രാജ്യമെങ്ങും പശുവിന്റെ പേരില്‍ വിവാദങ്ങളും കലങ്ങളും നടക്കുന്നതിനിടയില്‍ മനുഷ്യമുഖവുമായി പശുജനിച്ചതാണ് പുതിയ വാര്‍ത്ത. പശുവിനെ ദൈവമായി ആരാധിക്കുന്നവര്‍ക്ക് പിന്നെ മറിച്ചൊന്നും ചിന്തിക്കാനുണ്ടായില്ല. മഹാവിഷ്ണുവിന്റെ അവതാരമെന്ന് ഉറപ്പിച്ച് ആരാധനയും തുടങ്ങി. പക്ഷെ അധികനേരം ഈ ദൈവത്തിന് ആയുസുണ്ടാിയില്ല എന്നതാണ് എല്ലാവരെയും സങ്കടത്തിലാഴ്ത്തിയത്.
ഉത്തര്‍ പ്രദേശിലെ മുസഫര്‍നഗറിലെ ഗോ സംരക്ഷണ കേന്ദ്രത്തിലാണ് സംഭവം. മനുഷ്യന്റേതിന് സമാനമായ കണ്ണുകളും കാതുകളും മൂക്കുമാണ് പശുവിനുണ്ടായിരുന്നത്. മുഖം മനുഷ്യന്റേതിന് സമാനമായിരുന്നെങ്കിലും ശേഷിച്ചഭാഗങ്ങല്‍ നാല്‍ക്കാലിയുടേത് തന്നെയായിരുന്നു. പശുക്കിടാവിനെക്കണ്ടയുടന്‍ അത് ദൈവത്തിന്റെ അവതാരമാണെന്ന തരത്തില്‍ പ്രചാരണമുണ്ടായി.
ഇതോടെ, ഇവിടേക്ക് ആളുകള്‍ എത്തിത്തുടങ്ങി. എല്ലാവരും മഹാവിഷ്ണുവിന്റെ അവതാരത്തെകാണാന്‍ തിരക്കുകൂട്ടി. അതിനിടെ പശുക്കിടാവ് ചത്തു. വിശ്വാസികള്‍ക്ക് കാണാനായി കിടാവിന്റെ ജഡം ഒരു മൈബൈല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണിപ്പോള്‍. കിടാവിനെ മറവുചെയ്താലും വിഷ്ണുവിന്റെ അവതാരമായി പിറന്ന അതിനുവേണ്ടി ഇവിടെ ക്ഷേത്രം പണിയാനും വിശ്വാസികള്‍ തീരുമാനിച്ചിട്ടുണ്ട്.
ഇത്തരമൊരു അത്ഭുതജന്മത്തെക്കുറിച്ച് ഭാഗവതത്തില്‍ പറഞ്ഞിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ ഇത് നാടിന് അഭിമാനമുള്ള മുഹൂര്‍ത്തമാണെന്നും സ്ഥലത്തെ പ്രധാന വ്യവസായിയായ മുകേഷ് കത്തൂരിയ പറഞ്ഞു.
ഗോ സംരക്ഷണ കേന്ദ്രത്തില്‍ സംഭവിച്ചത് അത്ഭുതമാണെന്ന് കേന്ദ്രത്തിന്റെ മാനേജര്‍ രാജ ഭയ്യ മിശ്ര പറഞ്ഞു. മൂന്നുദിവസത്തിനുശേഷം മാത്രമേ കിടാവിനെ സംസ്‌കരിക്കൂവെന്ന് അദ്ദേഹം വ്യക്തമാക്കി. അതിനുശേഷം സ്ഥലത്ത് ക്ഷേത്രം പണിയുമെന്നും രാജ ഭയ്യ പറഞ്ഞു.