കോട്ടയം: വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയിലാണ് കോട്ടയത്തെ കണ്‍സ്യൂമര്‍ കോടതി. ഉപഭോക്താക്കള്‍ക്ക് വേണ്ടി നിലകൊള്ളുന്ന കോടതിയില്‍ നിന്നും കഴിഞ്ഞ കുറേ കാലമായി പുറത്ത് വരുന്ന വിധികള്‍ പക്ഷെ നിയമത്തില്‍ പ്രതീക്ഷയര്‍പ്പിക്കുന്നവര്‍ക്ക് തിരിച്ചടിയാണ്.
കേരള കോണ്‍ഗ്രസ് എം നേതാവ് കെഎം മാണിയുടെ നോമിനിയായി ചുമതലയേറ്റ ഉപഭോക്ത കോടതി പ്രസിഡന്റ് ബോസ് അഗസ്റ്റിനെതിരെയാണ് ഗുരുതരമായ ആരോപണങ്ങള്‍ ഉയരുന്നത്. അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്ന ബോസ് അഗസ്റ്റിന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കണ്‍സ്യൂമര്‍ കോടതിയില്‍ എത്തുന്നത്. ബോസ് നിയമിതനായതിനുശേഷമുള്ള പല വിധികളും ഉപഭോക്താക്കളെ വഞ്ചിക്കുന്നതിനു തുല്ല്യമായിരുന്നു. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന് രാജ്യത്ത് സ്ഥാപിച്ച കോടതികള്‍ നീതിരഹിതമായി പ്രവര്‍ത്തിക്കുന്നത് എങ്ങിനെയെന്നതിനുള്ള ഉദാഹരണമാണ് കോട്ടയം കണ്‍സ്യുമര്‍ കോര്‍ട്ട്.
ലുലുമാളിലെ പാര്‍ക്കിങ് ഫീസിനെതിരെയുള്ള പാരാതി നിഷ്‌ക്കരുണം തള്ളിയതോടെയാണ് ബോസ് അഗസ്റ്റില്‍ വീണ്ടും മാധ്യമ ശ്രദ്ധയിലെത്തുന്നത്. ഷോപ്പിങ് മാളിലെ പാര്‍ക്കിങ് കൊള്ളയ്ക്കെതിരെ നീണ്ടകാലമായി നിയമ പോരാട്ടം നടത്തുന്ന പൊതുപ്രവര്‍ത്തകയായ രമാജോര്‍ജാണ് കോട്ടയം കണ്‍സ്യൂര്‍ കോടതിയില്‍ ഇക്കാര്യം പരാതിയായി ഉന്നയിച്ചത്. മാസങ്ങള്‍ നീണ്ട വിചാരണക്കൊടുവില്‍ ബോസ് അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള സമിതി പരാതി തള്ളുകയായിരുന്നു. അതിനായി കണ്ടെത്തിയ കാരണമാണ് കൗതുകകരം. പരാതിക്കാരിക്ക് ലുലുമാളിലെ പാര്‍ക്കിങ് ഫീസിനെ കുറിച്ച് പരാതിപെടാന്‍ അവകാശമില്ലെന്നും പരാതിക്കാരി കണ്‍സ്യൂമറല്ലെന്നുമായിരുന്നു കോടതി വിധി.
മാളില്‍ എത്തിയ ഉപഭോക്താവിനെ പാര്‍ക്കിങ് കൊള്ളയുടെ പേരില്‍ ചുഷണം ചെയ്യുന്ന മാളിനെ രക്ഷിക്കാനായിരുന്നു അപൂര്‍വ്വമായ കണ്ടെത്തലെന്ന് പരാതിക്കാരി ആരോപിക്കുന്നു. ഇതിനു പിന്നാലെയാണ് രമാജോര്‍ജ് കോട്ടയം കണ്‍സ്യൂമര്‍ കോടതിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. വിജിസന്‍സ് ഡയറക്ടര്‍ക്കും വകുപ്പ് മന്ത്രിക്കും ഇക്കാര്യങ്ങള്‍ ചൂണ്ടികാട്ടി പരാതി നല്‍കിയതായി രമാജോര്‍ജ് ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിനോട് പറഞ്ഞു.
ഞെട്ടിയ്ക്കുന്ന വിവരങ്ങളാണ് രമാജോര്‍ജ് പരാതിയില്‍ പറയുന്നത്. ഇവിട നിന്നും വരുന്ന 90 ശതമാനം വിധികളും കണ്‍സ്യൂമറിനെതിരായാണെന്ന് നിരവധി വിധികള്‍ ചൂണ്ടികാട്ടി വ്യക്തമാക്കുന്നു. അഭിഭാഷകനായിരിക്കെ വാദിച്ച തന്റെ കക്ഷിയുടെ കേസ് കണ്‍സ്യൂമര്‍ കോടതിയിലെത്തിച്ച് അനുകൂല വിധി ബോസ് അഗസ്റ്റിന്‍ നേടിയതായും പരാതിക്കാരി തെളിവു സഹിതം ചൂണ്ടികാട്ടുന്നു. താന്‍ വാദിച്ച കേസില്‍ പിന്നീടായാല്‍ പോലും വിധി പറയുന്നത് നീതി ന്യായ വ്യവസ്ഥയില്‍ അംഗീകരിക്കുന്നില്ല. എന്നാല്‍ വളഞ്ഞ വഴിയിലൂടെ വിധി നേടാന്‍ ശ്രമിച്ചത് കുറ്റകരമാണ്. ഇത്തരത്തിലാണ് കോട്ടയം കണ്‍സ്യൂമര്‍ കോടതി പ്രസിഡന്റിന്റെ അവസ്ഥ. കണ്‍സ്യൂമര്‍ കോടതിയിലെ വിധികള്‍ വിവരാവകാശ നിയമം അനുസരിച്ച് പോലും ലഭ്യമാക്കുന്നില്ലെന്നും പരാതിക്കാരി പറയുന്നു.