തിരുവനന്തപുരം:ലോകം ഭയന്നിരിക്കുന്ന കൊറോണ വൈറസ് കേരളത്തിൽ ഇന്ന് 15 പുതിയ കേസുകള്‍ കൂടി സ്ഥിരീകരിച്ചു. കാസര്‍കോട് ജില്ലയില്‍ 5 പേര്‍ക്കടമാണ് 15 പേര്‍ക്ക് കൂടി കൊവിഡ് പകര്‍ന്നിരിക്കുന്നത്. കോഴിക്കോട് 2 പേര്‍ക്കും മലപ്പുറത്ത് 2 പേര്‍ക്കും എറണാകുളത്ത് 2പേര്‍ക്കും കണ്ണൂര്‍ 4 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കാസർകോട് ജില്ലയിലെ 5 കൊവിഡ് ബാധിതരും ദുബായിൽ നിന്ന് വന്നവരാണ് എന്നാണ് റിപ്പോർട്ടുകൾ. ഇതോടെ കേരളത്തില്‍ 67 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് സംസ്ഥാനത്ത് ഒറ്റദിവസം ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിക്കുന്നതി. ഇവരിൽ രണ്ട് പേർ എറണാകുളം ജില്ലക്കാരും രണ്ട് പേർ മലപ്പുറം ജില്ലക്കാരും രണ്ട് പേർ കോഴിക്കോട് ജില്ലക്കാരും നാല് പേർ കണ്ണൂർ ജില്ലക്കാരും അഞ്ച് പേർ കാസർഗോഡ് ജില്ലക്കാരുമാണ്. ഇതോടെ കേരളത്തിൽ 67 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. അതിൽ 3 പേർ ആദ്യഘട്ടത്തിൽ രോഗമുക്തി നേടിയിരുന്നു. നിലവിൽ സംസ്ഥാനത്ത് കൊറോണ ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 64 ആയി.
കണ്ണൂരിൽ ചെറുവാഞ്ചേരി, കുഞ്ഞിമംഗലം, നാറാത്ത്, ചപ്പാരപ്പടവ് സ്വദേശികൾക്കാണ് കൊറോണ സ്ഥിരീകരിച്ചത്. നാറാത്ത് സ്വദേശി ജില്ലാ ആശുപത്രിയിലും ചെറുവാഞ്ചേരി സ്വദേശി തലശ്ശേരി ജനറൽ ആശുപത്രിയിലും കുഞ്ഞിമംഗലം, ചപ്പാരപ്പടവ് സ്വദേശികൾ പരിയാരത്തും ചികിത്സയിൽ കഴിയുകയാണ്. എല്ലാവരും ഗൾഫിൽ നിന്ന് എത്തിയവരാണ്.
കാസർകോട് ജില്ലയിലെ കൊവിഡ് ബാധിതർ നെല്ലിക്കുന്ന്, വിദ്യാനഗർ, ചന്ദ്രഗിരി, മരക്കാപ്പ് കടപ്പുറം, ചെങ്കള സ്വദേശികളാണ്. ഇവർ അഞ്ചുപേരും ദുബായിൽ നിന്ന് വന്നവരാണ്. ഒരാൾക്ക് 58ഉം ഒരാൾക്ക് 27ഉം ഒരാൾക്ക് 32ഉം ഒരാൾക്ക് 41ഉം ഒരാൾക്ക് 33ഉം വയസാണ് പ്രായം. എല്ലാവരും പുരുഷൻമാരാണ്.
എറണാകുളം ജില്ലക്കാരായ രണ്ടു പേർക്ക് ഇന്ന് കൊറോണ സ്ഥിരീകരിച്ചു. ഇവർ കഴിഞ്ഞ ദിവസം ദുബൈയിൽ നിന്ന് എത്തിയതാണ്. പനി ലക്ഷണങ്ങൾ കണ്ടതോടെ വിമാനത്താവളത്തിൽ നിന്ന് കളമശേരിയിലെ ഐസൊലേഷനിലേക്ക് മാറ്റുകയായിരുന്നു.
കോഴിക്കോട് രോഗം സ്ഥിരീകരിച്ചത് വിദേശത്തുനിന്ന് എത്തിയ രണ്ടുപേർക്കാണ്. ഒരാൾ ബീച്ച് ആശുപത്രിയിലും മറ്റൊരാൾ മെഡിക്കൽ കോളേജ് ആശുപത്രിയിലും നിരീക്ഷണത്തിലായിരുന്നു. ഒരാൾ പുരുഷനും ഒരാൾ സ്ത്രീയുമാണ്. സ്ത്രീ അബുദാബിയിൽ നിന്നെത്തിയതാണെന്ന് ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. ഇരുവരെയും വിമാനത്താവളത്തിൽ നിന്ന് നേരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
മലപ്പുറത്ത് രോഗം സ്ഥിരീകരിച്ച രണ്ട് പേരും വിദേശത്ത് നിന്ന് വന്നവരാണ്. ഒരാൾ കരിപ്പൂർ വിമാനത്താവളം വഴിയും മറ്റേയാൾ നെടുമ്പാശേരി വിമാനത്താവളം വഴിയും വന്നതാണെന്ന് സ്ഥിരീകരിച്ചു. രണ്ട് പേരും ഇപ്പോൾ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ 12 പേർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 59,295 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 58,981 പേർ വീടുകളിലും 314 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 9776 പേരെ ഇന്ന് നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കി.രോഗലക്ഷണങ്ങളുള്ള 4035 പേരുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 2744 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. കൂടുതൽ പേരിലേക്ക് രോഗം പടരാതിരിക്കാൻ അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രി കെ.കെ. ശൈലജ അഭ്യർത്ഥിച്ചു.
കോവിഡ് 19 രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ ആരോഗ്യ വകുപ്പ് നടത്തിയെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധം ശക്തിപ്പെടുത്തിയപ്പോള്‍ തന്നെ ആരോഗ്യ വകുപ്പ് പ്ലാന്‍ എ, പ്ലാന്‍ ബി, പ്ലാന്‍ സി എന്നിങ്ങനെയുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ രൂപീകരിച്ച 18 കമ്മിറ്റികളില്‍ ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ കമ്മിറ്റിയും പ്രൈവറ്റ് ഹോസ്പിറ്റല്‍ കോ- ഓഡിനേഷന്‍ കമ്മിറ്റിയും ഇതിനുവേണ്ടി മാത്രം ഉണ്ടാക്കിയ കമ്മിറ്റികളാണ്. പോസിറ്റീവ് കേസുകളുള്ളവര്‍ക്ക് പുറമേ വീട്ടില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് രോഗലക്ഷണങ്ങളോ മറ്റസുഖങ്ങളോ ഉണ്ടെങ്കിലോ ഐസൊലേഷന്‍ മുറികളില്‍ മാത്രമേ ചികിത്സിക്കാന്‍ കഴിയുകയുള്ളൂ. ഇത് മുന്നില്‍കണ്ടുള്ള ഒരുക്കങ്ങളാണ് ആരോഗ്യ വകുപ്പ് നടത്തിയത്. ഓരോ പ്ലാനിനും അനുസരിച്ച് ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍, മരുന്നുകള്‍, സുരക്ഷ ഉപകരണങ്ങള്‍, വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ വലിയ തോതില്‍ വര്‍ധിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.