![](https://dailyindianherald.com/wp-content/uploads/2016/04/CHANDI-2.png)
തിരുവന്തപുരം: വിഎസ് അച്യുതാനന്ദനെതിരെ കോടതിയില്‍ മാനഷ്ടക്കേസുമായി പോയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് തിരിച്ചടി. വിഎസിന്റെ തുടര്‍ പ്രസ്താവനകള്‍ വിലക്കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി. കോടതിയെ രാഷ്ട്രീയക്കളിക്കുള്ള വേദിയാക്കരുതെന്ന താക്കീതും കോടതി നല്കി.
മുഖ്യമന്ത്രി നല്കിയ പരാതിയില്‍ വിശദീകരണം നല്കാന് വിഎസിന് സാവകാശം അനുവദിച്ച കോടതി മുഖ്യമന്ത്രിയുടെ പരാതി പിന്നീട് മാത്രമേ കേള്‍ക്കൂ എന്ന് വ്യക്തമാക്കി. മുഖ്യമന്ത്രിക്കെതിരെ 31 കേസുകളുണ്ടെന്ന വിഎസിന്റെ ധര്‍മ്മടം മണ്ഡലത്തിലെ പ്രസംഗത്തിനെതിരെയാണ് ഉമ്മന്‍ചാണ്ടി കോടതിയെ സമീപിച്ചത്
തന്റെ പേരില്‍ സംസ്ഥാനത്ത് യാതൊരുവിധ കേസുകളുമില്ലെന്നും വിഎസ് പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടായിരുന്നു ഉമ്മന്‍ചാണ്ടി മാനനഷ്ട കേസ് നല്‍കിയത്. പിന്നാലെ വിഎസിന് എതിരെയാണ് കേസ് എന്ന രീതിയില്‍ മുഖ്യമന്ത്രിയും യുഡിഎഫും പ്രസ്താവനകള്‍ ഇറക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ശക്തികൂട്ടാനായിരുന്നു മുഖ്യമന്ത്രി ധൃതിപിടിച്ച് മാനനഷ്ട് കേസുമായി മുന്നോട്ടുപോയതെന്നും പ്രചരണങ്ങളുണ്ടായിരുന്നു.
തന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ കേസ് നല്കിയ മുഖ്യമന്ത്രി ഇത്രത്തോളം അപവാദങ്ങള്‍ ഉന്നയിച്ച സരിതാ എസ് നായര്‍ക്കെതിരെ കേസ് നല്കാന് എന്തുകൊണ്ടാണ് മടിക്കുന്നതെന്ന് വിഎസ് കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.