ശങ്കള്‍ റെഡ്ഡിയെ വിജിലന്‍ ഡയറക്ടറാക്കിയതിനെ കുറിച്ച് അന്വേഷിക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവ്

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറായി ഉയര്‍ത്തിയും ഡിജിപിയായി സ്ഥാനകയറ്റം നടത്തിയ തീരുമാനത്തെ കുറിച്ച് അന്വേഷിക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവ്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍ വിരമിച്ചതിനെ തുടര്‍ന്ന ശങ്കര്‍ റെഡ്ഡിയെ ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയ ശേഷം പുതിയ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത്.
ഇദ്ദേഹത്തിന്റേതുള്‍പ്പെടെ നാലുപേര്‍ക്ക് ഡിജിപി തലത്തില്‍ സ്ഥാനക്കയറ്റം നല്‍കിയത് അന്നുതന്നെ ചോദ്യംചെയ്യപ്പെട്ടിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അക്കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ക്കെതിരെയും ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസണെതിരെയും അന്വേഷണം നടത്താനും കോടതി നിര്‍ദേശിച്ചിരിക്കുകയാണിപ്പോള്‍. ബാര്‍ കോഴക്കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറാക്കിയതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ജേക്കബ് തോമസിനെ പോലെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെ പൊലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്റെ ചുമതലക്കാരനാക്കിയായിരുന്നു ഈ കള്ളക്കളി. ഇതാണ് വിജിലന്‍സ് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടത്.

ഇക്കാര്യത്തില്‍ വന്ന പരാതി പരിഗണിച്ച തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഇപ്പോള്‍ ശങ്കര്‍റെഡ്ഡിയുടെ സ്ഥാനക്കയറ്റത്തെപ്പറ്റിയും നിയമനത്തെ പറ്റിയും അന്വേഷണം നടത്താന്‍ ഉത്തരവിട്ടിരിക്കുന്നത്. റെഡ്ഡിയുടെ നിയമനവും സ്ഥാനക്കയറ്റവും ചട്ടം ലംഘിച്ചെന്ന് കോടതി വിലയിരുത്തി. ഇക്കാര്യത്തില്‍ പ്രാഥമികാന്വേഷണം നടത്തി ഫെബ്രുവരി 15നകം റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. നേരത്തേ ബാര്‍ കോഴ കേസ് അട്ടിമറിക്കുന്നതിന് വിജിലന്‍സ് ഡയറക്ടറായിരിക്കെ കൂട്ടുനിന്നെന്ന ആരോപണം നേരിട്ട ഉദ്യോഗസ്ഥനാണ് ശങ്കര്‍ റെഡ്ഡിയെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഉത്തരമേഖല എ.ഡി.ജി.പിയായിരുന്ന എന്‍. ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് എ.ഡി.ജി.പിയായി നിയമിച്ചതിലും വിജിലന്‍സ് ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കി വിജിലന്‍സ് മേധാവി ആക്കിയ സംഭവുമാകും വിജിലന്‍സ് അന്വേഷിക്കുക.

ഒന്നരമാസം മുമ്പ് പായിച്ചിറ നവാസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടെ ഉത്തരവ്. ഇയാള്‍ നേരത്തെയും ശങ്കര്‍റെഡ്ഡിക്കെതിരായി ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നു. കണ്ണൂര്‍ വിമാനത്താവളത്തിലെ മരം മുറിയുമായി ബന്ധപ്പെട്ട കേസില്‍ ഉമ്മന്‍ ചാണ്ടിക്കും ടോം ജോസിനും അനുകൂലമായ റിപ്പോര്‍ട്ട് ശങ്കര്‍റെഡ്ഡി ലോകായുക്തയില്‍ നല്‍കിയതായി ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇതിനു പ്രത്യുപകാരമായാണ് സീനിയോറിറ്റി മറികടന്ന് വിജിലന്‍സ് മേധാവിയായ നിയമിച്ചതെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം.
ഇതുമായി ബന്ധപ്പെട്ട് വിജിലന്‍സില്‍ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നതായി ശങ്കര്‍റെഡ്ഡി ആരോപണം ഉന്നയിച്ചതും അടുത്തിടെ വാര്‍ത്തയായിരുന്നു. ഈ ആരോപണം ഉന്നയിച്ച് എല്‍ഡിഎഫ് അധികാരത്തിലെത്തിയ ശേഷം വിജിലന്‍സ് ഡയറക്ടറായ ജേക്കബ് തോമസിന് റെഡ്ഡി കത്തുനല്‍കുകയും ചെയ്തിരുന്നു. പീഡനം അടക്കമുള്ള കേസുകളിലെ പ്രതിയായ പായിച്ചറ നവാസും വിജിലന്‍സിലെ ഉന്നതരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണു തനിക്കെതിരെ വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയതിനും വിജിലന്‍സ് വ്യാജ സത്യവാങ്മൂലം നല്‍കിയതിനും പിന്നിലെന്നും ശങ്കര്‍ റെഡ്ഡി കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദങ്ങളൊന്നും വിജിലന്‍സ് കോടതി പരിഗണിച്ചില്ല. പ്രഥമ ദൃഷ്ട്യാ കുറ്റമുണ്ടെന്ന് ബോധ്യപ്പെടുകയും ചെയ്തു.

സോളര്‍ കേസുമായി ബന്ധപ്പെട്ട ചില പരാതികള്‍ അന്നത്തെ വിജിലന്‍സ് ഡയറക്ടറായിരുന്ന എന്‍.ശങ്കര്‍ റെഡ്ഡി പൂഴ്ത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ വിജിലന്‍സിനോടു കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കെയായിരുന്നു റെഡ്ഡി കത്തു നല്‍കിയത്. തനിക്കെതിരെ പരാതി നല്‍കിയ പായിച്ചിറ നവാസും വിജിലന്‍സിലെ ഉന്നതരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇപ്പോഴുള്ള കേസുകള്‍ക്കു പിന്നിലെന്നാണു ശങ്കര്‍ റെഡ്ഡിയുടെ പ്രധാന ആരോപണം. ബാര്‍ കോഴക്കേസ് അട്ടിമറിച്ചുവെന്ന നവാസിന്റെ പരാതിയില്‍ തനിക്കെതിരെ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്, അതിനര്‍ഹതയില്ലാത്ത വിജിലന്‍സിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റാന്റാണ്.

അതില്‍ പറഞ്ഞിരുന്ന കാര്യങ്ങളും വാസ്തവവുമായി ബന്ധമില്ലാത്തതാണ്. സോളര്‍ കേസിലെ പരാതികള്‍ കമ്മിഷന്റെ പരിധിയിലായതിനാല്‍ വിജിലന്‍സിനു നിയമപരമായ നടപടികളുമായി മുന്നോട്ടുപോകാന്‍ കഴിയുമായിരുന്നില്ല.
ഇതാണു സോളറുമായി ബന്ധപ്പെട്ട പരാതികള്‍ പൂഴ്ത്താന്‍ ശ്രമിച്ചെന്നു വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചത്. ഇതിനെതിരെ ശക്തമായ നിയമ നടപടിയുമായി താന്‍ മുന്നോട്ടു പോകും. തനിക്കെതിരായ പരാതികളില്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമ്പോള്‍ അസത്യം നല്‍കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാന്‍ വേണ്ടിയാണ് ഈ കത്തെന്നും ശങ്കര്‍ റെഡ്ഡി വ്യക്തമാക്കിയിരുന്നു. ഇത്തരത്തില്‍ നിരവധി ആരോപണങ്ങള്‍ നേരിടുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥനായ റെഡ്ഡിക്കെതിരെ വിജിലന്‍സ് കോടതി തന്നെ അന്വേഷണത്തിന് ഉത്തരവ് നല്‍കിയിരിക്കുകയാണിപ്പോള്‍.

Top