മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ കേന്ദ്ര വിജിലസ് കമ്മീഷനില്‍ പരാതി

ന്യൂഡല്‍ഹി: അനധികൃത സ്വത്ത്‌ സമ്പാദനത്തിന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി മന്ത്രി വി.കെ ഇബ്രഹീം കുഞ്ഞിനെതിരേ കേന്ദ്ര വിജിലസ് കമ്മീഷനില്‍ പരാതി. മന്ത്രി ബിനാമി വഴി കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്റെ ജോലികള്‍ ഏറ്റെടുത്ത് നടത്തുന്നുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം. കൂടാതെ ട്രിവാന്‍ഡ്രം റോഡ് ഡെവലപ്‌മെന്റ് കമ്പനി ലിമിറ്റഡില്‍ നിന്ന് ഒരു കോടി രൂപ മന്ത്രി കൈക്കൂലി വാങ്ങിയതയും പരാതിയില്‍ ആരോപണമുണ്ട്. ലീഗുമായി ബന്ധമുള്ള രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് അഴിമതി നടത്താന്‍ മന്ത്രി കൂട്ടുനിന്നതായും ആരോപണം ഉണ്ട്.

വിദേശത്ത് വച്ചാണ് ഇടപാട് നടന്നതെന്നും ഷൈന്‍ പി. ശശിധര്‍ എന്നയാള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പൊതുമേഖലാ ബാങ്കുകളുടെ കൂട്ടായ്മയായ ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിങ് ആന്‍ഡ് ഫിനാന്‍സ് സര്‍വ്വീസസിന്റെ ഉപസ്ഥാപനമാണ് ട്രിവാന്‍ഡ്രം റോഡ് ഡെവലപ്‌മെന്റ് കമ്പനി ലിമിറ്റഡ്. ഇവര്‍ക്ക് വഴിവിട്ട സഹായം ചെയ്യുന്നതിന് വേണ്ടിയാണു കൈക്കൂലി നല്‍കിയത്. തുടര്‍ന്ന് തിരുവനന്തപുരം നഗരത്തിലെ റോഡുകളുടെ ഗുണമേന്മ-മാനദണ്ഡങ്ങളില്‍ ഇളവുവരുത്താന്‍ ഇബ്രാഹിം കുഞ്ഞ് ഇടപെട്ടതയും പരാതിയില്‍ ഷൈന്‍ ആരോപിക്കുന്നു.
തിരുവനന്തപുരം ആസ്ഥാനമായ ജാസ്മിന്‍ കണ്‍സ്ട്രക്ഷന്‍, സനാതന്‍ കണ്‍സ്ട്രക്ഷന്‍സ്, ഗ്രീന്‍വര്‍ത്ത് ഇന്ത്യ, നാഥ് കണ്‍സ്ട്രക്ഷന്‍സ് എന്നീ നിര്‍മാണ കമ്പനികള്‍ക്ക് മന്ത്രി ഒത്താശ ചെയ്യുന്നതായും മതിയായ ടെണ്ടറുകള്‍ ഇല്ലാതെയാണ് ഇവര്‍ക്ക് കരാറുകള്‍ നല്‍കിയിരിക്കുന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇബ്രാഹിം കുഞ്ഞിന്റെ മകന്‍ വിദേശത്ത് നേരിട്ടും അല്ലാതെയും 500 കോടിയിലേറെ രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നു. അഴിമതിയുടെ പൂര്‍ണചിത്രം പുറത്തുകൊണ്ടുവരാന്‍ കേന്ദ്ര ഏജന്‍സിയുടെ സമഗ്ര അന്വേഷണം വേണമെന്നാണ് പരാതിയിലെ ആവശ്യം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top