തിരുവനന്തപുരം:യു.ഡി എഫ് സര്‍ക്കാരിലെ രണ്ട് മന്ത്രിമാര്‍ കോടികള്‍ തട്ടിയെടുത്തു എന്ന വിജിലന്‍സ് റിപ്പോര്‍ട്ട് മുക്കിയതായി റിപ്പോര്‍ട്ട് പുറത്തായി .കോടികളുടെ അഴിമതിയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ മംഗളമാണ് പുറത്തു വിട്ടത് .തിരഞ്ഞെടുപ്പിന്‍ 4 ദിവസം മാത്രം ബാക്കി നില്‍ക്കെ പുതിയ അഴിമതിക്കഥകള്‍ യു.ഡിെഫ് നേതൃത്വത്തേയും മുന്നണിയേയും റിപ്പോട്ട് മുക്കിയത് ചെന്നിത്തല എന്ന സൂചനയും വാര്‍ത്തയിുലൂടെ പുറത്തു വന്നിരിക്കുന്നത് വന്‍തിരിച്ചടി ആയിരിക്കയാണ്. റോഡ് പണി, സ്‌ഥലംമാറ്റം എന്നിവയുടെ പേരില്‍ മന്ത്രിമാരും പൊതുമരാമത്ത് ഉദ്യോഗസ്‌ഥരും ചേര്‍ന്നു കോടികള്‍ കൊള്ളയടിച്ചതായാണ് വിജിലന്‍സ് റിപ്പോര്‍ട്ട് എന്നു മംഗളം റിപ്പോര്ട്ട് . അടുത്തിടെ സ്‌ഥാനമൊഴിഞ്ഞ വിജിലന്‍സ് ഡയറക്‌ടര്‍ വിന്‍സന്‍ എം. പോളാണ് ഇതുസംബന്ധിച്ച ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് (ടി 2-31396/14 നമ്പര്‍ കത്ത് 6624 ഇ2/15) കഴിഞ്ഞവര്‍ഷം ജൂണ്‍ അഞ്ചിനു മന്ത്രി രമേശ് ചെന്നിത്തലയ്‌ക്കു കൈമാറിയത്. എന്നാല്‍, മരാമത്ത്, ധനവകുപ്പ് മന്ത്രിമാര്‍ കൈക്കൂലി വാങ്ങിയെന്ന റിപ്പോര്‍ട്ട് യു.ഡി.എഫ്. നേതൃത്വം ഇടപെട്ടു മുക്കി. ഘടകകക്ഷി മന്ത്രിമാര്‍ക്കെതിരായ റിപ്പോര്‍ട്ട് മുന്നണിബന്ധങ്ങളെ ബാധിക്കുമെന്ന ഭീഷണിയുടെ പശ്‌ചാത്തലത്തിലായിരുന്നു ഇത്.
പ്രധാനമായും റോഡ് പണി, സ്‌ഥലംമാറ്റം എന്നിവയുടെ പേരില്‍ രണ്ടു മന്ത്രിമാര്‍ കോടികളുടെ കൈക്കൂലിക്കു കൂട്ടുനില്‍ക്കുകയും പങ്കുപറ്റുകയും ചെയ്‌തെന്നാണു റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. കോടികളുടെ അഴിമതി സംബന്ധിച്ചു മന്ത്രിമാരുടെ പങ്കിലേക്കു വെളിച്ചം വീശുന്ന വിജിലന്‍സ് റിപ്പോര്‍ട്ട് സംസ്‌ഥാനചരിത്രത്തില്‍ ഇതാദ്യമാണ്.
പൊതുമരാമത്തുമന്ത്രി, ധനമന്ത്രി, ഇരുവകുപ്പുകളുടെയും സെക്രട്ടറിമാര്‍, ചീഫ് എന്‍ജിനീയര്‍ എന്നിവരാണു കരാറുകാരുമായി കോടികളുടെ അവിഹിത ഇടപാടിലേര്‍പ്പെട്ടതെന്നു റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നു. റിപ്പോര്‍ട്ടില്‍ ആദ്യം വിശദാന്വേഷണം കുറിച്ച മന്ത്രി രമേശ് ചെന്നിത്തല പിന്നീടു രാഷ്‌ട്രീയസമ്മര്‍ദത്തേത്തുടര്‍ന്ന് ഫയല്‍ കുറ്റാരോപിതനായ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനുതന്നെ കൈമാറി.
മരാമത്തുപണികളുടെ എസ്‌റ്റിമേറ്റ് പുതുക്കിനല്‍കുക, പലപ്പോഴായി ചെയ്യേണ്ട പണി ഒന്നിച്ചു കരാര്‍ നല്‍കുക, ചെയ്യാത്ത പണിക്കു ബില്‍ നല്‍കുക, കൃത്യമായി പടി പിരിക്കുക, വഴിവിട്ട സ്‌ഥലംമാറ്റങ്ങള്‍ എന്നിവയിലൂടെ ഓവര്‍സിയര്‍/ക്ലര്‍ക്ക് മുതല്‍ മന്ത്രിമാര്‍ വരെയുള്ളവര്‍ കോടികള്‍ കൈയിട്ടുവാരിയെന്നു റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. പണികളില്‍ കൃത്രിമം കാട്ടിയാണു കൈക്കൂലി നല്‍കിയതിന്റെ നഷ്‌ടം കരാറുകാര്‍ നികത്തിയിരുന്നത്.
ഉദ്യോഗസ്‌ഥരും ഇടനിലക്കാരും രാഷ്‌ട്രീയനേതൃത്വവും ഒത്തുചേര്‍ന്ന് അടങ്കല്‍തുകയുടെ 3% വരെ പിരിച്ചെടുത്തു. നടപ്പാകാത്ത പ്രവൃത്തികളുടെ 50% വരെ എന്‍ജിനീയര്‍മാര്‍ കോഴ വാങ്ങി ഭരണനേതൃത്വത്തിനു കൈമാറി. പ്രധാനമായും കണ്‍സ്‌ട്രക്‌ഷന്‍ കോര്‍പറേഷന്‍, കെ.എസ്.ടി.പി, റോഡ്‌സ് ആന്‍ഡ് ബ്രിഡ്‌ജ്‌സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ എന്നിവ കേന്ദ്രീകരിച്ചാണ് അഴിമതി നടമാടിയത്.സൂപ്രണ്ടിങ് എന്‍ജിനീയര്‍മാരുടെ സാമ്പത്തികാധികാര പരിധിയില്‍ വരുന്ന മരാമത്ത് ബില്‍ തുകയുടെ അര ശതമാനം മുതല്‍ ഒരു ശതമാനം വരെയാണു കൈക്കൂലി. പ്രവൃത്തികളുടെ എസ്‌റ്റിമേറ്റ് സാങ്കേതികാനുമതിക്കായി സമര്‍പ്പിക്കുമ്പോഴാണു ചീഫ് എന്‍ജിനീയറുടെ ഊഴം. ചിലയിടങ്ങളില്‍ കോഴപിരിക്കാന്‍ അസി. എന്‍ജിനീയര്‍മാരെയാണു നിയോഗിക്കുന്നത്.
സ്വാധീനമുള്ള കരാറുകാര്‍ അവര്‍ക്കു താല്‍പര്യമുള്ള എന്‍ജിനീയര്‍മാരെ നിയമിച്ചശേഷമേ പണി നടത്താറുള്ളൂ. പണി നടത്താതെ ബില്‍ മാറി കൊടുക്കുന്നതിന് എന്‍ജിനീയര്‍മാര്‍ക്ക് ബില്‍ തുകയുടെ 50% കൈക്കൂലി കൊടുക്കുന്നതു രണ്ടു രീതിയിലാണ്. അടിയന്തരസ്വഭാവമുള്ള, കുണ്ടും കുഴിയും നിറഞ്ഞ റോഡുകളുടെ ചെറിയ അറ്റകുറ്റപ്പണികള്‍ ചെയ്യാറില്ല.പകരം, ഇവയ്‌ക്കു സാങ്കേതികാനുമതി നേടിയെടുത്തശേഷം മൊത്തം റീടാറിങ്ങിനുള്ള അനുമതി തേടും. തുടര്‍ന്ന് കുണ്ടും കുഴിയും നികത്തുന്ന പ്രവൃത്തികള്‍ ഒരുമിച്ചു നടത്തും. ആദ്യത്തെ ചെറിയ പ്രവൃത്തികളുടെ ബില്ലുകള്‍ മാറുന്നതു രണ്ടാമത്തെ റീടാറിങ് പൂര്‍ത്തിയാകുന്നതുവരെ ദീര്‍ഘിപ്പിക്കും. ചെറിയ പ്രവൃത്തികളെല്ലാം വലുതിന്റെ എസ്‌റ്റിമേറ്റില്‍ ഉള്‍പ്പെടുത്തും. അടങ്കല്‍തുകയുടെ 100-300% വരെ അധികമായി വാങ്ങിയാണു പലപ്പോഴും ഇത്തരം അഴിമതികള്‍ നടത്തുന്നത്. ടാര്‍ (ബിറ്റുമിന്‍) മറിച്ചുവില്‍ക്കുന്നതിന്റെ 50%, പ്രവൃത്തി നടപ്പാക്കുന്ന ഉദ്യോഗസ്‌ഥനുള്ളതാണ്. ഉദ്യോഗസ്‌ഥര്‍ക്കുള്ള കൈക്കൂലി കരാറുകാരാണു നല്‍കുന്നത്. ഈ തുക അവര്‍ ബില്‍ തുകയില്‍ വെട്ടിക്കുകയും ചെയ്യും. നഷ്‌ടം പൊതുഖജനാവിനു മാത്രം. ഒരു ഡിവിഷന്റെ മാമൂല്‍ കൈക്കൂലിത്തുക അഞ്ചുലക്ഷം രൂപയാണെന്ന ഞെട്ടിക്കുന്ന വിവരവും വിജിലന്‍സ് റിപ്പോര്‍ട്ടിലുണ്ട്.
സ്വകാര്യ ടെലികോം കമ്പനികള്‍ക്കു കേബിള്‍ കുഴിയെടുക്കാന്‍ അനുമതി നല്‍കുന്നതില്‍ ചീഫ് എന്‍ജിനീയര്‍ മുതല്‍ പൊതുമരാമത്ത് സെക്രട്ടറിവരെ നീളുന്ന അഴിമതിശൃംഖലയുണ്ട്. അഴിമതി വ്യാപകമാകുന്നതിനു പ്രധാനകാരണം നിയമനത്തിനും സ്‌ഥലംമാറ്റത്തിനും കൃത്യമായ വ്യവസ്‌ഥകളില്ലാത്തതാണെന്നു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
മൂന്നുവര്‍ഷം കൂടുമ്പോള്‍ ഉദ്യോഗസ്‌ഥരെ മരാമത്തുവകുപ്പിന്റെ വിവിധ വിഭാഗങ്ങളിലേക്കു സ്‌ഥലംമാറ്റണമെന്ന പരിഹാരനിര്‍ദേശവും വിജിലന്‍സ് മുന്നോട്ടുവയ്‌ക്കുന്നു. മരാമത്ത് വകുപ്പിന്റെ ആഭ്യന്തര വിജിലന്‍സ് വിഭാഗം തീര്‍ത്തും ദുര്‍ബലമാണ്.
സത്യസന്ധരായ ഉദ്യോഗസ്‌ഥരെ പീഡിപ്പിക്കാന്‍ മാത്രമാണ് ഈവിഭാഗം പ്രവര്‍ത്തിക്കുന്നത്. സാങ്കേതികവിദഗ്‌ധരെ ഉള്‍പ്പെടുത്തി ആഭ്യന്തര വിജിലന്‍സ് സംവിധാനം ശക്‌തിപ്പെടുത്തണം. സാങ്കേതികമികവുള്ള കരാറുകാരെയേ പ്രവൃത്തികള്‍ ഏല്‍പിക്കാവൂ. ഇവര്‍ക്ക് ആധുനിക നിര്‍മാണ ഉപകരണങ്ങളുണ്ടെന്ന് ഉറപ്പുവരുത്തണം.
ഇത്തരം കാര്യങ്ങള്‍ നടപ്പാക്കാന്‍ രാഷ്‌ട്രീയ ഇച്‌ഛാശക്‌തി അനിവാര്യമാണ്. എന്‍ജിനീയറിങ് വിഭാഗം, ദേശീയപാത, ജലസേചനം, നഗരാസൂത്രണം എന്നിവയെല്ലാം ഒറ്റവകുപ്പിനു കീഴിലാക്കിയാല്‍ ചെലവുചുരുക്കാനും കാര്യക്ഷമത വര്‍ധിപ്പിക്കാനും കഴിയുമെന്നു റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു.
ഫയല്‍ മുക്കിയ വഴി
ധന/മരാമത്ത് മന്ത്രിമാര്‍ ഉള്‍പ്പെട്ട കോടികളുടെ അഴിമതി ചൂണ്ടിക്കാട്ടി വിജിലന്‍സ് ഡയറക്‌ടറായിരുന്ന വിന്‍സന്‍ എം. പോള്‍ 2015 ജൂണ്‍ 23-നാണ് ആഭ്യന്തര അഡി. ചീഫ് സെക്രട്ടറി നളിനി നെറ്റോയ്‌ക്കു ഫയല്‍ കൈമാറിയത്. തുടര്‍ന്ന് ഫയല്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്കു മുന്നിലെത്തി.
ഫയലിന്മേല്‍ അടിയന്തര അന്വേഷണം വേണമെന്ന് ആദ്യം കുറിച്ചെങ്കിലും പൊടുന്നനെയുണ്ടായ സമ്മര്‍ദത്തേത്തുടര്‍ന്ന് ഇതു തിരിച്ചുവിളിച്ചു. അതിനുശേഷം കുറ്റാരോപിതനായ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനു കൈമാറി.സെക്രട്ടേറിയറ്റിലെ ഫയല്‍ നീക്കം പരിശോധിച്ചപ്പോള്‍ 2015 ജൂണ്‍ 30 മുതല്‍ മരാമത്തുമന്ത്രിയുടെ ഓഫീസിലാണു വിവാദ ഫയലുള്ളതെന്നു വ്യക്‌തമായി. ഈ ഫയല്‍ വെളിച്ചം കാണാതിരിക്കാനുള്ള തന്ത്രങ്ങളാണു പിന്നീടു സെക്രട്ടേറിയറ്റില്‍ അരങ്ങേറിയത്.
റിപ്പോര്‍ട്ടില്‍ ഇനംതിരിച്ച് കൈക്കൂലിക്കണക്ക്
തിരുവനന്തപുരം: ഓരോ ഇനത്തിലും മന്ത്രിമാരും ഉദ്യോഗസ്‌ഥരും പങ്കിട്ടെടുക്കുന്ന കൈക്കൂലി ഇനംതിരിച്ചുതന്നെ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വിവരിക്കുന്നു. സ്‌ഥലംമാറ്റക്കോഴ- വാങ്ങുന്നതു മന്ത്രിയുടെയോ രാഷ്‌ട്രീയനേതാക്കളുടെ ഏജന്റുമാര്‍. അസി. എന്‍ജിനീയര്‍: 3-5 ലക്ഷം. അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍: 10 ലക്ഷം. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍: 20 ലക്ഷത്തിനുമേല്‍, സൂപ്രണ്ടിങ് എന്‍ജിനീയര്‍: 30 ലക്ഷം. ചീഫ് എന്‍ജിനീയര്‍: 50 ലക്ഷത്തിനുമേല്‍.
ബില്‍ തയാറാക്കാന്‍ നല്‍കേണ്ടത് (ശതമാനക്കണക്കില്‍)- അസി. എന്‍ജിനീയര്‍: ബില്‍ തുകയുടെ 3%, ഓവര്‍സിയര്‍: 1.5%, ക്ലര്‍ക്ക്/അസി. എക്‌സിക്യൂട്ടീവ്/എക്‌സിക്യൂട്ടീവ്/ചീഫ്/സൂപ്രണ്ടിങ് എന്‍ജിനീയര്‍: 1% വീതം.
ഡിവിഷന്‍ പടി- മന്ത്രിക്കും മരാമത്ത് സെക്രട്ടറിക്കും കൊടുക്കാനെന്ന പേരില്‍ പ്രതിമാസം അഞ്ചുലക്ഷം രൂപ. വാങ്ങുന്നതു ചീഫ് എന്‍ജിനീയറോ സൂപ്രണ്ടിങ് എന്‍ജിനീയറോ. ഇത് ഉദ്യോഗസ്‌ഥരുടെ കീശയില്‍ വീഴുകയാണോ മുകളിലേക്കു കൈമാറ്റം ചെയ്യുകയാണോയെന്നു വ്യക്‌തമല്ല എന്നും റിപ്പോര്‍ട്ട് ചെയ്യുന്നു
കടപ്പാട് : മംഗളം