കൊവിഡിന്റെ പേരിൽ ഹോട്ടലുകളിലെ നിയന്ത്രണം: ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ ധർണ ആഗസ്റ്റ് 16 ന്

കോട്ടയം: കൊവിഡിന്റെ പേരിൽ ഹോട്ടലുകളിൽ ഏർപ്പെടുത്തിയ അശാസ്ത്രീയ നിയന്ത്രണങ്ങൾക്ക് എതിരെ ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 16 തിങ്കളാഴ്ച രാവിലെ 10 ന് കളക്ടറേറ്റിനു മുന്നിൽ ധർണ നടത്തും. ഹോട്ടലുകളിൽ 50% സീറ്റിംഗ് അനുവദിക്കുക, അശാസ്ത്രീയമായ നിയന്ത്രണങ്ങൾ പിൻവലിക്കുക, അവശ്യവസ്തുക്കളുടെ വില നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്. രാവിലെ 10 ന് ധർണ ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീ മുഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ കെ ഫിലിപ്പ് കുട്ടി അധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി എൻ പ്രതീഷ്, ആർ.സി നായർ, ഷാഹുൽഹമീദ്, അൻസാരി, പി എസ് ശശിധരൻ എന്നിവർ നേതൃത്വം നൽകും. പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് മാത്രമായിരിക്കും സമരം എന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചു.

Top