് ഉണ്ട്.
വിശാല ജനാധിപത്യം അനുവദിക്കുന്ന നമ്മുടെ കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ താങ്കള്‍ക്ക് ശരി എന്ന് തോന്നുന്ന ഒരു നിലപാട് പറഞ്ഞതിന്, അതിനെ അനുകൂലിക്കാത്തവരുടെ എതിര്‍പ്പ് കൊണ്ട് പിന്‍വലിക്കേണ്ടി വരുന്നത് തീര്‍ച്ചയായും നമ്മുടെ പാര്‍ട്ടിയിലെ ഒരു ഒരു ദു:സൂചനയാണ് കാണിക്കുന്നത്. നമ്മുടെ പാര്‍ട്ടിയില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയില്ലെങ്കില്‍ എത് ജനാധിപത്യത്തെ കുറിച്ചാണ് നാം സമൂഹത്തോട് പറയുക?
പിന്നെ താങ്കള്‍ പറഞ്ഞതിലും എത്രയോ രൂക്ഷമായും പരുഷമായും നമ്മുടെ ഇന്നത്തെ നേതാക്കള്‍ അവരുടെ വിദ്യാര്‍ത്ഥി യുവജന കാലഘട്ടങ്ങളില്‍ നമ്മുടെ മുന്‍കാല നേതാക്കളോട് പറഞ്ഞിരിക്കുന്നു? അന്നൊക്കെ ആ അഭിപ്രായങ്ങളെ ഈ പാര്‍ട്ടിയില്‍ അടിച്ചൊതുക്കിയിരുന്നെങ്കില്‍ ഇന്ന് ഈ നേതാക്കള്‍ നമ്മെ നയിക്കാന്‍ ഉണ്ടാവില്ലായിരുന്നു. അതു കൊണ്ട് താങ്കള്‍ ആ പോസ്റ്റ് പിന്‍വലിക്കേണ്ടിയിരുന്നില്ല. താങ്കള്‍ അത് പിന്‍വലിച്ചപ്പോള്‍ അടിച്ചമര്‍ത്തപ്പെട്ടത് താങ്കളുടെ മാത്രം അഭിപ്രായമല്ല. ഞാനാക്കമുള്ള ഒരു പാട് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ വികാരമാണ്. അത് ഈ പാര്‍ട്ടിയില്‍ സംഭവിച്ചു കൂടാ.
ഈ വികാരം പരസ്യമായി പറയണമെന്ന് ആഗ്രഹിച്ചതല്ല, എന്നാല്‍ ഇന്ന് അതിന് നിര്‍ബന്ധിതനായത് കൊണ്ട്, താങ്കള്‍ പങ്ക് വച്ച വികാരം ഇവിടെ ഞാനും ആവര്‍ത്തിക്കുന്നു.
“കോണ്‍ഗ്രസ്സിനെ മുന്നില്‍ നിന്ന് നയിക്കേണ്ട പ്രിയങ്കരനായ ഉമ്മന്‍ ചാണ്ടി സാര്‍, താങ്കള്‍ക്ക് എന്തൊക്കെ പ്രയാസമുണ്ടെങ്കിലും, ആരുടെയൊക്കെ സമ്മര്‍ദങ്ങള്‍ ഉണ്ടെങ്കിലും, താങ്കള്‍ക്ക് ഈ പാര്‍ട്ടിയും പ്രവര്‍ത്തകരും നല്‍കിയിട്ടുള്ള സ്നേഹ ബഹുമാനങ്ങള്‍ കണക്കിലെടുത്ത് 14 ന് നടക്കുന്ന രാഷ്ട്രിയ കാര്യ സമതിയില്‍ അങ്ങ് പങ്കെടുക്കണം. ഈ പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന ഒന്നും അങ്ങയുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലാ എന്ന് ലക്ഷോപലക്ഷം കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കൊപ്പം ഞാനും വിശ്വസിക്കുന്നു”
ഇനി ഇതിന്റെ പേരില്‍ ആരെങ്കിലും വിമര്‍ശിച്ച് വിരട്ടാമെന്നോ ഒറ്റപ്പെടുത്താമെന്നോ കരുതുന്നെങ്കില്‍ അവര്‍ക്ക് ഒരേയൊരു മറുപടിയേ ഉള്ളൂ ” ഇത് കോണ്‍ഗ്രസ്സാണ് പാര്‍ട്ടി, മഹാത്മാഗാന്ധിയുടെ സ്ഥാനാര്‍ത്ഥി സംഘടന തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട പാര്‍ട്ടി, പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹൃവിന്റെ പ്രമേയം വര്‍ക്കിംഗ് കമ്മറ്റിയില്‍ പരാജയപ്പെടുത്തിയ പാര്‍ട്ടി, ഉഗ്രപ്രതാപിയായിരുന്ന ഇന്ദിരാഗാന്ധിയോട് മുഖത്ത് നോക്കി അടിയന്തിരാവസ്ഥ തെറ്റയിരുന്നു എന്ന് പറഞ്ഞ യുവനേതാക്കള്‍ ഉണ്ടായിരുന്ന പാര്‍ട്ടി, പരിണിതപ്രജ്ഞനായ ആര്‍ ശങ്കറോട് താങ്കള്‍ വിശ്രമിക്കണം എന്ന് പറഞ്ഞ യുവ നേതാക്കള്‍ ഉണ്ടായിരുന്ന പാര്‍ട്ടി. ആ പരമ്പര്യവും പൈതൃകവും ഈ പാര്‍ട്ടിക്ക് സ്വന്തമാണ്. അല്ലാതെ അന്ധമായ വിധേയത്വവും പണയം വച്ച മന:സാക്ഷിയുമല്ല ഒരു കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്റെ പാര്‍ട്ടികൂറിന്റെ മാനദണ്ഡം.”
പുതുതലുറയില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പ്രതീക്ഷയോടെ നോക്കിക്കാണുന്നതാണ് അങ്ങയുടെ നേതൃത്വം എന്ന് അഭിമാനത്തോടെ പറയാന്‍ എനിക്ക് കഴിയും. രാഷ്ട്രീയത്തില്‍ വിയോജിപ്പുകളും, കലഹവും, തിരുത്തലുകളും ഒക്കെ ഒഴിച്ചുകൂടാനാവാത്തതാണ്. നിരന്തരമായ നവീകരണത്തിന്റ പ്രക്രിയയാണ് രാഷ്ട്രീയം, അതിന് കഴിയാതെ വന്നാല്‍ ചരിത്രത്തിന്റെ ചവിട്ടുകൊട്ടയിലാവും നമ്മുടെ സ്ഥാനം.
താങ്കള്‍ സധൈര്യം മുന്നാട്ട് പോകണം, എല്ലാ പിന്തുണയും.ഏറെ സ്നേഹത്തോടെ
മാത്യു കുഴല്‍നാടന്‍