അഴിമതി: കശുവണ്ടി വികസന കോര്‍പ്പറേഷന്‍ എംഡിയുടെ സീറ്റ് തെറിച്ചു

തിരുവനന്തപുരം: കശുവണ്ടി വികസന കോര്‍പ്പറേഷന്‍ എംഡി ഡോ കെ.എ. രതീഷിനെ സ്ഥാനത്തുനിന്ന് സര്‍ക്കാര്‍ നീക്കി. വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നേരിട്ടിടപെട്ടാണ് രതീഷിനെ മാറ്റിയത്. കോടികളുടെ അഴിമതി ആരോപണങ്ങളില്‍ മുങ്ങി നില്‍ക്കവെയാണ് രതീഷിനെ കശുവണ്ടി വികസന കോര്‍പ്പറേഷനില്‍ നിന്ന് മാറ്റി മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമം. വ്യവസായവകുപ്പിന് കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റിന്റെ എംഡി പദവിയിലേക്കാണ് രതീഷിനെ മാറ്റിയത്. രതീഷിന്റെ സ്ഥാനമാറ്റം സംബന്ധിച്ച ഫയലില്‍ വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഒപ്പുവച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒപ്പിട്ടുകഴിഞ്ഞാല്‍ ഇന്ന് ഉത്തരവിറങ്ങും. രതീഷിനെ എംഡി സ്ഥാനത്തു നിന്ന് മാറ്റി പകരം കോര്‍പ്പറേഷന്റെ ഫിനാന്‍സ്മാനേജര്‍ക്ക് താത്കാലിക ചുമതല നല്‍കിയിരിക്കുകയാണ്. കശുവണ്ടി വികസന കോര്‍പ്പറേഷനിലെ അഴിമതി സിബിഐ അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവ് കഴിഞ്ഞ ആഴ്ചയില്‍ മന്ത്രിസഭായോഗം അംഗീകരിച്ചിരുന്നു. മാത്രമല്ല സിബിഐ അന്വേഷണം സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കാനും മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് കൂടിയായ ആര്‍. ചന്ദ്രശേഖരന്‍ രാജിവച്ചിരുന്നു. എന്നാല്‍ രതീഷ് രാജിവയ്ക്കാന്‍ തയ്യാറായില്ല. 2005ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് രതീഷ് കശുവണ്ടി വികസനകോര്‍പ്പറേഷന്‍ എംഡിയായി ചുമതലയേല്‍ക്കുന്നത്.

Top