വീണ്ടും കോടതികൾ തമ്മിലടിക്കുന്നു: കോടിതിയലക്ഷ്യ കേസിൽ ജസ്റ്റിസ് കർണ്ണനു ആറു മാസം തടവ്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: സുപ്രീംകോടതിയും ഹൈക്കോടതി ജഡ്ജി കർണ്ണനും തമ്മിലുള്ള തർക്കവും പരസ്പരം വിധിക്കുന്ന ശിക്ഷകളും തുടരുന്നു. ചീഫ് ജസ്റ്റീസ് ജെ.എസ് കേഹാർ അടക്കമുള്ള സുപ്രീം കോടതിയിലെ എട്ട് ജഡ്ജിമാരെ അറസ്റ്റു ചെയ്യാൻ ഉത്തരവിടുകയും അവർക്ക് അഞ്ചു വർഷം തടവുശിക്ഷയും വിധിച്ച ജസ്റ്റീസ് സി.എസ് കർണനെ സുപ്രീം കോടതി കോടതിയലക്ഷ്യ കേസിൽ ശിക്ഷിച്ചു. ജസ്റ്റീസ് കർണനെ ആറു മാസത്തേക്കാണ് ശിക്ഷിച്ചത്. അദ്ദേഹത്തെ ഉടൻ അറസ്റ്റു ചെയ്ത് ജയിലിൽ അടയ്ക്കാനും ഉത്തരവിൽ പറയുന്നൂ. ജസ്റ്റീസ് കർണന്റെ പ്രസ്താവനകൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നതും സുപ്രീം കോടതി വിലക്കി. രാജ്യത്ത് കോടതിയലക്ഷ്യ കേസിൽ ശിക്ഷിക്കപ്പെടുന്ന ആദ്യ ജഡ്ജിയാണ് കർണൻ. ജസ്റ്റീസ് കർണന് മാനസികാസ്വാസ്ഥ്യം ഇല്ലെന്ന് സുപ്രീം കോടതി വിലയിരുത്തി. തൊലി നിറത്തിന്റെ അടിസ്ഥാനത്തിലല്ല ശിക്ഷ. കോടതിയലക്ഷ്യം അത് ആരു നടത്തിയാലും കോടതിയലക്ഷ്യം തന്നെയാണെന്നും സുപ്രീം കോടതി വിലയിരുത്തി. തനിക്കെതിരെ നടപടിക്കൊരുങ്ങിയ സുപ്രീം കോടതി ജഡ്ജിമാർക്കെതിരെ എസ്.സി/എസ്.ടി വകുപ്പുകൾ പ്രകാരമാണ് ഇന്നലെ ജസ്റ്റീസ് കർണൻ ശിക്ഷ വിധിച്ചിരുന്നത്.
ജസ്റ്റീസ് കർണൻ നിരന്തരം നടത്തുന്ന പരാമർശങ്ങളെ തുടർന്ന് അദ്ദേഹത്തിന്റെ മനോനില പരിശോധിക്കാൻ സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം മെഡിക്കൽ സംഘം കഴിഞ്ഞ ദിവസം ജസ്റ്റീസ് കർണന്റെ വസതിയിൽ എത്തിയെങ്കിലും പരിശോധനയ്ക്ക് അദ്ദേഹം തയ്യാറായിരുന്നില്ല. താൻ ഒറ്റയ്ക്കാണ് വീട്ടിലെന്നും കുടുംബാംഗങ്ങളുടെ സാന്നിധ്യമില്ലാതെ പരിശോധന നടത്താൻ കഴിയില്ലെന്ന നിയമവശവും അദ്ദേഹം ചൂണ്ടിക്കാട്ടി. മെഡിക്കൽ സംഘത്തിന് ചായസത്കാരവും നടത്തിയാണ് ജസ്റ്റീസ് കർണൻ മടക്കി അയച്ചത്. മെഡിക്കൽ സംഘം സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ജസ്റ്റീസ് കർണന്റെ മനോനിലയ്ക്ക് ഒരു കുഴപ്പവുമില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇത് പരിഗണിച്ച കോടതി ജസ്റ്റീസ് കർണന്റെ നടപടികൾ സുപ്രീം കോടതിയെ മനഃപൂർവ്വം അപമാനിക്കാനുള്ളതാണെന്നും സുപ്രീം കോടതി വിലയിരുത്തി.
മദ്രാസ് ഹൈക്കോടതി ജഡ്ജിമാരുമായുള്ള വാക്പോരിനെ തുടർന്ന് ജസ്റ്റീസ് കർണനെ സുപ്രീം കോടതി ഭരണപരവും നീതിന്യായപരവുമായ ചുമതലകൾ വഹിക്കുന്നതിൽ നിന്ന് ഫെബ്രുവരി എട്ടിന് വിലക്കിയിരുന്നു. കോടതിയലക്ഷ കേസിൽ ജസ്റ്റീസ് കർണൻ മാർച്ച് 31ന് കോടതിയിൽ ഹാജരാകുകയും ചെയ്തു. വാക്പോര് തുടരുന്നതിനിടെ മേയ് നാലിനാണ് മെഡിക്കൽ സംഘം മനോനില പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകിയത്. അതിനിടെ ഇന്നലെ സുപ്രീം കോടതി ജഡ്ജിമാരെ കർണൻ അഞ്ചു വർഷത്തെ തടവിനും വിധിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top