തിരുവനന്തപുരം: ടോമിന്‍ തച്ചങ്കരിയെ കണ്‍സ്യൂമര്‍ഫെഡ് എംഡി സ്ഥാനത്ത് നിന്നും മാറ്റിയതിനെ ചൊല്ലി തര്‍ക്കം മുറുകിയതിനേത്തുടര്‍ന്ന് ടോമിന്‍ തച്ചങ്കരി കണ്‍സ്യൂമര്‍ഫെഡ് എംഡിയായി നിലനിര്‍ത്തി. അടുത്ത മന്ത്രിസഭായോഗം വരെ മാറ്റേണ്ടെന്ന് ധാരണയായി. വ്യവസായ വകുപ്പിന് കീഴിലുള്ള സ്ഥാപനത്തിലേക്ക് മാറ്റിയേക്കും.
കണ്‍സ്യൂമര്‍ഫെഡ് എംഡി ടോമിന്‍ തച്ചങ്കരിയെ മാറ്റിയതിനെച്ചൊല്ലി തര്‍ക്കം നിലനിന്നിരുന്നു. തച്ചങ്കരിയെ മാറ്റിയത് മന്ത്രിസഭാ തീരുമാനമെടുക്കാതെയെന്നും മുഖ്യമന്ത്രി അറിയാതെ ഇക്കാര്യത്തില്‍ ഇടപെടലുണ്ടായെന്നും സൂചനയുണ്ടായിരുന്നു. അതേസമയം, ടോമിന്‍ തച്ചങ്കരിയെ മാറ്റിയെന്നും ഇതു സാധാരണ നടപടിയെന്നും സഹകരണ വകുപ്പ് മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ പറഞ്ഞു. തച്ചങ്കരിയെ മാറ്റാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എംഡി സ്ഥാനത്തു നിന്ന് മാറ്റില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞതായി ടോമിന്‍ തച്ചങ്കരി പറഞ്ഞു. അങ്ങനെ ഉത്തരവ് ഇല്ല. ഉത്തരവ് വന്നാല്‍ മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
തച്ചങ്കരിയെ എംഡി സ്ഥാനത്തുനിന്നു മാറ്റിയിട്ടില്ലെന്നും അദ്ദേഹത്തിന് കെബിപിഎസ്സിന്റെ അധികച്ചുമതല കൂടി നല്‍കിയെന്നുമാണ് മുഖ്യമന്ത്രി ഇന്നലെ മന്ത്രിസഭായോഗത്തിനുശേഷം പറഞ്ഞത്. എന്നാല്‍ ഇന്നലെ രാത്രി മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് അദ്ദേഹത്തെ മാറ്റിയതായി അറിയിപ്പ് വന്നത്.
ഇന്നലത്തെ മന്ത്രിസഭാ യോഗത്തില്‍ തച്ചങ്കരിയെ കണ്‍സ്യൂമര്‍ഫെഡ് എംഡി സ്ഥാനത്തു നിന്നും മാറ്റണമെന്ന് സഹകരണവകുപ്പ് മന്ത്രി സി.എന്‍. ബാലകൃഷ്ണനും മന്ത്രി രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ എതിര്‍പ്പിനെത്തുടര്‍ന്നു തീരുമാനമായില്ല. അതിനുശേഷം മുഖ്യമന്ത്രി മന്ത്രിസഭായോഗ തീരുമാനങ്ങള്‍ അറിയിക്കാന്‍ വാര്‍ത്താസമ്മേളനത്തിനു പോയ ശേഷം വീണ്ടും ചര്‍ച്ചകള്‍ നടന്നു. ചര്‍ച്ചയ്ക്കൊടുവില്‍ കണ്‍സ്യൂമര്‍ഫെഡില്‍ നിന്ന് അദ്ദേഹത്തെ മാറ്റാന്‍ തീരുമാനമെടുക്കുകയും പകരം റബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ മാനേജിങ് ഡയറക്ടര്‍ എസ്. രത്നകുമാരനു കണ്‍സ്യൂമര്‍ഫെഡ് എംഡിയുടെ അധിക ചുമതല നല്‍കാന്‍ തീരുമാനമാകുകയും ചെയ്തു.
കണ്‍സ്യൂമര്‍ഫെഡിലെ പല തീരുമാനങ്ങളിലും അന്വേഷണം നടത്തി നടപടിക്കു നിര്‍ദേശം നല്‍കിയതോടെ മാനേജിങ് ഡയറക്ടര്‍ എന്ന നിലയില്‍ തച്ചങ്കരിയുടെ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു. രാഷ്ട്രീയനേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടിക്കും വിജിലന്‍സ് അന്വേഷണത്തിനും തച്ചങ്കരി ശുപാര്‍ശ ചെയ്തിരുന്നു. ഏറ്റവും ഒടുവിലായി, കണ്‍സ്യൂമര്‍ഫെഡ് ഭരണസമിതി തീരുമാനത്തിനു വിരുദ്ധമായി സഹകരണ വകുപ്പ് നിയമിച്ച ജനറല്‍ മാനേജരെ തച്ചങ്കരി കഴിഞ്ഞദിവസം തിരിച്ചയച്ചു. അഭിമുഖം നടത്തി യോഗ്യതയുള്ളയാളെ നിയമിക്കാനായിരുന്നു ബോര്‍ഡ് തീരുമാനം. 50 പേരുടെ പട്ടികയും തയാറാക്കിയിരുന്നു. ഇതു മറികടന്നാണത്രേ സഹകരണ വകുപ്പ് നിയമനം നടത്തിയത്. ഇതു ചോദ്യം ചെയ്തതാണ് തച്ചങ്കരിക്കെതിരെ കൂടുതല്‍ ശക്തമായ നടപടിക്ക് നീക്കമുണ്ടായത്.