
രണ്ടാഴ്ചയ്ക്കുള്ളിൽ ഇന്ത്യയിൽ കോവിഡ് മൂന്നാം തരംഗം മൂർദ്ധന്യത്തിലെത്തുമെന്ന് പഠനം. രാജ്യത്ത് കോവിഡ് കേസുകൾ ഇനിയും വർദ്ധിക്കുമെന്ന് മദ്രാസ് ഐ.ഐ.ടി.യുടെ പഠനം വ്യക്തമാക്കുന്നത്.
കഴിഞ്ഞ രണ്ടാഴ്ചയിലെ കോവിഡ് ആർ. മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ഐ.ഐ.ടി.യിലെ ഗണിതവകുപ്പും സെന്റർ ഓഫ് എക്സലൻസ് ഫോർ കംപ്യൂട്ടേഷണൽ മാത്തമാറ്റിക്സ് ആൻഡ് ഡേറ്റ സയൻസും നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.
ആർ.മൂല്യത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും രോഗബാധിതരുടെ എണ്ണത്തിൽ വർധനയുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്. രോഗിയുമായി സമ്പർക്കത്തിലെത്തുന്നവർ ലക്ഷണമില്ലെങ്കിൽ പരിശോധിക്കേണ്ടെന്ന ഐ.സി.എം.ആറിന്റെ പുതിയ മാർഗരേഖയാണ് രാജ്യത്ത് ആർ.മൂല്യം കുറയാൻ കാരണം.
എന്നാൽ ലക്ഷണമില്ലാത്ത രോഗികൾ പരിശോധനയോ നിരീക്ഷണമോ ഇല്ലാതെ ഇറങ്ങി നടക്കുന്നത് വ്യാപനത്തോത് വർധിപ്പിക്കും. ഇതോടെ രണ്ടാം തരംഗത്തെ അപേക്ഷിച്ച് കേസുകളിൽ ക്രമാതീതമായ വർധന ഇനിയുണ്ടാകും.
ഓരോ രോഗബാധിതരിൽനിന്നും എത്രപേർക്ക് അണുബാധ പകരുമെന്ന കണക്കാണ് ആർ. മൂല്യം. ജനുവരി 14-നും 21-നും ഇടയിൽ ആർ.മൂല്യം 1.57 രേഖപ്പെടുത്തിയിട്ടുണ്ട്.
ജനുവരി ഒന്നുമുതൽ ആറുവരെ ഇത് 4 ആയിരുന്നു. ഡിസംബർ 25 മുതൽ 31 വരെ 2.9 ആയിരുന്നു ആർ. മൂല്യം.
ആർ. മൂല്യം ഒന്നിന് മുകളിലാകുന്നത് വൈറസ് വ്യാപിക്കുന്നതിന്റെ സൂചനയാണ്.