ആശുപത്രിയില്‍ ലക്ഷ്മിയുടെ വിരലടയാളം എടുക്കാന്‍ ശ്രമിച്ചു…!! ആശുപത്രി നടത്തിപ്പുകാരിയെയും സംശയം

ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത വര്‍ദ്ധിക്കുന്നു. സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ പ്രകാശ് തമ്പി, വിഷ്ണു എന്നിവരുമായുള്ള ബന്ധത്തിന് പിന്നാലെ പാലക്കാടുള്ള ആയുര്‍വേദ ആശുപത്രി നടത്തിപ്പുകാരിയായ യുവതിയുടെ പങ്കാളിത്തവും അന്വേഷിക്കണമെന്ന ആവശ്യം ഉയരുകയാണ്. ഇവര്‍ മൂവരും ചേര്‍ന്ന് ബാലുവിനെ മുതലാക്കുകയായിരുന്നെന്നും അത് ബോധ്യപ്പെടുത്തുന്ന തരത്തില്‍ ഇവര്‍ പ്രവര്‍ത്തിക്കുന്നത് കണ്ടെന്നുമാണ് ബാലഭാസ്‌കറിന്റെ അമ്മാവനും ഗുരുനാഥനുമായ ബി.ശശികുമാര്‍ പറയുന്നത്.

ശശികുമാറിന്റെ വാക്കുകള്‍ ഇങ്ങനെ: അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദിവസമാണ് പ്രകാശ് തമ്പിയെ കുറിച്ച് സംശയമുണ്ടായത്. പാലക്കാട്ടെ ആയുര്‍വേദ ഹോസ്പിറ്റല്‍ നടത്തിപ്പുകാരിയും ആശുപത്രിയില്‍ വന്നിരുന്നു. അപകട ശേഷം ഇവരുടെ പെരുമാറ്റത്തില്‍ സാരമായ മാറ്റമുണ്ടായി. ബന്ധുക്കളെ പൂര്‍ണമായി ഒഴിവാക്കി മൂവരും ആശുപത്രിയിലെ മുറിയില്‍ ചര്‍ച്ചകള്‍ നടത്തി. ബാലുവിന്റെ സാമ്പത്തിക കാര്യങ്ങള്‍ തങ്ങളുടെ വരുതിയിലാക്കുന്നതില്‍ ആയിരുന്നു ശ്രദ്ധ. ഇതിനിടയില്‍ പ്രകാശ് തമ്പി രണ്ടുവട്ടം ചില രേഖകളില്‍ ലക്ഷ്മിയുടെ വിരലടയാളം പതിപ്പിക്കാന്‍ ശ്രമം നടത്തി. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇടപെട്ടതിനെത്തുടര്‍ന്ന് നടന്നില്ല. ബാലുവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഇവര്‍ക്ക് ഒരു ദുഃഖവും ഉള്ളതായി അനുഭവപ്പെട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡ്രൈവര്‍ അര്‍ജുന്‍ ആദ്യം പറഞ്ഞത് വാഹനം ഓടിച്ചിരുന്നത് താനാണൊണ്. എന്നാല്‍ പിന്നീട് മൊഴി മാറ്റി. ആശുപത്രിയില്‍ നിന്നും ബാലഭാസ്‌കറിന്റെ കുടുംബത്തെ മാറ്റിനിര്‍ത്താനും ബോധപൂര്‍വമായ ശ്രമം നടന്നു. പ്രകാശ് തമ്പിയേയും വിഷ്ണുവിനെയും ജോലിയില്‍ നിന്നും മാറ്റിനിര്‍ത്താന്‍ ബാലു ആലോചിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് സാക്ഷികളെയും ഇവരാണ് ഹാജരാക്കിയത്. ബാലുവിന്റെ മരണശേഷം പ്രകാശ് തമ്പി സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ പിടിമുറക്കി. ഇയാളുടെ നിര്‍ദേശത്തെ തുടര്‍ന്ന് ബാലുവിന്റെ കുടുംബത്തെ സ്വത്ത്, അക്കൗണ്ട് സംബന്ധമായ രേഖകള്‍ കാണിക്കുന്നതില്‍ നിന്നും ബാങ്ക് അധികൃതരെ വിലക്കി.

വടക്കുംനാഥ ക്ഷേത്രദര്‍ശന വേളയില്‍ പാലക്കാട്ടെ സ്ത്രീയുടെ സാന്നിധ്യം അവിടെയുണ്ടായിരുന്നു. അവരുടെ നിര്‍ബന്ധപ്രകാരമായിരുന്നു ക്ഷേത്രദര്‍ശനം എന്നാണ് അറിയാന്‍ കഴിഞ്ഞത്. അന്ന് തന്നെ തിരികെ നാട്ടിലേക്ക് മടങ്ങാനും അവര്‍ നിര്‍ബന്ധം പിടിച്ചിരുന്നു. യാത്രക്കിടയില്‍ ഇവര്‍ ബാലഭാസ്‌കറിനെ വിളിച്ചിരുന്നതായും വിവരമുണ്ട്. മാത്രമല്ല എന്ത് നേര്‍ച്ചയാണ് കുട്ടിക്കായി നടത്തിയതെന്ന് ചോദിച്ചപ്പോള്‍ ലഭിച്ച മറുപടിയിലും പൊരുത്തക്കേടുണ്ടായി. അപകടം നടന്ന് രണ്ട് മണിക്കൂറിന് ശേഷം ബാലഭാസ്‌കറിന്റെ കുടുംബത്തെ അക്കാര്യം വിളിച്ചറിയിച്ചത് ആ സ്ത്രീയുടെ മകനാണ് എന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു. ബാലഭാസ്‌കറിനൊപ്പം രണ്ടുതവണ അവരുടെ വസതി സന്ദര്‍ശിച്ചിട്ടുണ്ട്. അന്നേ അവരെ കുറിച്ച് ചില സംശയങ്ങളുണ്ടാവുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ബാലഭാസ്‌കറിന്റെ മരണ ശേഷം പ്രകാശ് തമ്പിയും പാലക്കാട്ടെ സ്ത്രീയും ലക്ഷ്മിയുമായി ബന്ധം പുലര്‍ത്തിയിരുന്നു. വാഹനത്തില്‍നിന്നും കണ്ടെടുത്ത സ്വര്‍ണത്തെക്കുറിച്ചും മൂന്നുപേരും ബാലഭാസ്‌കറില്‍നിന്നും വന്‍തുക തട്ടിയെടുത്തതായും സംശയമുണ്ടെ്.

Top