
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണം പിടിക്കാൻ ശ്രമം നടത്തുന്ന ബിജെപിയ്ക്കു തിരിച്ചടിയായി അഴിമതി ആരോപണങ്ങൾ. സംസ്ഥാനത്തെ മൂന്നു വൻകിട പദ്ധതികളുടെ പേരിൽ ആറര കോടി രൂപയുടെ അഴിമതി സംസ്ഥാനത്തെ നേതാക്കൾ നടത്തിയെന്നാണ് മുൻ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരൻ രംഗത്ത് ആരോപണം ഉന്നയിച്ചിരിക്കുന്നത്. കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക പക്ഷത്തെ ലക്ഷ്യമിട്ടാണ് ഈ ആരോപണങ്ങൾ എന്നതും ശ്രദ്ധേയമാണ്. ഈ ആരോപണങ്ങൾ അന്വേഷിക്കാൻ ദേശീയ ഓർഗനൈസിങ് സെക്രട്ടറി ബി.എൽ സന്തോഷിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രത്തിൽ നിന്നു അനുമതി തരപ്പെടുത്തി നൽകാമെന്നു വാഗ്ദാനം ചെയ്ത് സംസ്ഥാന നേതൃത്വത്തിൽ നാലു നേതാക്കൾ ചേർന്നാണ് കോഴവാങ്ങിയതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.
അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നു മികച്ച നേട്ടമുണ്ടാക്കാൻ ശ്രമം നടത്തുന്ന ബിജെപിയ്ക്കു തിരിച്ചടിയായിരിക്കുകയാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന അഴിമതി ആരോപണങ്ങൾ. നെയ്യാറ്റിൻകരയിൽ പുതിയ മെഡിക്കൽ കോളജ് ആരംഭിക്കാൻ കേന്ദ്രത്തിൽ നിന്നു അനുമതി വാങ്ങി നൽകാൻ സംസ്ഥാന നേതൃത്വത്തിലെ പ്രമുഖൻ ആവശ്യപ്പെട്ടത് അഞ്ചു കോടി രൂപയായിരുന്നു. എന്നാൽ, സ്വകാര്യ മെഡിക്കൽ കോളജ് അധികൃതർ ഇതിന്റെ ആദ്യഗഡുവായ രണ്ടു കോടി രൂപ നൽകുകയും ചെയ്തു. കോഴിക്കോട് നിലവിലുള്ള സ്വകാര്യ മെഡിക്കൽ കോളജിനു മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം വാങ്ങി നൽകാൻ ഒരു കോടിരൂപയാണ് ആവശ്യപ്പെട്ടത്. ഇത് നേരത്തെ തന്നെ വിവാദമായിരുന്നു. ഈ തുകയിൽ ആദ്യഗഡുവായ 50 ലക്ഷം രൂപ കഴിഞ്ഞ ദിവസം സംസ്ഥാന നേതാവ് തന്നെ കൈപ്പറ്റുകയും ചെയ്തതായാണ് ആരോപണം.
എരുമേലിയിലെ വിമാനത്താവളത്തിനെതിരെ ആദ്യ ഘട്ടത്തിൽ ബിജെപി സംസ്ഥാന നേതാവ് തന്നെ രംഗത്ത് എത്തിയിരുന്നു. എരുമേലിയിൽ സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ വിമാനത്താവളം നിർമിച്ചാൽ പ്രത്യാഘാതം ഗുരുതരമായിരിക്കും, പ്രതിഷേധമുണ്ടാകുമെന്നായിരുന്നു ഭീഷണി. എന്നാൽ, ഇതിനു പിന്നാലെയാണ് ഇപ്പോൾ അഴിമതി ആരോപണവുമായി ഒരു വിഭാഗം നേതാക്കൾ രംഗത്ത് എത്തിയിരിക്കുന്നത്. എരുമേലിയിലെ വിമാനത്താവള കമ്പനിയിൽ നിന്നും 50 ലക്ഷം രൂപ കൈപ്പറ്റിയതായാണ് ആരോപണം.