പൂനെ: കര്‍ശനമായ ഗോവധ നിരോധനം നിലവിലുള്ള മഹാരാഷ്‌ട്ര, ഹരിയാന സംസ്‌ഥാനങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്ന കന്നുകാലികളുടെ എണ്ണം പെരുകുകയാണെന്നാണ് റിപ്പോര്‍ട്ട്. പ്രായമേറിയതും ആദായമില്ലാതായതുമായ കന്നുകാലികള്‍ കര്‍ഷകര്‍ക്ക് വലിയ പ്രതിസന്ധി ആയിരിക്കുകയാണെന്ന് കര്‍ഷക പ്രശ്‌നം പഠിക്കാന്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ ഉന്നതര്‍ പറയുന്നു.ഐശ്വര്യം വരാന്‍ ജോലി ചെയ്യിക്കുന്നകാലികളെ പൂജിക്കുന്ന മഹാരാഷ്‌ട്രയിലെ പരമ്പരാഗത ഉത്സവമായ പോള ഉത്സവത്തില്‍ ഇത്തവണ കാലികളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. പഴയ കാലികളെ വിറ്റ് പുതിയ കാലികളെ വാങ്ങുകയാണ് കര്‍ഷകര്‍ സാധാരണ ചെയ്യാറുള്ളത്. എന്നാല്‍ ബീഫ് നിരോധനം മൂലം പലര്‍ക്കും പ്രായം ചെന്നതും ആദായമില്ലാത്തതുമായ കാലികളെ വില്‍ക്കാനോ ആരോഗ്യമുള്ള പുതിയവയെ വാങ്ങാനോ പല കര്‍ഷകര്‍ക്കും കഴിഞ്ഞിട്ടില്ല. ഈ സാഹചര്യമാണ് ഉത്സവത്തിന് കാലികളുടെ എണ്ണം കുറയാന്‍ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
കാലികളെ വില്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തങ്ങളുടെ കാലിവളര്‍ത്തല്‍ ഉപജീവനം കൂടുതല്‍ ദുരിതമാകുമെന്ന് കര്‍ഷകര്‍ പറയുന്നു. മൃഗങ്ങള്‍ ചത്താല്‍ തന്നെ അവയെ സംസ്‌ക്കരിക്കാന്‍ 2,500 മുതല്‍ 3000 രൂപ വരെ കര്‍ഷകര്‍ നല്‍കേണ്ടിയും വരും. വരള്‍ച്ച കൊണ്ട് മനുഷ്യര്‍ക്ക് തന്നെ വെള്ളം കിട്ടുന്നില്ല. അപ്പോള്‍ പിന്നെ കാലികള്‍ക്ക് എങ്ങിനെ വെള്ളം നല്‍കുമെന്നും ഇവര്‍ ചോദിക്കുന്നു. അതേസമയം മഹാരാഷ്‌ട്രയില്‍ മാത്രമല്ല യുപിയിലും ഈ സ്‌ഥിതിയുണ്ട്. കൃഷിപരാജയത്തെ തുടര്‍ന്ന് പ്രതിസന്ധി നേരിടുന്ന യുപിയിലെ ബുന്ദേല്‍ഖണ്ഡില്‍ ഒരിക്കല്‍ ഇല്ലാതായ ‘അന്നപ്രത’ ആചാരം തിരിച്ചു കൊണ്ടുവരാന്‍ നിര്‍ബ്ബന്ധിതം ആയിരിക്കുകയാണ്.
ഒരു പ്രത്യേക ചടങ്ങിന്റെ ഭാഗമായി കര്‍ഷകര്‍ കന്നുകാലികളെ സംസ്‌ഥാന അതിര്‍ത്തിയില്‍ കൊണ്ടുവന്ന് ഉപേക്ഷിക്കുന്ന ചടങ്ങ് സര്‍ക്കാരിന്റെയും വിഎച്ച്‌പി പോലെയുള്ള സംഘടനകളുടേയും ഇടപെടലിനെ തുടര്‍ന്ന് തടയിട്ടിരുന്നു.
പ്രായമായ കന്നുകാലികളെ വില്‍ക്കാന്‍ കഴിയാത്തതിനാല്‍ പല കര്‍ഷകര്‍ക്കും കന്നുകാലികളുടെ ആധിക്യം പെരുകുകയും അവയെ സംരക്ഷിക്കാന്‍ കഴിയാത്ത സ്‌ഥിതിയുമുണ്ട്. ഇത് പലപ്പോഴും അധിക ബാധ്യതയാണെന്നും സംസ്‌ഥാന സര്‍ക്കാരില്‍ നിന്നും സഹായം വേണ്ടതുണ്ടെന്നും ഇവര്‍ പറയുന്നു. കന്നുകാലി സംരക്ഷണത്തിന് ദിനംപ്രതി 100 രൂപ വീതം അധികം വേണമെന്നാണ് ഇവര്‍ പറയുന്നത്.