തിരു:ഗോസംരക്ഷകരെന്ന പേരില്‍ ആളുകളെ തല്ലിക്കൊല്ലുന്ന തിനെതിരെ നടപടി എടുക്കാതെ അതിനെ അപലപിക്കുന്ന പ്രധാനമന്ത്രിയുടെ നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ് കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസ്സന്‍ പറഞ്ഞു.ജനങ്ങള്‍ക്കു വേണ്ടത് വാചാടോപമല്ല മറിച്ച് ശക്തമായ നടപടിയാണ്. മഹാത്മാഗാന്ധി സ്ഥാപിച്ച സബര്‍മതി ആശ്രമത്തില്‍ നടന്ന ചടങ്ങില്‍ പ്രസംഗിച്ച പ്രധാനമന്ത്രി ഗോസംരക്ഷകരുടെ അക്രമങ്ങള്‍ ഗാന്ധിജിയുടെ തത്വങ്ങള്‍ക്കു വിരുദ്ധമാണെന്ന് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഗോസംരക്ഷകര്‍ ജാര്‍ഖണ്ഡില്‍ പശുവിറച്ചി വാഹനത്തില്‍ കടത്തുന്നുവെന്നാരോപിച്ച് അന്‍സാരിയെ അടിച്ചു കൊന്നത്.
ബി.ജെ.പി. സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇത്തരം നിരവധി സംഭവങ്ങള്‍ രാജ്യത്തുണ്ടായി. ഈ മാസം 22-ന് ഡല്‍ഹി-മധുര പാസഞ്ചര്‍ ട്രെയിനില്‍ സഞ്ചരിച്ച ജുനൈദ് ഖാനെ ഇറച്ചി കഴിക്കുന്നവനെന്ന് മുദ്രകുത്തി സഹയാത്രികര്‍ കൊലപ്പെടുത്തി. ഗോസംരക്ഷകര്‍ ആളുകളെ കൊല്ലുമ്പോള്‍ അതിനെതിരേ ശക്തമായ നടപടി സ്വീകരിക്കാതെ തന്ത്രപരമായ നിശബ്ദത പാലിച്ച പ്രധാനമന്ത്രിയുടെ ഈ പ്രസംഗം ആത്മാര്‍ത്ഥതയില്ലാത്തതും, വെറും അഭിനയവുമാണ് പറയാനാകൂ.
രാജ്യത്തിന്റെ ബഹുസ്വരതയെയും, മതേതരത്വത്തെയും തകര്‍ക്കുന്ന അക്രമങ്ങളെ അമര്‍ച്ച ചെയ്യുന്ന ഒരു പ്രധാനമന്ത്രിയ്ക്കു മാത്രമേ ഗോസംരക്ഷകരുടെ അക്രമങ്ങള്‍ ഗാന്ധിയന്‍ തത്വങ്ങള്‍ക്കു വിരുദ്ധമാണെന്ന് പറയാനുള്ള അര്‍ഹതയുള്ളുവെന്ന് എം.എം. ഹസ്സന്‍ പറഞ്ഞു.