
ഉത്തരാഖണ്ഡിലെ ബിജെപി സർക്കാർ പശു സംരക്ഷണത്തിന് പ്രത്യേക പോലീസ് സംഘത്തെ രൂപീകരിക്കുന്നു. മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്താണ് പശു സംരക്ഷണത്തിന് പോലീസുകാരെ നിയോഗിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചത്. കുമാവ്, ഗാർവാൾ ഡിവിഷനുകളിലാണ് പ്രത്യേക പോലീസ് സംഘത്തെ നിയോഗിക്കുന്നത്. സംഘത്തിൽ 11 പോലീസുകാരെയാണ് നിയമിക്കുന്നത്. ഹരിദ്വാറിലെ കത്താര്‍പൂര്‍ ഗ്രാമം പശു തീര്‍ത്ഥാടന കേന്ദ്രമായി വികസിപ്പിക്കണമെന്ന് നേരത്തെ ആർഎസ്എസ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ആർഎസ്എസ് നേതാക്കൾ റാവത്തിനെ സന്ദർശിക്കുകയും ചെയ്തു. പശുവിനെ കൊല്ലുന്നതിനെതിരെ സമരം ചെയ്ത് ജീവന് വെടിഞ്ഞ ഹിന്ദുക്കളുടെ നാടാണിതെന്നും ഇവരുടെ സ്മരണയ്ക്കായി പശു തീർഥാടന കേന്ദ്രം സ്ഥാപിക്കണമെന്നുമാണ് ആര്‍എസ്എസ് ആവശ്യം. ഉത്തരാഖണ്ഡ് തലസ്ഥാനമായ ഡെറാഡൂണില്‍ നിന്നും 70 കിലോമീറ്റര്‍ അകലെയാണ് കത്തര്‍പൂര്‍ ഗ്രാമം. ഇവിടെ പശു സംരക്ഷണ സ്മാരകം നിലവിലുണ്ട്. 1918-ല്‍ നടന്ന സമരത്തിന്റെ ഓര്‍മ്മയില്‍ വര്‍ഷംതോറും ഇവിടെ പരിപാടികള്‍ നടന്നു വരുന്നു. സമരത്തില്‍ കൊല്ലപ്പെട്ടവരെ സ്വാതന്ത്ര്യ സമര പോരാളികളായി പ്രഖ്യാപിക്കണമെന്നും ആര്‍എസ്എസ് ആവശ്യപ്പെട്ടിരുന്നു.