തിരുവനന്തപുരം: മെഡിക്കല്‍ കോഴ വിവാദത്തില്‍ ഉള്‍പ്പെട്ട സംസ്ഥാന സമിതി അംഗം ആര്‍.എസ്. വിനോദിനെ ബി.ജെ.പി പുറത്താക്കി. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് വിനോദിനെ പുറത്താക്കിയ വിവരം അറിയിച്ചത്. നേരത്തെ മെഡിക്കല്‍ കോളജുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് വിനോദ് 5.60 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് പാര്‍ട്ടി അന്വേഷണ കമീഷന്‍ കണ്ടെത്തയിരുന്നു. സംസ്ഥാന നേതാവായ എം.ടി രമേശിനും അഴിമതിയില്‍ പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് സംസ്ഥാന നേതൃത്വം നടപടി സ്വീകരിച്ചതെന്നാണ് സൂചനകള്‍. അഴിമതിയെപ്പറ്റി അന്വേഷിക്കണമെന്ന് കേന്ദ്രനേതൃത്വത്തോട് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നാണ് വിനോദിനെ പുറത്താക്കിയിട്ടുള്ളത്.
സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജ് ആരംഭിക്കാനായി ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അനുമതി വാങ്ങിക്കൊടുക്കാന്‍ ബിജെപി നേതാവ് 5.6 കോടി രൂപ കൈപ്പറ്റിയെന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് വിനോദിനെതിരെ ആരോപണം ശക്തമാകുന്നത്. ഇതിനിടെ നാളെ ചേരുന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ പാര്‍ട്ടി ഇക്കാര്യം വിശദമായി ചര്‍ച്ചചെയ്യും. എംടി രമേശ് ഉള്‍പ്പെടെയുള്ള മറ്റു നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളിലും ശക്തമായ നടപടി ഉണ്ടായേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. വിനോദിനെതിരെ നടപടിയുണ്ടായതോടെ വരും ദിവസങ്ങളില്‍ കോഴ വിവാദത്തില്‍ കൂടുതല്‍ നടപടികള്‍ പാര്‍ട്ടിയിലുണ്ടാകുമെന്നാണ് വിവരങ്ങള്‍.
സംസ്ഥാന കമ്മിറ്റി നിയോഗിച്ച അന്വേഷണ കമീഷനാണ് കോഴവാങ്ങിയതായി കണ്ടെത്തിയത്. കോളേജ് തുടങ്ങാന്‍ കോഴ വാങ്ങിയതിനു പുറമെ നേതാക്കള്‍ നടത്തുന്ന ഹവാല- കള്ളപ്പണ ഇടപാടുകളെ ക്കുറിച്ചുള്ള കണ്ടെത്തലുകളും റിപ്പോര്‍ട്ടിലുണ്ട്. വര്‍ക്കലയിലെ എസ്‌ആര്‍ കോളേജ് ഉടമ ആര്‍ ഷാജിയില്‍നിന്ന് ബിജെപി സഹകരണസെല്‍ കണ്‍വീനര്‍ ആര്‍ എസ് വിനോദ് 5.60 കോടി രൂപ കൈപ്പറ്റിയെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. പണം വാങ്ങിയെന്ന് വിനോദ് സമ്മതിച്ചതായും പണം നല്‍കിയതായി ഷാജി മൊഴി നല്‍കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് കമ്മിഷന്‍ ശുപാര്‍ശ ചെയ്തു. ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് കെ പി ശ്രീശന്‍, സംസ്ഥാന സെക്രട്ടറി എ കെ നസീര്‍ എന്നിവരടങ്ങുന്ന അന്വേഷണകമ്മിഷന്‍ വിശദമായ പരിശോധനക്കും തെളിവെടുപ്പിനും ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ആര്‍ ഷാജി ബിജെപി സംസ്ഥാന കമ്മിറ്റിക്ക് രേഖാമൂലം പരാതി നല്‍കിയതോടെയാണ് സംഭവം വിവാദമായത്. ഔദ്യോഗിക നേതൃത്വം പരാതി ഒതുക്കാന്‍ ശ്രമിച്ചെങ്കിലും വി മുരളീധരന്റെ നേതൃത്വത്തിലുള്ള വിഭാഗം ഇത് ചര്‍ച്ചയാക്കി. ഡല്‍ഹിയിലുള്ള സതീശ്നായര്‍ക്ക് കുഴല്‍പ്പണമായി തുക കൈമാറിയെന്ന് വിനോദ് സമ്മതിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കുഴല്‍പ്പണമായി എത്തിക്കുന്നതിന് പെരുമ്ബാവൂരിലെ ഒരാളുടെ സഹായം തേടി. എസ് രാകേശാണ് സതീശ്നായരെ പരിചയപ്പെടുത്തിയത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിനോദ് സമ്മതിച്ചു. കുമ്മനത്തിന്റെ ഓഫീസ് സ്റ്റാഫിയിരുന്നു രാകേശ്. പരാതി ഉയര്‍ന്നപ്പോള്‍ തന്നെ ഇയാളെ കുമ്മനം ഒഴിവാക്കുകയും ചെയ്തു.
ഷാജിയുടെ പരാതിയിലില്ലാത്ത എം ടി രമേശിന്റെ പേരുകൂടി അന്വേഷണത്തിനിടെ കടന്നുവന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പാലക്കാട് മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ രമേശ് മുഖേന കാശ് നല്‍കിയെന്നായിരുന്നു പരാമര്‍ശം. രമേശിനോട് അന്വേഷിച്ചെങ്കിലും നിഷേധിച്ചു. പാലക്കാട് ചെര്‍പ്പുളശേരിയില്‍ മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ ഒരു ടീം തന്നെ സമീപിച്ചിരുന്നെങ്കിലും തനിക്ക് ചെയ്യാന്‍ പറ്റുന്ന കാര്യമല്ലെന്നു പറഞ്ഞ് തിരിച്ചയച്ചതായി രമേശ് പറഞ്ഞെന്നും റിപ്പോര്‍ട്ടിലുണ്ട്. അതിനിടെ, കമ്മിഷന്‍ അംഗങ്ങളെപ്പറ്റിയും ലഭിച്ച പരാതികളെക്കുറിച്ചും ആര്‍ എസ് വിനോദിന് വിവരങ്ങള്‍ കിട്ടിയതും റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം നാളെ പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തില്‍ വലിയ കോളിളക്കമുണ്ടാക്കുമെന്നാണ് വിവരം.