തിരുവനന്തപുരം: വേനല്‍ കടുത്തതോടെ പുറം ജോലികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. ഉച്ചക്ക് 12 മുതല്‍ 3 വരെ വെയിലത്ത് ജോലി ചെയ്യുന്നവര്‍ക്ക് വിശ്രമം നല്‍കണമെന്നാണ് സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. ഏപ്രില്‍ 30 വരെയാണ് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന ഉത്തരവ് പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ തൊഴില്‍ വകുപ്പ് സ്‌ക്വാഡ് പരിശോധന നടത്തും. തൊഴിലാളികള്‍ക്ക് ചൂട് കൂടുതലുള്ള സമയങ്ങളില്‍ സൂര്യ താപം ഏല്‍ക്കാതിരിക്കാനാണ് സര്‍ക്കാര്‍ നടപടി.
കെട്ടിട നിര്‍മാണ സൈറ്റുകള്‍, റോഡ്, പാലം നിര്‍മാണ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ സ്‌ക്വാഡ് നേരിട്ട് പരിശോധന നടത്തും. ഉത്തരവ് സ്വകാര്യ തൊഴിലിടങ്ങളിലും പൊതു നിര്‍മാണ സൈറ്റുകളിലും ബാധകമാകും.
സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചുവെന്ന് ഉറപ്പായാല്‍ തൊഴിലുടമക്ക് എതിരെ പ്രോസിക്യൂഷന്‍ നടപടിയുണ്ടാകും. സമുദ്ര നിരപ്പില്‍ നിന്ന് 3000 അടിയില്‍ കൂടുതല്‍ ഉയരത്തിലുള്ള പ്രദേശങ്ങളില്‍ പുറം ജോലികള്‍ ചെയ്യുന്നവരെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
എട്ട് മണിക്കൂര്‍ ജോലി എന്നുള്ളത് രാവിലെ ഏഴിനും വൈകിട്ട് ഏഴിനും ഇടയിലായി പൂര്‍ത്തീകരിച്ചാല്‍ മതിയാകും. തൊഴിലാളികള്‍ സമ്മതിച്ചാലും അവരെ നേരിട്ട് സൂര്യപ്രകാശത്തിന് കീഴില്‍ നിര്‍ത്തി ജോലി ചെയ്യിക്കരുതെന്നാണ് ഉത്തരവ്.