സ്വന്തം ലേഖകൻ
എടപ്പാൾ: വിവാഹ ആഘോഷങ്ങൾ അതിരുവിട്ടതോടെ വധൂഗൃഹത്തിൽ കൂട്ടത്തല്ല്. വധുവും ബന്ധുക്കളും അടക്കം ഏഴു സ്ത്രീകൾ ബോധരഹിതരായി വീണു. ഇവരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എടപ്പാളിലെ ഒരു വിവാഹ വീട്ടിൽ കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. മലപ്പുറം എടപ്പാൾ കണ്ടനകത്ത് പ്രദേശത്തെ യുവാവും യുവതിയും തമ്മിലുള്ള വിവാഹ വേദിയിലാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. വിവാഹ സംഘം പുറപ്പെട്ടപ്പോൾ മുതൽ വരന്റെ സുഹൃത്തുക്കളുടെ സംഘം ഇവരെ ബൈക്കിൽ പിൻതുടരുകായായിരുന്നു. മദ്യലഹരിയിലായിരുന്നു ഇവരെന്നു ബന്ധുക്കൾ പറഞ്ഞു. തുടർന്നു ബൈക്കിലെത്തിയ സംഘം വധുവിന്റെ ബന്ധുക്കൾ അടക്കമുള്ളവരോടു കയർക്കുകയും തർക്കിക്കുകയും ചെയ്തിരുന്നു.
ഇവർ വധുവിനെയും വരനെയും അശ്ലീലം കലർന്ന വാക്കുകളിലൂടെ അപമാനിച്ചതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഒറു വിഭാഗം സ്ത്രീകൾ ഇതിനെ ചോദ്യം ചെയ്തു. ഇതോടെ സുഹൃത്തുക്കളുടെ പരാക്രമം ഇവരോടായി. ഇതിനെച്ചൊല്ലി ഇരുകൂട്ടരും തമ്മിൽ വാക്കേറ്റവും തർക്കവുമുണ്ടായി. ചില പുരുഷൻമാർ സംഭവം ചോദ്യം ചെയ്ത് രംഗത്ത് എത്തിയതോടെയാണ് തർക്കം വീണ്ടും ഗുരുതരമായത്. തുടർന്നു തർക്കം സംഘർഷത്തിലേയ്ക്കു കടന്നതോടെ വധുവും സംഭവംകണ്ടു നിന്ന വളാഞ്ചേരി കുന്നത് സ്വദേശിയും വധുവിന്റെ മാതൃസഹോദരിയുമായ അമിനക്കുട്ടി, കുന്നത്ത് ബീയ്യാത്തുട്ടി, ഒൻപതുകാരി ഫാത്തിമ ശബാന, ആമിനക്കുട്ടിയുടെ മകൻ ഷബീബ്, ബന്ധു ശിബിലാൽ എന്നിവർ പരുക്കേറ്റു.
സ്ത്രീകൾ അടക്കമുള്ളവർ സംഘർഷം കണ്ട് ബോധരഹിതരായി വീണതോടെ തടിച്ചു കൂടിയ നാട്ടുകാർ യുവാക്കൾക്കു നേരെ തിരിഞ്ഞു. സംഭവം പന്തിയല്ലെന്നു കണ്ട യുവാക്കളുടെ സംഘം ഉടൻ തന്നെ ബൈക്കിൽ ഇവിടെ നിന്നു രക്ഷപെട്ടു. സംഭവത്തിൽ വധുവിന്റെ ബന്ധുക്കളുടെ പരാതിയിൽ വരന്റെ സുഹൃത്തുക്കളായ യുവാക്കൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.