പാക്കിസ്ഥാനാര്‍ നിര്‍ത്തിയിടത്തു നിന്നും ഇംഗ്ലണ്ട് തുടങ്ങി: കൂറ്റന്‍ സ്‌കോറിനു കുക്കിന്റെ മറുപടി

അബൂദബി: പാകിസ്താന്‍ നിര്‍ത്തിയിടത്തുനിന്നായിരുന്നു ഇംഗ്‌ളണ്ട് തുടങ്ങിയത്. അബൂദബി ശൈഖ് സായിദ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ എട്ട് വിക്കറ്റിന് 523 റണ്‍സെടുത്ത പാകിസ്താനെതിരെ ഉരുളക്കുപ്പേരി കണക്കെയായിരുന്നു ഇംഗ്‌ളണ്ടിന്റെ മറുപടി. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 290 റണ്‍സ് അടിച്ചെടുത്ത് പാകിസ്താന്റെ കൂറ്റന്‍ സ്‌കോറിനെ പതറാതെ പിന്തുടരുകയാണ് ഇംഗ്‌ളീഷ് നിര.
അഞ്ചു വര്‍ഷത്തിനുശേഷം വീണ്ടും ടെസ്റ്റ് ക്യാപ്പണിഞ്ഞ ശുഐബ് മാലിക് ഡബ്ള്‍ സെഞ്ച്വറി നേടിയപ്പോള്‍ ആ റോള്‍ ഇംഗ്‌ളണ്ടിനുവേണ്ടി ഏറ്റെടുത്തത് നായകന്‍ അലസ്റ്റര്‍ കുക്ക് തന്നെയായിരുന്നു. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 168 റണ്‍സുമായി കുക്ക് ക്രീസില്‍തന്നെ നില്‍പുണ്ട്. 180 പന്തില്‍ ക്ഷമയോടെ സെഞ്ച്വറി പടുത്തുയര്‍ത്തിയ കുക്ക് 329 പന്ത് നേരിട്ടാണ് 168 റണ്‍സില്‍ എത്തിയത്. അതിനിടയില്‍ പന്ത് ബൗണ്ടറി കടന്നത് വെറും 15 തവണ മാത്രം. അത്രയും ക്ഷമാപൂര്‍വമായിരുന്നു കുക്ക് ഇന്നിങ്‌സൊരുക്കിയത്. വിക്കറ്റ് പോകാതെ 56 റണ്‍സെന്ന തലേന്നത്തെ സ്‌കോറുമായി മൂന്നാം ദിനം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്‌ളണ്ടിന് കുക്കും മൊയീന്‍ അലിയും ചേര്‍ന്ന് 116 റണ്‍സിന്റെ മികച്ച തുടക്കമേകി.

Top